നടേരി വലിയമലയിൽ വെറ്ററിനറി സർവകലാശാല ഉപകേന്ദ്രം തുടങ്ങാൻ കൊയിലാണ്ടി നഗരസഭ സൗജന്യമായി നൽകിയ സ്ഥലത്തിന്റെ രേഖ നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് മന്ത്രി ജെ. ചിഞ്ചുറാണിക്ക് കൈമാറുന്നു. കെ. മുരളീധരൻ എം.പി., കാനത്തിൽ ജമീല എം.എൽ.എ. എന്നിവർ സമീപം
കൊയിലാണ്ടി : കൊയിലാണ്ടി വലിയമലയിൽ തുടങ്ങുന്ന വെറ്ററിനറി സർവകലാശാല ഉപകേന്ദ്രം വടക്കൻ കേരളത്തിലെ മുഴുവൻ ക്ഷീരകർഷകർക്കും അറിവ് പകരുന്ന ഗവേഷണ വിജ്ഞാനവ്യാപന കേന്ദ്രമാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഉപകേന്ദ്രം സ്ഥാപിക്കുന്നതിന് കൊയിലാണ്ടി നഗരസഭ നടേരി വലിയമലയിൽ അനുവദിച്ച നാല് ഏക്കർ സ്ഥലത്തിന്റെ രേഖ നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ടിൽനിന്ന് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു.
സംസ്ഥാനത്ത് ക്ഷീര, മൃഗസംരക്ഷണരംഗത്ത് വലിയ മുന്നേറ്റമാണ് നടക്കുന്നത്. ക്ഷീരകർഷകർ ആവശ്യപ്പെട്ടാൻ രാത്രിയിൽ പോലും വീട്ടിലെത്തി മൃഗങ്ങളെ ചികിത്സിക്കാനുള്ള വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 182 ബ്ലോക്കുകളിലും മൂന്ന് നഗരസഭയിലും ഒരു കോർപ്പറേഷനിലും ഇത് നടപ്പാക്കും. കേന്ദ്രസഹായത്തോടെ തുടക്കത്തിൽ 29 ബ്ലോക്കിൽ വാഹനങ്ങൾ അനുവദിച്ചു. ബാക്കി 14 ജില്ലകളിലും പദ്ധതി നടപ്പാക്കാൻ 14 കോടിരൂപ സംസ്ഥാന സർക്കാർ നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കാനത്തിൽ ജമീല എം.എൽ.എ. അധ്യക്ഷതവഹിച്ചു. കെ. മുരളീധരൻ എം.പി. മുഖ്യാതിഥിയായി.
കർഷകർ, യുവാക്കൾ, വീട്ടമ്മമാർ എന്നിവർക്ക് ശാസ്ത്രീയ പരിശീലനം നൽകുന്ന കേന്ദ്രമാണ് തുടക്കത്തിൽ വലിയമലയിൽ തുടങ്ങുകയെന്ന് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥ് പറഞ്ഞു.
നഗരസഭ ചെയർമാൻ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയർമാൻ കെ. സത്യൻ, സ്ഥിരംസമിതി ചെയർമാൻമാരായ ഇ.കെ. അജിത്ത്, കെ.എ. ഇന്ദിര, സി. പ്രജില, നിജില പറവക്കൊടി, കൗൺസിലർമാരായ പി. രത്നവല്ലി, വി.പി. ഇബ്രാഹിംകുട്ടി, ആർ.കെ. കുമാർ, പി. ജമാൽ, പി.പി. ഫാസിൽ, എം. പ്രമോദ്, എ.ആർ.വി.എസ്. ഡയറക്ടർ ഡോ. സി. ലത, ഡോ. ടി.എസ്. രാജീവ്, ഡോ. എ. പ്രസാദ്, നോഡൽ ഓഫീസർ കെ. കിഷോർ, നഗരസഭ സെക്രട്ടറി ഇൻചാർജ് കെ.കെ. ബീന തുടങ്ങിയവർ സംസാരിച്ചു. ക്ഷീരകർഷകർക്കായി ബോധവത്‌കരണ ക്ലാസും നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..