കോഴിക്കോട് : ചട്ടങ്ങൾ ലംഘിച്ച് വ്യാപക തിരുത്തലുകൾ നടന്നതായി ആരോപണം ഉയർന്നതിനെത്തുടർന്ന് ജില്ലയിലെ അധ്യാപകരുടെ സ്ഥലംമാറ്റപ്പട്ടിക മരവിപ്പിച്ചതായി സൂചന. പട്ടിക ഇറങ്ങിയതിനെത്തുടർന്ന് കഴിഞ്ഞദിവസം റിലീവ് ചെയ്ത അധ്യാപകർ പുതിയ സ്കൂളിൽ ജോയിൻ ചെയ്യേണ്ടെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വിവരമറിയിക്കണമെന്നും ഡി.ഡി.ഇ. അറിയിച്ചതായി കഴിഞ്ഞദിവസം രാത്രിയാണ് എ.ഇ.ഒ.മാർ പ്രധാനാധ്യാപകരുടെ ഗ്രൂപ്പിൽ സന്ദേശമിട്ടത്. റിലീവ് ചെയ്യാത്ത അധ്യാപകർ അവിടെത്തന്നെ തുടരാനും നിർദേശം നൽകി. ഇതുപ്രകാരം കഴിഞ്ഞദിവസം റിലീവ് ചെയ്ത അധ്യാപകർ രാവിലെത്തന്നെ ഡി.ഡി.ഇ. ഓഫീസിലെത്തി വിവരമറിയിച്ചു. പലരും വൈകുന്നേരംവരെ കാത്തുനിന്നെങ്കിലും കൃത്യമായ മറുപടി ലഭിക്കാതെ മടങ്ങേണ്ടി വന്നു.
വ്യാഴാഴ്ച വൈകുന്നേരം ഇറങ്ങിയ സ്ഥലംമാറ്റപ്പട്ടിക വിവാദമായതോടെ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ റിലീവ് ചെയ്യേണ്ടതില്ലെന്ന് സി.ഡി.ഇ. അറിയിച്ചതായി പ്രധാനാധ്യാപകരുടെ ഗ്രൂപ്പുകളിൽ എ.ഇ.ഒ.മാർ അറിയിച്ചിരുന്നു. എന്നാൽ, അധ്യാപകർ റിലീവ് ചെയ്യാനും പട്ടികപ്രകാരമുള്ള പുതിയ സ്കൂളുകളിൽ ജോയിൻചെയ്യാനും വെള്ളിയാഴ്ച ഉച്ചയോടെ ഗ്രൂപ്പിൽ എ.ഇ.ഒ.മാരുടെ അറിയിപ്പ് വന്നു. എന്നാൽ, വെള്ളിയാഴ്ച രാത്രിയോടെയാണ് റിലീവ്ചെയ്ത അധ്യാപകർ ജോയിൻചെയ്യേണ്ടെന്ന സന്ദേശം വന്നത്.
വ്യാഴാഴ്ച വൈകീട്ടിറങ്ങിയ അധ്യാപകരുടെ സ്ഥലംമാറ്റപ്പട്ടികയിലാണ് വ്യാപക ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നത്. 180 പേരാണ് കരട്പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ, അന്തിമപട്ടികയിലുള്ളത് 195 പേരാണ്. എവിടെയുമില്ലാതിരുന്ന 15 പേർ പട്ടികയിൽ എങ്ങനെ വന്നെന്നാണ് അധ്യാപകർ ചോദിക്കുന്നത്. സംഭവവുമായി ഡി.ഡി.ഇ ഓഫീസിന് ബന്ധമൊന്നുമില്ലെന്നും തിരുവനന്തപുരത്തുനിന്ന് കൈറ്റിന്റെ വെബ്സൈറ്റിൽ ഓൺലൈനായിട്ടാണ് പട്ടിക തയ്യാറാക്കിയതെന്നുമാണ് ഡി.ഡി.ഇ. അറിയിച്ചിരുന്നത്. എന്നാൽ, ശനിയാഴ്ച കൈറ്റിന്റെ വെബ്സൈറ്റിൽ കയറിനോക്കിയ അധ്യാപകർ ഞെട്ടി. സ്ഥലംമാറ്റം ലഭിച്ചതായി കൈറ്റിന്റെ വെബ്സൈറ്റിലുള്ള സ്കൂളിന്റെ പേരല്ല ഡി.ഡി.ഇ. ഒപ്പിട്ട് ഇറങ്ങിയ സ്ഥലംമാറ്റപ്പട്ടികയിലുള്ളത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..