കക്കട്ടിൽ : വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂൾ സൊസൈറ്റി ഭരണസമിതിയിലേക്ക് കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് മത്സരിക്കുന്നത് പരിഹരിക്കാൻ ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾ ഇടപെട്ടില്ല. ഞായറാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാൻ വീറുംവാശിയുമുള്ള പ്രവർത്തനങ്ങളുമായി ഇരുപക്ഷവും ശക്തമായി മുന്നോട്ടുപോവുകയാണ്.
മത്സരിക്കാനുള്ള സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ലെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു. കെ.പി.സി.സി. അംഗം മുതൽ ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾവരെയുള്ളവർ ചേരിതിരിഞ്ഞ് മത്സരിക്കുമ്പോൾ ആരെയും പിണക്കാതെയും പിന്തുണയ്ക്കാതെയും മാറിനിൽക്കുകയാണ് പാർട്ടിനേതൃത്വം. കോൺഗ്രസിലെ ഭിന്നത മുതലെടുത്ത് ഡയറക്ടർബോർഡിൽ എത്താനുള്ള തന്ത്രങ്ങളുമായി ബി.ജെ.പി. നേതാവ് എം. പി. രാജനും രംഗത്തുണ്ട്.
പരാതി നൽകി
കുറ്റ്യാടി : വട്ടോളി നാഷണൽ ഹയർസെക്കഡറി സ്കൂൾ സൊസൈറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപകീർത്തികരമായ രീതിയിലുള്ള വ്യാജ പോസ്റ്റർ പ്രചാരണത്തിനെതിരേ പോലീസിൽ പരാതി നൽകി. സ്കൂൾ മാനേജരും കെ.പി.സി.സി. അംഗവുമായ വി.എം. ചന്ദ്രനാണ് എസ്.പി, ഡിവൈ.എസ്.പി. എന്നിവർക്ക് പരാതി നൽകിയത്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള സൊസൈറ്റിയെയും ഭാരവാഹികളെയും പൊതുസമൂഹത്തിൽ അപഹാസ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരുവ്യക്തിയാണ് പോസ്റ്റർ പ്രചരിപ്പിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്.
വട്ടോളി ഹയർ സെക്കൻഡറി സ്കൂൾ സൊസൈറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വി.എം. ചന്ദ്രനെ അധിക്ഷേപിച്ച് പ്രചരിപ്പിക്കുന്ന നോട്ടീസുകൾക്കുനേരെ കോൺഗ്രസ് പ്രതിഷേധിച്ചു. നോട്ടീസ് ഉടൻ പിൻവലിക്കണമെന്ന് കോൺഗ്രസ് ഭാരവാഹികളായ ജമാൽ മൊകേരി, ഏലിയാറ ആനന്ദൻ, കെ.കെ.രാജൻ, ശ്രീജേഷ് ഊരത്ത്, പി.കെ.സുരേഷ്, ഒ.പി.മനോജ്, കെ.സി.ബാബു, കെ.പി.അബ്ദുൾ റസാഖ്, കെ. സജീവൻ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..