ഉത്തരവിറക്കി ദേശീയ കമ്പനി ലോ ട്രിബ്യൂണൽ
ബേപ്പൂർ : സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയും കേരളത്തിന്റെ സ്റ്റീൽ കോംപ്ലക്സും സംയുക്തസംരംഭമായി തുടങ്ങി ഒടുവിൽ പ്രവർത്തനം നിലച്ച ചെറുവണ്ണൂരിലെ സെയിൽ എസ്.സി.എൽ. കമ്പനി ഇനി റിസീവർഭരണത്തിലേക്ക്. 108 കോടിയിൽപ്പരം രൂപ കടബാധ്യതയുള്ള കമ്പനിയിൽനിന്ന് തുകയീടാക്കാൻവേണ്ടി കനറാബാങ്ക് ദേശീയ കമ്പനി ലോ ട്രിബ്യൂണലിൽ നൽകിയ കേസിലാണ് അനീഷ് അഗർവാളിനെ റിസീവറാക്കി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കനറാബാങ്കിൽനിന്ന് വായ്പയെടുത്ത 45 കോടിയുൾപ്പെടെ പലിശയടക്കം മൊത്തം 108 കോടി രൂപ ബാങ്കിന് തിരികെ ലഭിക്കാൻവേണ്ടി കമ്പനിയുടെ ആസ്തിയിൽനിന്നോ മറ്റേതെങ്കിലും വഴിയോ ഈടാക്കുന്നതിനുവേണ്ടിയാണ് ട്രിബ്യൂണൽ കമ്പനിയെ റിസീവർഭരണത്തിലാക്കിയത്.
നേരത്തേ, വ്യവസായമന്ത്രിയുടെ സാന്നിധ്യത്തിൽ സ്റ്റീൽകോംപ്ലക്സ് പ്രതിസന്ധി തരണംചെയ്യാൻ പലതവണ ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും കനറാബാങ്കിലേക്ക് അടയ്ക്കാൻ ബാക്കിയായ കോടികൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ കഴിഞ്ഞിരുന്നില്ല.
സർക്കാർ പുനരുദ്ധാരണപാക്കേജ് നൽകിയിരുന്നുവെങ്കിൽ റിസീവർഭരണം ഒഴിവാക്കി കമ്പനിയെ സംരക്ഷിക്കാമായിരുന്നെന്ന് സ്റ്റീൽ കോംപ്ലക്സ് എംപ്ലോയീസ് ഏകോപനസമിതി കൺവീനർ കെ. ഷാജി പറഞ്ഞു. വിഷയത്തിൽ മന്ത്രിയും സ്ഥലം എം.എൽ.എ.യുമായ പി.എ. മുഹമ്മദ് റിയാസ് ഇടപെട്ടിരുന്നെങ്കിൽ പ്രതിസന്ധി തരണംചെയ്യാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..