കാടുമൂടിക്കിടക്കുന്ന കാർഷിക ഉപകേന്ദ്രം
കൊടിയത്തൂർ : തോട്ടുമുക്കം കുടിയേറ്റഗ്രാമം അനുഭവിച്ചുവരുന്ന അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിന് പരിഹാരമാവുന്നു. അടിസ്ഥാനസൗകര്യങ്ങൾ ഉടൻ ലഭ്യമാക്കാൻ കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് ഈ വർഷത്തെ ബജറ്റിൽ തുക വകയിരുത്തി പ്രത്യേകപരിഗണന നൽകിയതോടെയാണ് തോട്ടുമുക്കത്തെ അടിസ്ഥാനസൗകര്യപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നത്. ഗവ. ആശുപത്രി, ആരോഗ്യ ഉപകേന്ദ്രം, കാർഷിക ഉപകേന്ദ്രം, സ്പോർട്സ് അക്കാദമി, വന്യമൃഗശല്യം തടയാൻ സൗരോർജവേലി തുടങ്ങിയ പദ്ധതികളാണ് ബജറ്റിൽ അനുവദിച്ചിട്ടുള്ളത്.
ആശുപത്രിക്ക് 50 ലക്ഷം
തോട്ടുമുക്കത്ത് ആശുപത്രി നിർമിക്കാൻ 50 ലക്ഷം രൂപയാണ് വകയിരുത്തിയത്. ജില്ലാ മിനറൽ ഫൗണ്ടേഷൻ, നാഷണൽ ഹെൽത്ത് മിഷൻ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതുകൂടാതെ അടുത്ത ഉൾനാടായ പുതിയനിടത്ത് അഞ്ചുലക്ഷം രൂപ ചെലവിൽ ആരോഗ്യ ഉപകേന്ദ്രവും നിർമിക്കും.
കാർഷിക ഉപകേന്ദ്രം
പഞ്ചായത്തിലെ കൃഷിഭവൻ പന്നിക്കോട്ടാണ്. തോട്ടുമുക്കത്തുകാർക്ക് ഇവിടെയെത്താൻ മൂന്നും നാലും ബസുകൾ മാറിക്കയറണം. കൃഷിഭവനിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കാൾ ചെലവ് വരും അത് പോയി വാങ്ങാൻ. ഈ പ്രശ്നം പരിഹരിക്കാൻ മൂന്നുപതിറ്റാണ്ട് മുൻപ് തോട്ടുമുക്കത്ത് ഒരു കൃഷി സബ്സെന്റർ തുറന്നിരുന്നു. ആകെ പ്രവർത്തിച്ചത് മൂന്നുവർഷത്തോളം. കെട്ടിടവും കുഴൽക്കിണറും പൂർണമായും നശിച്ചു. 10 സെന്റ് സ്ഥലവും കെട്ടിടവും കാടുമൂടിക്കിടക്കുന്നു. ഈ കെട്ടിടം മാറ്റിപ്പണിതാണ് പഞ്ചായത്ത് പുതിയ കൃഷി സബ്സെന്റർ സ്ഥാപിക്കുന്നത്.
സൗരോർജവേലി
എന്ത് കൃഷിചെയ്താലും നഷ്ടം. ഉണ്ടാക്കുന്നവയൊക്കെ കാട്ടുപന്നിയും കാട്ടാനയും നശിപ്പിക്കുന്നുവെന്നത് അതിലേറെ കഷ്ടം. ഈ സാഹചര്യത്തിലാണ് തോട്ടുമുക്കം പ്രദേശത്തിന്റെ വനാതിർത്തിയിൽ വന്യമൃഗശല്യം തടയാൻ സൗരോർജവേലി സ്ഥാപിക്കുന്നത്. എട്ടുലക്ഷം രൂപയാണ് അനുവദിച്ചത്.
സ്പോർട്സ് അക്കാദമി
മികച്ച കായികപ്രതിഭകൾ ഉണ്ടാവാറുള്ള നാട്ടിൽ കായികപരിശീലനസൗകര്യമില്ല. കിലോമീറ്ററുകൾ യാത്രചെയ്ത് പുല്ലൂരാംപാറയിലും മറ്റും എത്തണം.
