നന്തി ആശാനികേതനു സമീപത്തെ ബൈപ്പാസ് നിർമാണം
കൊയിലാണ്ടി : നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണം പുരോഗമിക്കുമ്പോഴും മാനസികവെല്ലുവിളി നേരിടുന്നവരെ പരിചരിക്കുന്ന നന്തി ആശാനികേതനിലേക്ക് വഴി അനുവദിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. ആശാനികേതനിലേക്ക് സർവീസ് റോഡ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാതാധികൃതർക്ക് നിവേദനം നൽകിയിരുന്നു. ഇതിനു മറുപടിയായി ഫെബ്രുവരി മൂന്നിന് ലഭിച്ച മറുപടിക്കത്തിൽ ആശാനികേതനിലേക്കുള്ള സർവീസ് റോഡ് പരിഗണനയിൽ ഉണ്ടെന്നുമാത്രമാണ് പറഞ്ഞത്. എന്നാൽ, ഇതുസംബന്ധിച്ച് ഇതുവരെ ഒരു ഉറപ്പ് ലഭിച്ചിട്ടില്ല.
പുതുതായി നിർമിച്ച ബൈപ്പാസ് റോഡ് ആശാനികേതൻ നിൽക്കുന്ന സ്ഥലത്തിന്റെ എത്രയോ താഴ്ചയിലൂടെയാണ് നിർമിച്ചിരിക്കുന്നത്. താത്‌കാലികമായി സംരക്ഷണഭിത്തികളൊന്നുമില്ലാത്ത ചെറിയൊരു പാത ആശാനികേതനിലേക്കുണ്ട്. ഏതുനേരവും ഇടിയാൻ സാധ്യതയുള്ളതിനാൽ ആശാനികേതനിലേക്ക് ഭക്ഷ്യവസ്തുക്കളുമായി വരുന്ന ഒട്ടോറിക്ഷകളും മറ്റു വാഹനങ്ങളും ഭീതിയോടെയാണ് ഇതുവഴിയെത്തുന്നത്. മാനസികവെല്ലുവിളി നേരിടുന്ന അന്തേവാസികളെ ഇതുവഴിയെത്തിക്കുന്നത് വെല്ലുവിളിയാണ്. നിലവിലുള്ള ഭൂമിയിൽനിന്ന് ഏഴുമീറ്ററിലധികം താഴ്ചയിലാണ് ഇവിടെ റോഡ് നിർമിക്കുന്നത്. റോഡിൽനിന്ന് മുകളിലോട്ടുകയറാൻ സർവീസ് റോഡ് അനിവാര്യമാണ്.
അന്തേവാസികളും ജീവനക്കാരുമടക്കം 75 പേരാണ് നന്തി ആശാനികേതനിലുള്ളത്. 14 മുതൽ 82 വരെ പ്രായമുള്ളവർ ഇവിടെ അന്തേവാസികളായുണ്ട്. ജൂൺമാസത്തോടെ അന്തേവാസികളുടെ എണ്ണം വീണ്ടുമുയരും. പുതുതായി നിർമിക്കുന്ന ദേശീയപാതയിലേക്ക് പ്രവേശിക്കാൻ കഴിയുന്ന രൂപത്തിൽ ആശാനികേതനിലേക്ക് സർവീസ് റോഡ് നിർമിക്കണമെന്നാണ് ആവശ്യം. ഇരുവശത്തും ഏഴുമീറ്റർ വീതിയിൽ സർവീസ് റോഡോടുകൂടി 45 മീറ്റർ വീതിയിലാണ് എല്ലായിടത്തും ദേശീയപാത വികസിപ്പിക്കുന്നത്. എന്നാൽ, നന്തി ശ്രീശൈലംകുന്ന് മുറിച്ചുകടക്കുന്നിടത്ത് സർവീസ് റോഡ് ഇല്ലെന്നാണ് എൻ.എച്ച്. അധികൃതർ പറയുന്നത്. ഇവിടെ സർവീസ് റോഡോ ഫൂട്ട് ഓവർബ്രിഡ്‌ജോ ഇല്ലെന്നാണ് അധികൃതർ നേരത്തേ അറിയിച്ചത്.
സർവീസ് റോഡ് അനിവാര്യം
ഭിന്നശേഷിക്കാരായ ആളുകളെ വാഹനത്തിൽ ആശാനികേതനിലേക്ക് എത്തിക്കണമെങ്കിൽ ഇവിടെ സർവീസ് റോഡ് അനിവാര്യമാണ്. അല്ലാത്തപക്ഷം ആശാനികേതൻ അടച്ചുപൂട്ടേണ്ട അവസ്ഥവരും. ഭിന്നശേഷിക്കാരായ ആളുകൾക്കും അവരുടെ രക്ഷിതാക്കൾക്കുമുള്ള അത്താണിയാവും ഇതോടെ ഇല്ലാതാവുക. പത്തേക്കറോളമുണ്ടായിരുന്ന ആശാനികേതൻ സ്ഥലം മൂന്നായി പിളർത്തിയാണ് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോകുന്നത്. ആശാനികേതൻ നിന്ന സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയും കിണർ നികത്തിയുമാണ് ബൈപ്പാസ് നിർമിച്ചത്. വഴിയുടെ കാര്യത്തിൽ ഇനിയും തീരുമാനമായില്ല
വിട്ടുനൽകിയത് ഏക്കറുകൾ
ഭിന്നശേഷിക്കാർക്കും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്കും തെറാപ്പിയധിഷ്ഠിത വിദ്യാഭ്യാസവും തൊഴിൽ പരിശീലനവുമാണ് ഇവിടെ നൽകുന്നത്. മെഴുകുതിരി, കുട, ചവിട്ടി, സോപ്പ്, ഡിറ്റർജെന്റ്, പേപ്പർബാഗ്, മാലകൾ എന്നിവ നിർമിക്കുന്നതിലൊക്കെ അന്തേവാസികൾക്ക് പരിശീലനം നൽകാറുണ്ട്. കൂടാതെ, പശുവളർത്തൽ, കൃഷി എന്നിവയുമുണ്ട്. നന്തി ആശാനികേതനും തൊട്ടടുത്ത സത്യസായി വിദ്യാപീഠവും ചേർന്ന് ഏഴര ഏക്കറോളം സ്ഥലമാണ് ബൈപ്പാസിനായി വിട്ടുനൽകിയത്. നാലര ഏക്കറോളം സത്യസായി വിദ്യാപീഠവും മൂന്നേക്കറോളം ആശാനികേതന്റെ സ്ഥലവുമാണ് വിട്ടുകൊടുത്തത്. ഒ.കെ. പ്രേമാനന്ദ് ചെയർമാനായ 12 അംഗ കമ്മിറ്റിയാണ് ആശാനികേതന്റെ നടത്തിപ്പുചുമതല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..