ലോറിയിടിച്ച് തകർന്ന വൈദ്യുതലൈനിൽ കുരുങ്ങിയ ബൈക്കുകൾ
കൊയിലാണ്ടി : നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണം നടത്തുന്ന കമ്പനിയുടെ ലോറിയിടിച്ച് ട്രാൻസ്ഫോർമറും വൈദ്യതത്തൂണുകളും തകർന്നു. ബൈക്ക് യാത്രക്കാരായ മൂന്നുപേർക്ക് ഗുരുതരപരിക്കേറ്റു. കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടർപ്പാസിനു സമീപം ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.
ആറു ബൈക്കുകളും തകർന്നിട്ടുണ്ട്. അണ്ടർപ്പാസിന്റെ തെക്കുഭാഗത്തുനിന്നുവന്ന ലോറി ആദ്യം ട്രാൻസ്ഫോർമറിൽ ഇടിച്ചിട്ടതിനുശേഷം നിർത്താതെ പോകുകയും തയ്യിൽമുക്കുവരെയുള്ള പത്ത് വൈദ്യുതത്തൂണുകൾ വലിച്ചുകൊണ്ടുപോകുകയുമായിരുന്നു. അതുവഴി പോകുകയായിരുന്ന മൂന്നു ബൈക്ക് യാത്രക്കാർക്ക് തൂണിനും ലൈനുകൾക്കും ഇടയിൽപ്പെട്ടാണ് പരിക്കേറ്റത്. ഇവരെ പോലീസ് എത്തിയശേഷമാണ് താലൂക്കാശുപത്രിയിലേക്കു മാറ്റിയത്. ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാർ ലോറി തടഞ്ഞുനിർത്തുകയായിരുന്നു.
കെ.എസ്.ഇ.ബി. അധികൃതരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഏറെനേരം ഫോണെടുത്തില്ലെന്നും ആക്ഷേപമുണ്ട്. ലൈൻ ഓഫാക്കാതെ രക്ഷാപ്രവർത്തനം നടത്താൻ സാധിക്കാത്ത അവസ്ഥയായിരുന്നു. വിവരമറിയിച്ചിട്ടും കൊയിലാണ്ടി പോലീസ് സ്ഥലത്തെത്താൻ വൈകിയതും നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.
പിന്നീട് കെ.എസ്.ഇ.ബി. ജീവനക്കാരനെ വിവരമറിയിച്ചതിനുശേഷമാണ് ലൈൻ ഓഫാക്കിയത്. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കൊയിലാണ്ടിയിൽനിന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേനയും എത്തിയിരുന്നു. ലോറിക്കു മീതെ തൂണും ലൈനും കുടുങ്ങിയിട്ടും ലോറി ഇതെല്ലാം കെട്ടിവലിച്ച് സമീപത്തെ വീടുകളുടെ മതിലുകൾ തകർത്ത് ഏറെനേരം മുന്നോട്ടുപോയതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ വൈദ്യുതിബന്ധവും നിലച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..