• കൊയിലാണ്ടി നഗരസഭ നിർമിച്ച കാവുംവട്ടം തെറ്റിക്കുന്ന് പകൽവീട്
കൊയിലാണ്ടി : ഒരു ദീർഘ വീക്ഷണവുമില്ലാതെ വിവിധയിടങ്ങളിൽ നഗരസഭയും പഞ്ചായത്തുകളും നിർമിച്ച പകൽവീടുകൾ ഉപകരിക്കാൻ കഴിയാതെ നശിക്കുന്നു. പേരിന് മിക്കയിടത്തും കെട്ടിടം നിർമിച്ചെങ്കിലും പകൽവീടിന്റെ ലക്ഷ്യം മിക്കയിടത്തും കൈവരിച്ചില്ല.
വീടിന്റെ അകത്തളങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങൾക്ക് സമയം ചെലവഴിക്കാനും ലഘു വ്യായാമങ്ങൾക്കും വായനയ്ക്കും വിനോദത്തിനുമൊക്കെയായിട്ടാണ് പകൽവീടുകൾ നിർമിച്ചത്. പകൽ വീടുകളിലെത്തുന്ന വയോജനങ്ങൾക്ക് ഭക്ഷണം, വെള്ളം, ടോയ്‌ലെറ്റ് സൗകര്യം, വായനയ്ക്ക് പത്രങ്ങളും പുസ്തകങ്ങളും എന്നിവയെല്ലാം ഒരുക്കിക്കൊടുക്കണം. പക്ഷേ, പലയിടത്തും ശുചിമുറികളില്ല. വെള്ളമില്ല. വെളിച്ചമില്ല. വയോജനങ്ങൾക്ക് എത്തിച്ചേരാൻ കഴിയുന്നതരത്തിൽ നല്ല വഴികൾപോലും പകൽ വീടുകളിലേക്ക് ഇല്ല. മിക്കയിടത്തും തെരുവുനായകളുടെ സങ്കേതമാകുകയാണ് പകൽവീടുകൾ.
കൊയിലാണ്ടി നഗരസഭയിൽ പുളിയഞ്ചേരി, കോമത്തുകര, പെരുവട്ടൂർ, തെറ്റിക്കുന്ന് (പറേച്ചാൽ) എന്നിവിടങ്ങളിലാണ് പകൽ വീടുകളുള്ളത്. പത്തുലക്ഷം രൂപയോളം ചെലവഴിച്ചാണ് ഓരോ പകൽവീടും നിർമിച്ചത്. കൊയിലാണ്ടി നഗരസഭയിലെ കോമത്തുകര പകൽവീട് സാമാന്യം നല്ലനിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വൈസ് ചെയർമാൻ കെ. സത്യൻ പറഞ്ഞു. ഇവിടെ വയോജനങ്ങൾക്ക് ഭക്ഷണം നൽകാൻ കെയർടേക്കറെ ഉടൻ നിയമിക്കും. പുളിയഞ്ചേരിയിൽ വയോമിത്രം ആരോഗ്യക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്. പെരുവട്ടൂരിൽ പകൽവീടും അങ്കണവാടിയുമെല്ലാം ഒരുമിച്ചാണ്. ഇവിടത്തെ സൗകര്യം ഇനിയും കൂട്ടും.
കാവുംവട്ടം തെറ്റിക്കുന്നിൽ 2020 സെപ്റ്റംബർ 25-നാണ് പകൽവീട് ഉദ്ഘാടനം ചെയ്തത്. ഇവിടെ കെട്ടിടം നിർമിച്ചതല്ലാതെ അടിസ്ഥാനപരമായ കാര്യങ്ങളൊന്നുമില്ല. ഇവിടത്തേക്ക് ഫർണിച്ചർ ഉടൻനൽകുമെന്ന് വൈസ് ചെയർമാൻ പറഞ്ഞു. ചുറ്റുമതിലും നിർമിക്കും. പ്ലംബിങ് പ്രവൃത്തിയും നടത്തും.
ചെങ്ങോട്ടുകാവ് മേലൂർ കച്ചേരിപ്പാറയിൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നിർമിച്ച പകൽവീടും (സായംപ്രഭ) അടഞ്ഞുകിടപ്പാണ്. കോവിഡിന് ശേഷം ഈസ്ഥാപനം തുറന്നിട്ടില്ല. ഈ കേന്ദ്രം തുറന്നുപ്രവർത്തിപ്പിക്കാൻ ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് ഏഴരലക്ഷംരൂപ അനുവദിച്ചിട്ടുണ്ടെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ പറഞ്ഞു.
ജൂൺമാസത്തിൽ കേന്ദ്രം തുറന്നുപ്രവർത്തിപ്പിക്കുമെന്നും അവർ പറഞ്ഞു. പകൽവീടുകൾ വയോജനസൗഹൃദമല്ലാത്ത നിലയിലാണ് മിക്കയിടത്തും നിർമിച്ചത്. ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും ഭിന്നശേഷിക്കാർക്കും പകൽ വീട്ടിലേക്ക് കയറാൻ റാമ്പ് സൗകര്യം വേണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..