മോഷണക്കേസ് പ്രതി അബ്ദുൽ ലത്തീഫിനെ കൂടരഞ്ഞിയിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ
തിരുവമ്പാടി : മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇരുപതിലധികം കേസുകളിൽ പ്രതിയായ മോഷ്ടാവിനെ തിരുവമ്പാടി പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നു. കൂടരഞ്ഞി പട്ടോത്ത് താന്നിക്കൽ അബ്ദുൽ കരീമിന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് പ്രതി മലപ്പുറം മഞ്ചേരി മക്കരപ്പറമ്പ് പുളിയമടത്തിൽ അബ്ദുൽ ലത്തീഫിനെ (30) തെളിവെടുപ്പിനായെത്തിച്ചത്. വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തുന്ന സംഘത്തിൽപ്പെട്ട ഇയാൾ ഉൾപ്പെടുന്ന മൂന്നംഗസംഘം കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് ഇവിടെ മോഷണം നടത്തിയത്.
വീട്ടുകാർ ആശുപത്രിയിൽപ്പോയ സമയത്തായിരുന്നു മോഷണം. രണ്ടരപ്പവൻ സ്വർണവും ഏഴായിരം രൂപയുമായിരുന്നു നഷ്ടപ്പെട്ടത്. പ്രദേശത്തെ സി.സി.ടി.വി. ഉൾപ്പെടെ പരിശോധിച്ച് തിരുവമ്പാടി പോലീസ് നടത്തിയ അന്വേഷണത്തിൽ കാറിലാണ് മോഷ്ടാക്കൾ എത്തിയതെന്ന് മനസ്സിലാക്കി.
പ്രതിയെ പിടികൂടാനുള്ള ഒരുക്കത്തിലാണ് മറ്റൊരു കേസിൽ കഴിഞ്ഞയാഴ്ച ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്യുന്നത്. പൊന്നാനി കോടതി റിമാൻഡ് ചെയ്ത പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കായാണ് തിരുവമ്പാടി പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. സംഘത്തിലുൾപ്പെട്ട മറ്റു രണ്ടുപേരെക്കുറിച്ച് സൂചന ലഭിച്ചതായി തിരുവമ്പാടി പോലീസ് അറിയിച്ചു.
എസ്.ഐ. ഇ.കെ. രമ്യ, എ.എസ്.ഐ. എം. ജയന്ത്, സീനീയർ സി.പി.ഒ. വി.കെ. വിനോദ്, മുനീർ, എൻ.എം. രതീഷ്, ഷംസുദ്ധീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ തെളിവെടുപ്പ് നടത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..