നിർമാണം പൂർത്തിയാകുന്ന ഈസ്റ്റ്ഹിൽ കേന്ദ്രീയവിദ്യാലയത്തിന്റെ പുതിയകെട്ടിടം
കോഴിക്കോട് : ഈസ്റ്റ്ഹിൽ കേന്ദ്രീയവിദ്യാലയത്തിൽ മൂന്നുവർഷമായി തുടരുന്ന ഷിഫ്റ്റ് സംവിധാനത്തിന് തിങ്കളാഴ്ചയോടെ അവസാനമാവും. ആധുനികസൗകര്യങ്ങളോടെ നിർമിച്ച പുതിയ കെട്ടിടത്തിൽ തിങ്കളാഴ്ച ക്ലാസ് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. കെട്ടിടത്തിന്റെ മിനുക്കുപണികൾ നടക്കുകയാണെങ്കിലും ക്ലാസ് മുറികളിലെ പ്രവൃത്തികളെല്ലാം പൂർത്തിയായിട്ടുണ്ട്. അഞ്ചാംതീയതി ക്ലാസ് തുടങ്ങാൻ സെൻട്രൽ പി.ഡബ്ല്യു.ഡി. അനുമതി നൽകിയിട്ടുണ്ടെന്ന് പ്രിൻസിപ്പൽ കെ.പി. ബാബു പറഞ്ഞു. വൈദ്യുതി കണക്‌ഷൻ കിട്ടാത്തതാണ് നിലവിലെ പ്രതിസന്ധി. ഇതും രണ്ടുദിവസത്തിനുള്ളിൽ പരിഹരിക്കാനാവുമെന്നാണ് കരുതുന്നത്.
രണ്ടുവശങ്ങളിലായി പണിത കെട്ടിടത്തിൽ 37 ക്ലാസ് മുറികളുണ്ട്. 25 കോടി രൂപ ചെലവിട്ടാണ് പണിതത്. പടിഞ്ഞാറുഭാഗത്ത് നാലുനിലയിലും കിഴക്കുഭാഗത്ത് മൂന്നുനിലയിലുമാണ് ക്ലാസ് മുറികൾ. നിലവിലുള്ള കെട്ടിടത്തിൽ പ്രൈമറി ക്ലാസുകളായിരിക്കും ഇനി. മൂവായിരത്തോളം കുട്ടികൾക്ക്, 62 ക്ലാസ് മുറികൾ സ്വന്തമാവുന്നതോടെ മൂന്നുവർഷത്തെ ദുരിതത്തിന് പരിഹാരമാവും. ഷിഫ്റ്റ് സമ്പ്രദായത്തിൽ ക്ലാസുകൾ നടക്കുന്നത് കുട്ടികൾക്ക് വലിയ പ്രയാസമുണ്ടാക്കിയിരുന്നു. രാവിലെ ഏഴിനുതുടങ്ങുന്ന ക്ലാസിലെത്താൻ ജില്ലയുടെ പല ഭാഗങ്ങളിൽനിന്നുള്ള കുട്ടികൾ പുലർച്ചെ വീട്ടിൽനിന്നിറങ്ങേണ്ട അവസ്ഥയിലായിരുന്നു. ഉച്ചയ്ക്കുള്ള ഷിഫ്റ്റിലുള്ള കുട്ടികൾ വീട്ടിൽ തിരിച്ചെത്താൻ ഏറെ വൈകുന്നതും പ്രയാസമായിരുന്നു.
പുതിയ കെട്ടിടം സജ്ജമാവുന്നതോടെ കേന്ദ്രീയവിദ്യാലയത്തിന്റെ മുഖച്ഛായ മാറും. ‘പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിങ് ഇന്ത്യ’ പദ്ധതിയിൽ സ്കൂൾ ഇടംപിടിച്ചതും പ്രതീക്ഷയേകുന്നുണ്ട്. പദ്ധതിപ്രകാരം കേന്ദ്രഫണ്ട് നേരിട്ടുകിട്ടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. കൂടുതൽ കേന്ദ്രസഹായവും പദ്ധതിയിലൂടെ കിട്ടും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..