ഫാ. ജോസ് യേശുദാസൻ ചിത്രരചനയിൽ
കോഴിക്കോട്
: രണ്ടുവർഷത്തോളമായി വികാരിയച്ചൻ ലീവിലാണ്, ചിത്രരചന പഠിക്കാൻ. വയനാട് അമ്പലവയൽ തിരുഹൃദയപള്ളി വികാരി ഫാ. ജോസ് യേശുദാസനാണ് യൂണിവേഴ്‌സൽ സ്കൂൾ ഓഫ് ഫൈനാർട്‌സിൽ ചിത്രരചന പഠിക്കുന്നത്. പെൻസിൽ, ചാർക്കോൾ, വാട്ടർകളർ, പെയിന്റ് ...മാധ്യമം ഏതായാലും അച്ചന്റെ വര സൂപ്പർ.
മാഹി കലാഗ്രാമത്തിലും യൂണിവേഴ്‌സൽ സ്കൂളിലും അതിരൂപത യുവജനസംഗമത്തിലും മറ്റും അച്ചൻ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. ചെറുപ്പംമുതൽ വരയുടെ വരമുണ്ട്. പെൻസിൽ ഡ്രോയിങ്ങായിരുന്നു തുടക്കത്തിൽ. കോവിഡ്കാലം എല്ലാറ്റിനും ലോക്കിട്ടകാലത്ത് ധാരാളം ചിത്രങ്ങൾ വരച്ചു. അപ്പോഴാണ് ഇടവകക്കാർപോലും ഫാ.ജോസിന്റെ കലാവാസന തിരിച്ചറിയുന്നത്.
പിന്നെ ചിത്രരചന അക്കാദമിക്കായി പഠിക്കണമെന്ന് തീരുമാനിച്ചു. കോഴിക്കോട് രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ അനുമതിയോടെ പഠനം തുടങ്ങി. പള്ളിശുശ്രൂഷകൾക്ക് രണ്ടുകൊല്ലം അവധി. കോഴിക്കോട് എരഞ്ഞിപ്പാലം നവജ്യോതിസ് റിന്യൂവൽ സെന്ററിൽ താമസിച്ചാണ് കൊല്ലം ശാസ്താംകോട്ട സ്വദേശിയായ വൈദികൻ പഠനം നടത്തുന്നത്.
ആത്മീയപാതയിലെ സുന്ദരകാഴ്ചകൾത്തന്നെയാണ് മിക്ക ചിത്രങ്ങളുടെയും പ്രമേയം. യേശുവും മദർതെരേസയും വിശുദ്ധരുമൊക്കെ വിഷയമാകുന്നു. സാമൂഹികമാധ്യമങ്ങളിലും സഭാഗ്രൂപ്പുകളിലുമൊക്കെ ഇവ പങ്കുവെക്കുമ്പോൾ നല്ല പ്രതികരണം കിട്ടുന്നുണ്ട് . അമ്പതിലേറെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും അച്ചന്റെ സ്വന്തം ശേഖരത്തിലുണ്ട്. ചിത്രരചനാ കോഴ്‌സിന്റെ ഫലം ഒക്ടോബറിൽ വരും. അതിനുശേഷം വീണ്ടും പള്ളിശുശ്രൂഷകളിലേക്ക്.
ശാസ്താംകോട്ട കല്ലുംപുറത്ത് യേശുദാസന്റെയും നിർമലയുടെയും മകനാണ് 35-കാരനായ വൈദികൻ. ബോസ്‌ക്കോ, മെറീന എന്നിവർ സഹോദരങ്ങളാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..