• കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ പാർസൽ ഓഫീസ്
കൊയിലാണ്ടി: ദക്ഷിണ റെയിൽവേയിലെ പത്ത് റെയിൽവേ സ്റ്റേഷനുകളിൽനിന്നുള്ള പാർസൽ സർവീസ് നിർത്തലാക്കി. ആർക്കോണം, പട്ടാമ്പി, കുറ്റിപ്പുറം, കൊയിലാണ്ടി, വടകര, മാഹി, കണ്ണപുരം, ചെറുവത്തൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നീ റെയിൽവേ സ്റ്റേഷനുകളിൽ പാർസലുകൾ ഇറക്കുന്നതും കയറ്റുന്നതുമാണ് മേയ് 24 മുതൽ ചെന്നൈ പ്രിൻസിപ്പൽ ചീഫ് കൊമേഴ്‌സ്യൽ മാനേജർ നിർത്തലാക്കിയത്.
ഇനിമുതൽ ഈ പത്ത് സ്റ്റേഷനുകളിൽനിന്ന് ചരക്ക് സാധനങ്ങൾ കയറ്റാനോ ഇറക്കാനോ കഴിയില്ല. ഈ സ്റ്റേഷനുകളിൽ പാർസൽ സർവീസ് നിർത്തിയ വിവരം രാജ്യത്തെ മറ്റു റെയിൽവേ സ്റ്റേഷനുകളിലേക്ക് ഔദ്യോഗികമായി അയച്ചിട്ടുണ്ട്.
അഞ്ചുമിനിറ്റിൽ കൂടുതൽ വണ്ടികൾ നിർത്തുന്ന സ്റ്റേഷനുകളിൽമാത്രമേ ഇനി പാർസൽ സർവീസ് ഉണ്ടാവുകയുള്ളൂ. പാർസൽ സർവീസിനെ ആശ്രയിച്ചുജീവിക്കുന്ന റെയിൽവേ ലൈസൻസ് കൂലി പോർട്ടർമാരുടെയും അവരെ സഹായിക്കുന്ന മറ്റ് പോർട്ടർമാരുടെയും അവസ്ഥ ഇതോടെ പ്രയാസത്തിലാകും.
കൊയിലാണ്ടിയിൽ ഒരു സ്ത്രീയടക്കം രണ്ടുപേരാണ് പോർട്ടർമാരായിട്ടുള്ളത്. ഇവിടെ മത്സ്യബന്ധന ഉപകരണങ്ങളാണ് കൂടുതലായും തീവണ്ടിമാർഗം പാർസലായി വരുന്നത്.
മംഗലാപുരം, നാഗർകോവിൽ എന്നിവിടങ്ങളിൽനിന്ന് കൊയിലാണ്ടി ഹാർബറിലേക്ക് വൻതോതിൽ വലകൾ എത്താറുണ്ട്. കൊയിലാണ്ടി സ്റ്റേഷനിൽ പാർസൽ സർവീസ് ഇല്ലാതാവുന്നതോടെ കോഴിക്കോട് സ്റ്റേഷനിൽ സാധനങ്ങൾ ഇറക്കി കൊണ്ടുപോകേണ്ടിവരും.
മത്സ്യമേഖലയിലുള്ളവർക്ക് വലിയ നഷ്ടം ഇതുകൊണ്ട് ഉണ്ടാകും. അതുപോലെ ചെമ്മീൻപൊടി, തുണികൾ എന്നിവയും കൊയിലാണ്ടിയിൽ ധാരാളമായി എത്താറുണ്ട്. മുമ്പ് പാൽ, തൈര് എന്നിവ പാർസലായി ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തുമായിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..