ഇത് പരിഹരിക്കാനാണ് സ്പോർട്സ് അക്കാദമി സ്ഥാപിക്കുന്നത്. കൂടാതെ ജി.യു.പി. സ്കൂളിന് ഗെയിറ്റ്, പ്രദേശത്തെ തോടുകളുടെയും റോഡുകളുടെയും സംരക്ഷണം തുടങ്ങിയ സഹായങ്ങളും ബജറ്റിലൂടെ ലഭിക്കും.
അവഗണനമാത്രം
കൊടിയത്തൂർ, കാരശ്ശേരി, ഊർങ്ങാട്ടിരി, കീഴുപറമ്പ് പഞ്ചായത്തുകളിലെ എട്ടായിരത്തോളം ജനങ്ങൾ വസിക്കുന്ന മലപ്പുറം, കോഴിക്കോട് അതിർത്തിപ്രദേശമാണ് തോട്ടുമുക്കം. 200-ഓളം പട്ടികജാതി-വർഗ കുടുംബങ്ങളുണ്ട്. ആറ് സ്കൂളുകളുണ്ട്. ഒമ്പത് ക്രഷറുകളും ക്വാറികളുമുള്ള നാട്. ചുറ്റിലും മലനിരകളും വനവും. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കാട്ടാന, കാട്ടുപന്നി ഭീഷണിയുള്ള നാട്. മൂന്നുവർഷം മുമ്പ് ഒരാളെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. കാട്ടുപന്നി ആക്രമണം പതിവ്.
ഏതുസമയവും ദുരന്തസാധ്യതയുള്ള ഈ നാട്ടുകാർക്ക് ആശുപത്രിയിലെത്തേണ്ടിവന്നാൽ എട്ടും പത്തും കിലോമീറ്ററുകൾ യാത്രചെയ്യണം. ദൂരത്തേക്കാൾ ഇവരെ വലയ്ക്കുന്ന പ്രശ്നം ഗതാഗതസൗകര്യമില്ലെന്നതാണ്. ബസ് സൗകര്യം പോലും വളരെക്കുറവാണ്.
അത്യാവശ്യത്തിനുപോലും ഓട്ടോറിക്ഷയും ജീപ്പുമൊക്കെ വിളിക്കാൻ ശേഷിയില്ലാത്ത പാവപ്പെട്ടവരാണ് ബഹുഭൂരിപക്ഷവും.
അടിസ്ഥാനസൗകര്യങ്ങൾ അനിവാര്യം
ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ് തോട്ടുമുക്കം. ഇവിടത്തെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം പരമാവധി പരിഹരിക്കാനാണ് ശ്രമിക്കുന്നത്.
ഷംലൂലത്ത്
പ്രസിഡന്റ്, കൊടിയത്തൂർ പഞ്ചായത്ത്.സന്തുലിത പുരോഗതി വേണം
പഞ്ചായത്തിലെ എല്ലാഭാഗത്തും വികസനത്തിന്റെ ഗുണം ലഭിക്കണം. തോട്ടുമുക്കത്തിന്റെ പിന്നാക്കമായ അടിസ്ഥാന ആവശ്യങ്ങളുൾപ്പെടെയാണ് പരിഹരിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്.
ഷിഹാബ് മാട്ടുമുറി
വൈസ് പ്രസിഡന്റ്, കൊടിയത്തൂർ പഞ്ചായത്ത്.
വർഷങ്ങൾനീണ്ട ദുരിതം
കാർഷികമേഖലയായ തോട്ടുമുക്കത്ത് പണ്ടുമുതലേ നിലനിൽക്കുന്ന അസൗകര്യങ്ങൾക്ക് പരിഹാരമാകുമെങ്കിൽ ജനങ്ങൾക്ക് ലഭിക്കുന്ന ആശ്വാസം വിവരണാതീതമാണ്.
ജിബിൻ പോൾ
നാട്ടുകാരൻ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..