Caption
രാമനാട്ടുകര : ബേപ്പൂർ നിയോജകമണ്ഡലത്തിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി വിദ്യാലയങ്ങളും സ്ത്രീസൗഹൃദമാക്കുന്നു. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ബേപ്പൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന ‘ഇടം’ പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ വിശ്രമസൗകര്യവും വൃത്തിയുള്ള മൂത്രപ്പുരയും നിർമിക്കും. മണ്ഡലത്തിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ‘ഇടം’.
പെൺകുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനവും മാനസികോല്ലാസവും ലക്ഷ്യമിട്ടാണ് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ വിശ്രമകേന്ദ്രം ഒരുക്കുന്നത്. ഇതിനായി സംസ്ഥാന കൺസ്ട്രക്‌ഷൻ കോർപ്പറേഷന്റെ രണ്ട് സാമ്പത്തികവർഷത്തെ ലാഭത്തിനനുസൃതമായി 88 ലക്ഷം രൂപ സി.എസ്.ആർ. തുകയ്ക്കുള്ള ഒൻപത് പ്രവൃത്തികൾ ഏറ്റെടുത്തുനടത്തുന്നതിന് ഉത്തരവായി.
തിരഞ്ഞെടുത്ത ഇടങ്ങൾ
ബേപ്പൂർ : നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുത്ത സ്കൂളുകൾ- ബേപ്പൂർ ജി.എച്ച്.എസ്.എസ്, ചാലിയം ഉമ്പിച്ചി ഹാജി ഹയർസെക്കൻഡറി സ്കൂൾ, രാമനാട്ടുകര സേവാമന്ദിർ പോസ്റ്റ് ബേസിക് ഹയർസെക്കൻഡറി സ്കൂൾ, ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, ഫറോക്ക് ഹയർസെക്കൻഡറി സ്കൂൾ, കാലിക്കറ്റ് ഹയർസെക്കൻഡറി സ്കൂൾ ഫോർ ഹാൻഡിക്യാപ്ഡ് കൊളത്തറ, ഫറോക്ക് മുനിസിപ്പാലിറ്റി ബസ്‌സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് സ്ത്രീസൗഹൃദ വിശ്രമസൗകര്യവും വൃത്തിയുള്ള മൂത്രപ്പുരയും നിർമിക്കുന്നതിന് ഉത്തരവായത്. മികച്ച ശൗചാലയ സൗകര്യത്തിനൊപ്പം, കിടക്കകളോടു കൂടിയ കട്ടിൽ, കസേരകൾ, നാപ്കിൻ വെൻഡിങ് യന്ത്രം, വാട്ടർപ്യൂരിഫയർ തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ടായിരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..