കോരപ്പുഴ പാലത്തിന് പടിഞ്ഞാറ് കൈപ്പുഴവരെയുള്ള ഭാഗം. ഇതുവഴിയാണ് പുഴയോരപാത നിർമിക്കേണ്ടത്
എലത്തൂർ : കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പ്രവൃത്തിയുടെ അനിശ്ചിതത്വം പരിഹരിക്കാൻ ജില്ലാ ഭരണകൂടം ഇടപെടണം. പുഴയിൽനിന്ന് നീക്കുന്ന ചെളിയും മണലും സൂക്ഷിക്കാൻ പുഴപുറമ്പോക്കിൽ ചാക്ക് ബണ്ട് കെട്ടുന്നതിനുള്ള നിയമതടസ്സം മറികടക്കാൻ ബദൽമാർഗം പരിഗണിക്കണമെന്നാണ് ആവശ്യം.
മണ്ണ് ബണ്ടുകെട്ടി മണലും ചെളിയും സൂക്ഷിക്കുകയും അതത് ദിവസങ്ങളിൽത്തന്നെ പുഴയോരപാതയിലേക്കു മാറ്റുകയും ചെയ്താൽ പ്രവൃത്തി വേഗത്തിലാവും. കോരപ്പുഴ കാവിൽകോട്ട ഭഗവതിക്ഷേത്ര പരിസരത്തുനിന്ന് തുടങ്ങി തീവണ്ടിപ്പാലത്തിനടിയിലൂടെ പുഴയോരത്ത് വശങ്ങളിൽ മണ്ണിട്ട് പടിഞ്ഞാറ് ഭാഗം കൈപ്പുഴവരെയാണ് പാത നിർമിക്കേണ്ടത്. പാതയുടെ അരികുവശം കരിങ്കൽഭിത്തി കെട്ടി സംരക്ഷിക്കേണ്ടിവരും.
ബൈപ്പാസിൽനിന്ന് കാവിൽക്കോട്ട ക്ഷേത്രംവരെ റോഡുണ്ട്. പാത യാഥാർഥ്യമായാൽ പുഴയോടുചേർന്ന 900-ലേറെ മീറ്റർ കര സംരക്ഷിക്കാനുമാവും. കോരപ്പുഴയിലെ ടൂറിസംസാധ്യതകളും വർധിക്കും.
പുഴപുറമ്പോക്കിൽ ചാക്ക് ബണ്ടുകെട്ടി മണൽ സൂക്ഷിക്കണമെന്നായിരുന്നു കരാർ. തീരദേശ പരിപാലന നിയമം നിലവിലുള്ളതിനാൽ പുറത്തുനിന്നുള്ള വസ്തുക്കളുപയോഗിച്ച് ബണ്ട് കെട്ടാൻ കഴിയില്ല.
ബണ്ട് കെട്ടാതെ പ്രവൃത്തി നടത്തരുതെന്നാണ് ജലവിഭവവകുപ്പ് ഉത്തരവിട്ടത്. ഇതോടെ, പദ്ധതി തടസ്സപ്പെട്ടു. റെയിൽവേപ്പാലംമുതൽ അഴിമുഖംവരെ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കി പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കാനുള്ള പ്രവൃത്തിയാണിത്.
തുടക്കംമുതൽ ഉടക്ക്
ഡിസംബറിൽ ഭരണാനുമതി ലഭിച്ചെങ്കിലും 2019 നവംബറിലാണ് പദ്ധതിയുടെ ആദ്യ ടെൻഡർ പൂർത്തിയായത്. തുടക്കംമുതൽ പദ്ധതി തടസ്സപ്പെടുകയായിരുന്നു.
മണൽ സൂക്ഷിക്കാൻ കണ്ടെത്തിയ സ്ഥലം സംബന്ധിച്ച് വ്യക്തതവരുത്താൻ ആവശ്യപ്പെട്ട് ആദ്യ കരാർക്കമ്പനി ജലസേചനവകുപ്പിനെതിരേ മൂന്നുതവണ ഹൈക്കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. ഇതോടെ, പദ്ധതി നിയമക്കുരുക്കിൽപ്പെട്ടു.
കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയശേഷം ഏതാനും മാസങ്ങൾക്കുമുമ്പ് പുതിയ കരാർ നൽകിയെങ്കിലും സമാനമായ അവസ്ഥയാണ്. കരാർ കമ്പനിയുടെ ഹർജിയിൽ ഹൈക്കോടതി തീരദേശ പരിപാലന അതോറിറ്റിയെ കക്ഷി ചേർത്തതിനാൽ നിയമപ്രശ്നം ഇപ്പോഴും നിലനിൽക്കുകയാണ്.
മണൽ സൂക്ഷിക്കാൻ കണ്ടെത്തിയ ഭൂമിയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് തീരദേശ പരിപാലന അതോറിറ്റി നേരത്തേ ഒരുതവണ ജലവിഭവ വകുപ്പിന് കത്തയച്ചിരുന്നു. 3.75 കോടിയുടെ പദ്ധതിയാണിത്.
അടിയന്തരയോഗം വിളിക്കണം
പദ്ധതി യാഥാർഥ്യമാക്കാൻ ബന്ധപ്പെട്ടവർ ഇടപെടണമെന്ന് കോരപ്പുഴ സംരക്ഷണസമിതി.
ഇത് സംബന്ധിച്ച് നിലനിൽക്കുന്ന നിയമ, സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരയോഗം വിളിക്കണമെന്ന് സമിതി കൺവീനർ കെ.പി. അനിൽ കുമാർ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..