പച്ചത്തേങ്ങ വില ഉയരുന്നില്ല


1 min read
Read later
Print
Share

Caption

കൊയിലാണ്ടി : നാളികേരക്കർഷകരുടെ നടുവൊടിച്ച് പച്ചത്തേങ്ങവില വീണ്ടും താഴുന്നു. കഴിഞ്ഞയാഴ്ചവരെ ഒരുകിലോ പച്ചത്തേങ്ങയ്ക്ക് 27 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് കഴിഞ്ഞദിവസമത് 26 രൂപയായി കുറഞ്ഞു. തേങ്ങവില വീണ്ടും താഴാനുള്ള സാധ്യതയാണ് നാളികേരക്കർഷകർ പങ്കുവെക്കുന്നത്. നാളികേരത്തിന്റെ വില കുറയുന്നത് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. തെങ്ങുകൃഷിക്കും തേങ്ങ പറിച്ചെടുക്കാനുമുള്ള കൂലിച്ചെലവും കണക്കാക്കുമ്പോൾ കനത്തനഷ്ടമാണ് കർഷകർക്കുണ്ടാവുന്നത്.

അതുകൊണ്ടുതന്നെ മിക്ക നാളികേരക്കർഷകരും തെങ്ങുകൾ വെട്ടിമാറ്റി കവുങ്ങുകൃഷിയിലേക്ക് മാറുകയാണ്. ഒരു പച്ചത്തേങ്ങയ്ക്ക് ശരാശരി ഏഴുരൂപ പോലും കിട്ടുന്നില്ല. എന്നാൽ, വേനൽക്കാലത്ത് ധാരാളമായി ഉപയോഗിക്കുന്ന ഇളനീരൊന്നിന് 40 രൂപയുടെ മുകളിലാണ് വില.

തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് ലോഡുകണക്കിന് ഇളനീരുകളാണ് കേരളത്തിലേക്ക് എത്തുന്നത്. ഇളനീർസംഭരണം നമ്മുടെ നാട്ടിൽ ഫലപ്രദമായി നടക്കാത്തതും ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും കൃഷിവകുപ്പിന്റെയും പ്രോത്സാഹനമില്ലാത്തതുമാണ് ഇളനീർ വിളവെടുപ്പ് ഇവിടെ കുറയാൻ കാരണം.

ഇതരനാടുകളിൽനിന്നെത്തിക്കുന്ന ഇളനീരിൽ വെള്ളം കൂടുതൽ ഉണ്ടാവുമെന്നല്ലാതെ, നാട്ടിൻപുറങ്ങളിൽ കിട്ടുന്ന ഇളനീർവെള്ളത്തിന്റെ രുചിയോ ഗുണമോ ഇല്ല. പ്രധാന നഗരങ്ങളിലും ദേശീയപാതയോരങ്ങളിലും നാടൻ ഇളനീർപാർലറുകൾ വ്യാപകമായി തുടങ്ങുകയാണ് വേണ്ടത്. അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും കുടുംബശ്രീ യൂണിറ്റുകളും മുന്നോട്ടുവന്നാൽ കേരകർഷകർക്കും അതുകൊണ്ട് പ്രയോജനമുണ്ടാകും. ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, പാർക്കുകൾ, വിദ്യാലയങ്ങൾ എന്നിവയുടെ സമീപത്തായി ഇളനീർവിൽപ്പനകേന്ദ്രങ്ങൾ തുടങ്ങുകയാണ് വേണ്ടത്.

നാട്ടിൻപുറങ്ങളിൽനിന്ന് ഇളനീർ സംഭരിക്കാനുളള പ്രയാസമാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്ന പ്രധാന വിഷയം. തെങ്ങിൽനിന്ന് ഇളനീർക്കുലകൾ വെട്ടിയിട്ടാൽ താഴെവീണു പൊട്ടിച്ചിതറും. ഇതിന് പരിഹാരമായി കയറിൽകെട്ടിത്താഴ്ത്തുകയാണ് വേണ്ടത്. ഇതിന് അധ്വാനം കൂടുതലായതിനാൽ തെങ്ങുകയറ്റ തൊഴിലാളികളോ കേരകർഷകരോ ഇക്കാര്യത്തിൽ താത്‌പര്യമെടുക്കാറില്ല. വിപണനസാധ്യത കൂടുകയും കൂടുതൽ വരുമാനം ലഭിക്കുകയും ചെയ്താൽ ഇളനീർസംഭരണം ഗ്രാമീണമേഖലകളിലും വർധിക്കുമെന്നാണ് കർഷകർ പറയുന്നത്. തമിഴ്‌നാട്ടിൽ ഇളനീർ സംഭരിക്കാനായി മാത്രംവെച്ചു പിടിപ്പിക്കുന്ന കുള്ളൻതെങ്ങുകളുണ്ട്. ഈ കൃഷിരീതി ഇവിടെയും വ്യാപകമാക്കണം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..