കൊയിലാണ്ടി : കഴിഞ്ഞ 30 വർഷമായി കാപ്പാടിന്റെ ആത്മീയരംഗത്ത് നിറസാന്നിധ്യമായിരുന്ന കാപ്പാട് ഖാസി പി.കെ. അഹമ്മദ് ശിഹാബുദ്ദീൻ ഫൈസിയുടെ വിയോഗം കാപ്പാടിന് തീരാനഷ്ടമായി.
പാണ്ഡിത്യത്തിന്റെ നിറശോഭയുള്ള മുഖമാണ് കാപ്പാട് ഖാസി അഹമ്മദ് ശിഹാബുദ്ദീൻ ഫൈസിയുടേത്. ലളിതമായും വിനയത്തോടെയും ജീവിതം നയിച്ച പണ്ഡിതശ്രേഷ്ഠനാണ് അദ്ദേഹം. നന്മയുടെയും വിജ്ഞാനത്തിന്റെയും പ്രഭ പടർത്തിയാണ് നിസ്വാർഥനും നിഷ്കളങ്കനുമായ ആ വലിയ മനുഷ്യൻ ജീവിച്ചത്. മുസ്‌ലിംലീഗ് നേതാവും മുൻമന്ത്രിയുമായ പി.കെ.കെ. ബാവയുടെ സഹോദരനാണ്.
പരേതനായ പൊന്നാനി നൂറുദ്ധീൻ മുഹമ്മദ് ബാവ മുസ്‌ല്യാരുടെയും പുതിയോട്ടിക്കണ്ടി പരേതയായ ഫാത്തിമയുടെയും മകനാണ് പുതിയോട്ടിക്കണ്ടി അഹമ്മദ് ശിഹാബുദ്ദീൻ ഫൈസി ഉസ്താദ്. വലിയമ്മാവനും കാപ്പാട് ഖാസിയുമായിരുന്ന പരേതനായ പി.കെ. കുഞ്ഞി ഹസ്സൻ മുസ്‌ല്യാരുടെ കീഴിലും ഒ.കെ. സൈനുദ്ദീൻ മുസ്‌ല്യാരുടെ ശിഷണത്തിലുമാണ് ദർസ് പഠനം പൂർത്തിയാക്കിയത്. പട്ടിക്കാട് ജാമിയ നൂരിയയിലെ 1973-1974 വർഷത്തെ പഠനശേഷം ബിരുദം ലഭിച്ചു. പുറക്കാട് ജുമുഅത്ത് പള്ളിയിൽ ഒരുവർഷം ജോലിചെയ്തു. ചീക്കിലോട് പ്രദേശത്ത് മുദരിസ്, ദർസ്-മദ്രസ അധ്യാപകനായും നാലുവർഷത്തോളം ജോലിചെയ്തിട്ടുണ്ട്.
1978 മുതൽ കാപ്പാട് ഖാസി പി.കെ. കുഞ്ഞി ഹസ്സൻ മുസ്‌ല്യാരുടെ പകരക്കാരനായി ജുമുഅത്ത് പള്ളിയുടെ ഖത്തീബായും ഹയാത്തുൽ ഇസ്‌ലാം ദർസിൽ മുദരിസായും ജോലിചെയ്തു. 1992 മാർച്ചിൽ ഖാസിയുടെ താത്കാലിക ചുമതലയേൽക്കുകയും പിന്നീട് കാപ്പാട് ഖാസിയായി മുപ്പതോളം മഹല്ലുകളുടെ അംഗീകാരത്തോടെ ഖാസിസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. സാധാരണക്കാരോട് എന്നും വിനയവും സ്നേഹകുശലവും നടത്തുന്ന ഉസ്താദ് അരുതായ്മകൾക്കെതിരേ ശക്തമായ താക്കീതുകളും നൽകാറുണ്ടായിരുന്നു.
ശിഹാബുദ്ദീൻ ഫൈസി സൂക്ഷ്മത നിറഞ്ഞ പണ്ഡിതൻ -കോഴിക്കോട് ഖാസി
കോഴിക്കോട് : കാപ്പാട് ഖാസി ശിഹാബുദ്ദീൻ ഫൈസിയുടെ വിയോഗം വലിയ നഷ്ടമാണെന്നും മാസപ്പിറവി നിർണയത്തിൽ അദ്ദേഹത്തിന്റെ സൂക്ഷ്മതയും കാർക്കശ്യവും എടുത്തു പറയേണ്ടതാണെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അനുസ്മരിച്ചു. അറിവും വിനയവും സമന്വയിച്ച പണ്ഡിതനായിരുന്നു അദ്ദേഹം.
സൂക്ഷ്മതയും കൃത്യതയുമായിരുന്നു ശിഹാബുദ്ദീൻ ഫൈസിയെ ബന്ധപ്പെടാൻ പ്രേരിപ്പിച്ചിരുന്നതെന്നും കോഴിക്കോട് ഖാസി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..