കടുക്കുഴിച്ചിറ നവീകരണം: കാലവർഷത്തിനുമുമ്പ് ഒന്നാംഘട്ടം പൂർത്തിയാക്കാൻ ശ്രമം


1 min read
Read later
Print
Share

നവീകരണപദ്ധതിയുടെ രൂപരേഖ

കൊയിലാണ്ടി : മുചുകുന്നിലെ പ്രധാന ജലസ്രോതസ്സായ കടുക്കുഴിച്ചിറ നവീകരണം പുരോഗമിക്കുന്നു. കാലവർഷത്തിനുമുമ്പ്‌ ഒന്നാംഘട്ട പ്രവൃത്തി പൂർത്തിയാക്കാനാണ് ശ്രമം. ചിറയിലെ വെള്ളം വറ്റിച്ചും ചെളി എടുത്തുമാറ്റിയുമാണ് പ്രവൃത്തി നടത്തുന്നത്. ഒന്നാംഘട്ടത്തിൽ അരികുകൾ കരിങ്കല്ലുപയോഗിച്ച് കെട്ടിയുയർത്തുന്ന പ്രവൃത്തിയാണിപ്പോൾ നടക്കുന്നത്. മഴക്കാലത്തിനുമുമ്പ് ഈ പ്രവൃത്തി പരമാവധി പൂർത്തിയാക്കാനുള്ള നടപടിയാണ് വേണ്ടത്.

അല്ലാത്തപക്ഷം ചിറയിൽ വെള്ളമുയർന്നാൽ അടുത്ത വേനൽക്കാലത്ത് വെള്ളം വറ്റുമ്പോൾമാത്രമേ തുടർപ്രവൃത്തി നടത്താൻ കഴിയൂ. അരികുകൾ കെട്ടിയുയർത്തുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംസ്ഥാനസർക്കാർ അനുവദിച്ച അഞ്ചുകോടിരൂപ ചെലവിലാണ് ചിറ നവീകരിക്കുന്നത്. കേരള ലാൻഡ്‌ ഡെവലപ്‌മെന്റ് ബോർഡാണ് ചിറ നവീകരണത്തിന്റെ എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കിയത്.

മൂടാടി ഗ്രാമപ്പഞ്ചായത്തിലെ ഏറ്റവും വലിയ ജലസ്രോതസ്സാണിത്. പണ്ട്‌ മൺപാത്ര നിർമാണത്തിനും ഓടുനിർമാണത്തിനുമായി വൻതോതിൽ കളിമണ്ണ് എടുത്തതിന്റെ ഭാഗമായി രൂപപ്പെട്ട കുഴിയാണിത്. കൃഷിക്കുംമറ്റും ചിറയിലെ വെള്ളം ഉപയോഗപ്പെടുത്തിയിരുന്നു. നിറയെ മത്സ്യങ്ങളും ഈ ജലാശയത്തിലുണ്ടായിരുന്നു.

പിന്നീട് താമരവള്ളി പടർന്നുകയറിയതോടെ ആർക്കും ഇറങ്ങാൻ കഴിയാതായി. കടുക്കുഴിച്ചിറ നവീകരിക്കുന്നത് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും സഹായകമാകും. നീന്തൽ പരിശീലിക്കാനും കൃഷിയാവശ്യത്തിനും ഈ ജലാശയം ഉപയോഗപ്പെടുത്താം.

കുളത്തിനുചുറ്റും നടപ്പാത, ജോഗിങ് പാത്ത്, വിശ്രമകേന്ദ്രം, ദീപാലങ്കാരം എന്നിവയെല്ലാം ഒരുക്കാം. ചിറയുടെ നാലുഭാഗത്ത് ആകർഷകമായ കൽപ്പടവുകൾ നിർമിക്കും. ക്ഷേത്രോത്സവങ്ങൾക്കെത്തുന്ന ആനകളെ ചിറയിലിറക്കി കുളിപ്പിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തുമെന്നാണ് അറിയുന്നത്.

അഞ്ചേക്കറോളം വ്യാപിച്ചുകിടക്കുന്ന ജലാശയമാണിത്. ചിറയുടെ അടിഭാഗം കെട്ടിയുയർത്തുന്ന പ്രവൃത്തി പത്തുദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ പറഞ്ഞു. കാൽഭാഗം പ്രവൃത്തിയേ ഇനി പൂർത്തിയാകാനുള്ളൂ. ക്വാറിസമരംകാരണം ആവശ്യത്തിന് കരിങ്കല്ല് കിട്ടാതെപോയതാണ് പ്രവൃത്തി തടസ്സപ്പെടാൻ ഇടയായത്. ചിറയിലെ മണ്ണ് ലേലംചെയ്തുവിറ്റിരിക്കയാണ്. മുചുകുന്നിലെ മൺപാത്ര തൊഴിലാളികൾക്കും ഓട്ടുകമ്പനിക്കും പി.ഡബ്ള്യു.ഡി. നിശ്ചയിച്ച വിലയനുസരിച്ച് കളിമണ്ണ് നൽകുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..