കോഴിക്കോട് : നാളികേര, റബ്ബർ കർഷകരുടെ പ്രശ്നങ്ങളുയർത്തി കേരള കർഷകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ആറിന് താമരശ്ശേരിയിൽ ജില്ലാതല സമരസായാഹ്നം സംഘടിപ്പിക്കും. വൈകീട്ട് നാലുമണിക്ക് സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്യും. കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി മുഖ്യാതിഥിയാകും. മലയോരമേഖലയിൽ നിന്നുള്ള കർഷകർ ഇവിടെ സംഗമിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കൊപ്രാസംഭരണത്തിന് ജില്ലയിൽ മതിയായ സംവിധാനമില്ലാത്തതുകൊണ്ട് നാളികേരക്കർഷകർ വലിയ ദുരിതത്തിലാണ്. ഒരു ക്വിന്റൽ കൊപ്ര ഉത്‌പാദിപ്പിക്കാൻ 8996 രൂപവെച്ച് ചെലവുവരുന്നുണ്ട്. കിട്ടുന്നത് 10,860 രൂപയും. ഇതാണ് ജില്ലയിലെ നാളികേരക്കർഷകർ നേരിടുന്ന പ്രധാനപ്രശ്നമെന്ന് കർഷകസംഘം ജില്ലാ സെക്രട്ടറി ജോർജ് എം. തോമസ് പറഞ്ഞു. നാളികേരസംഭരണത്തിൽ കേരഫെഡിനെ കേന്ദ്രസർക്കാർ ഒഴിവാക്കിയതാണ് വിലത്തകർച്ചയുടെ പ്രധാനകാരണങ്ങളിലൊന്ന്. സംഭരണഏജൻസിയായ നാഫെഡിന് മതിയായസംവിധാനങ്ങളില്ലാത്തതും നാളികേരക്കർഷകരെ പ്രതിസന്ധിയാലാക്കുന്നു.
ഒരു കിലോ റബ്ബറിന്റെ ഉത്‌പാദനച്ചെലവ് 175 രൂപയായിരുന്നത് ഇപ്പോൾ 240 രൂപയാണ്. 2012-ൽ 9,13,700 ടൺ റബ്ബർ ഉത്‌പാദിപ്പിച്ച കേരളം ഇപ്പോൾ 7,75,000 ടൺ മാത്രമാണ് ഉത്‌പാദിപ്പിക്കുന്നത്. വൻകിട വ്യവസായികൾക്കുവേണ്ടി കേന്ദ്രം റബ്ബറിനെ കാർഷിക വിളയല്ലെന്ന് പ്രഖ്യാപിച്ച് വൻതോതിൽ ഇറക്കുമതിചെയ്യാൻ സഹായിക്കുകയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
മുൻ എം.എൽ.എ. പി. വിശ്വൻ, ബാബു പറശ്ശേരി, സംസ്ഥാന കമ്മിറ്റി അംഗം ഷിജു, കെ. സുരേഷ്‌കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..