പ്രതീകാത്മക ചിത്രം
കോഴിക്കോട്: “ആശ്വസിപ്പിക്കാനെന്ന മട്ടിലാണ് അവരോരോരുത്തരായി വാർഡിലേക്ക് വന്നത്. ആശുപത്രി ജീവനക്കാരികളാണവർ. ആശ്വാസമുണ്ടായില്ലെന്നു മാത്രമല്ല, വളരെമോശമായി പെരുമാറുകയും ചെയ്തു. ശശീന്ദ്രനെതിരേയുള്ള പരാതി പിൻവലിച്ചാൽ നഷ്ടപരിഹാരം വാങ്ങിത്തരാമെന്നും ആശുപത്രിച്ചെലവ് വഹിക്കാമെന്നുമൊക്കെയാണ് പ്രതിയുടെ സഹപ്രവർത്തകർ പറഞ്ഞത്. ഞാൻ മാനസികരോഗിയാണെന്നും അവർ കുറ്റപ്പെടുത്തി”-കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.സി.യു.വിൽ ലൈംഗികാതിക്രമം നേരിട്ട യുവതിയുടെ വാക്കുകൾ. ശരീരത്തിനും മനസ്സിനും മുറിവേറ്റിരിക്കുന്ന സ്ത്രീയോട് സ്ത്രീകൾതന്നെ മനസ്സാക്ഷിയില്ലാതെ പെരുമാറിയതിന്റെ ഞെട്ടിക്കുന്ന അനുഭവവിവരണം.
‘‘അറ്റൻഡന്റ് തസ്തികയിലുള്ള പതിനഞ്ചോളം സ്ത്രീകളാണ് അടുത്തുവന്ന് സംസാരിച്ചത്. ഭർത്താവൊക്കെയുള്ള സ്ത്രീയല്ലേ, ഇങ്ങനെയൊക്കെ ചെയ്തതിൽ എന്താണ്, കുഴപ്പമൊന്നുമില്ലല്ലോ എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. വളരെ മോശമായ രീതിയിലായിരുന്നു സംസാരം. ഇങ്ങനെയുള്ള സമയത്ത് എന്റെകൂടെ നിൽക്കേണ്ടവരാണ് എതിരായി സംസാരിച്ചത്. എന്നാൽ, നഴ്‌സുമാരും ഡോക്ടർമാരും നല്ല സഹകരണമാണ് നൽകിയത്.
സംഭവംനടക്കുമ്പോൾ ബോധമുണ്ടായിരുന്നു. എങ്കിലും അനസ്തേഷ്യയുടെ ക്ഷീണത്തിൽ ശരീരം ചലിപ്പിക്കാനോ ശബ്ദം ഉയർത്താനോ കഴിയാത്ത നിലയിലായിരുന്നു. ഐ.സി.യു.വിൽ ഗുരുതരാവസ്ഥയിലുള്ള രോഗിയെ പരിശോധിക്കാൻ നഴ്‌സുമാരും മറ്റും മാറിയ സമയത്താണ് സംഭവം. ബോധമുള്ളതിനാൽ അയാളെ തിരിച്ചറിയാനായി. ചന്ദനക്കുറി തൊട്ടയാളാണ്. രണ്ടുമൂന്നു തവണ വേറെ രോഗികളുമായി അയാൾ ഐ.സി.യു.വിൽ വന്നിരുന്നു. ആ സമയത്തൊക്കെ കൈപിടിക്കുകയും ചെയ്തു. ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് ഉപദ്രവിച്ചത്. അയാൾ വീണ്ടും വരുമെന്ന് പേടിച്ച് നഴ്‌സിനോട് ആംഗ്യഭാഷയിൽ വിവരം അറിയിച്ചു.
പരാതി പിൻവലിച്ചാൽ നഷ്ടപരിഹാരം വാങ്ങിത്തരാമെന്ന് സ്ത്രീജീവനക്കാർ ഭർത്താവിനോടും പറഞ്ഞിരുന്നു. നിങ്ങളാണെങ്കിൽ എന്തുചെയ്യുമെന്ന് ഭർത്താവ് തിരിച്ചുചോദിച്ചു. തുടർന്നാണ് ഞാനും ഭർത്താവും ഇവർക്കെതിരേ സൂപ്രണ്ടിന് പരാതി നൽകിയത്”-യുവതി പറഞ്ഞു.
മാനസികരോഗിയാക്കാൻ ശ്രമം
പ്രശ്‌നം പരിഹരിക്കാൻ എന്തുവേണമെങ്കിലും ചെയ്യാമെന്ന് ഓരോരുത്തരായെത്തി വാഗ്ദാനം ചെയ്യുകയാണ്. സമ്മർദത്തിന് വഴങ്ങാതായതോടെ, ഭാര്യക്ക് മാനസികരോഗമാണെന്നു പറഞ്ഞുപരത്തുകയാണിവർ- യുവതിയുടെ ഭർത്താവ് പറഞ്ഞു.
ചൊവ്വാഴ്ചയോടെ യുവതിയെ വാർഡിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് അറ്റൻഡന്റ് എം.എം. ശശീന്ദ്രന്റെ സഹപ്രവർത്തകരായ ജീവനക്കാരികൾ വാർഡിലെത്തി പ്രതിക്കുവേണ്ടി ഇടപെട്ടത്. വാർഡിൽ പ്രത്യേക സൗകര്യവും സുരക്ഷാജീവനക്കാരിയുമുണ്ട്. എങ്കിലും ആശുപത്രിയിലെതന്നെ ജീവനക്കാരികളായതിനാൽ സ്വാധീനിക്കാനെത്തുന്നവരെ ആരും തടയുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..