പന്തീരാങ്കാവ് കൊടൽ നടക്കാവ് ഭാഗത്ത് ആറുവരിപ്പാത പ്രവൃത്തിയുടെ ഭാഗമായി വശത്തുള്ള പാറ മെഷീനുപയോഗിച്ച് പൊട്ടിക്കുന്ന തൊഴിലാളി അന്തിമഘട്ടത്തിലെ ജോലികൾ നടന്നുകൊണ്ടിരിക്കേ ഗതാഗതത്തിനായി തുറന്നുകൊടുത്ത റോഡും കാണാം
കോഴിക്കോട് : ദേശീയപാതയുടെ പ്രവൃത്തി 2024-ലോടെ പൂർത്തീകരിക്കാനുള്ള നെട്ടോട്ടത്തിലാണ് തൊഴിലാളികളും കരാറുകാരും. ജില്ലയുടെ അതിർത്തിയായ രാമനാട്ടുകരമുതൽ മൂടാടിവരെയുള്ള ദേശീയപാതയിലെ കാഴ്ചകളോരോന്നും ഇത്തരത്തിലുള്ളതായിരുന്നു. ചിലയിടത്ത് പണി വേഗത്തിൽ നടക്കുന്നുണ്ട്. മറ്റിടങ്ങളിൽ അത്ര വേഗംപോരാ.
രാമനാട്ടുകരമുതൽ പന്തീരാങ്കാവുവരെയുള്ള ഭാഗങ്ങളിൽ ചിലയിടത്തൊഴികെ ദേശീയപാതയുടെ ഇരുഭാഗങ്ങളിലൂടെയും വാഹനങ്ങൾ ചീറിപ്പായുന്നുണ്ടായിരുന്നു. അന്തിമഘട്ടത്തിലെത്തിയ ഭാഗങ്ങളിൽ പ്രവൃത്തി തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. അഴിഞ്ഞിലത്ത് രണ്ടാമത്തെ മേൽപ്പാലത്തിന്റെ തൂണുകളുടെ നിർമാണം തുടങ്ങി. രാമനാട്ടുകര മേൽപ്പാലത്തിനു മൂന്ന് സ്പാനുകളിൽ ഗർഡർ സ്ഥാപിക്കാനുണ്ട്. അഴിഞ്ഞിലംവരെ പ്രധാന റോഡിന്റെ ഡിവൈഡർ നിർമാണവും പൂർത്തിയായി. രാമനാട്ടുകരമുതൽ മൂടാടിവരെ റോഡിന്റെ വശങ്ങളിൽ ഷീറ്റ് മറച്ചാണ് ദേശീയപാത പ്രവൃത്തിക്കായി എത്തിയ തൊഴിലാളികൾ താമസിക്കുന്നത്.
പലഭാഗങ്ങളിലും പ്രധാനറോഡിന്‍റെ രണ്ടുഭാഗവും തുറന്നുകൊടുത്തിട്ടുണ്ട്. സർവീസ് റോഡുകൾ പൂർത്തിയായി.
ഫ്ലൈ ഓവറുകളുടെ പ്രവൃത്തികളും നടക്കുന്നുണ്ട്. ദേശീയപാത ആറുവരി പ്രാവർത്തികമാകുന്നതോടെ ഗതാഗതസംസ്കാരംതന്നെ മാറുമെന്നതിൽ സംശയമില്ലെന്നാണ് പാതയോരത്തുള്ളവരും യാത്രക്കാരും പറയുന്നത്. റോഡ് പൂർണതോതിൽ ഗതാഗതസജ്ജമാകുന്നതോടെ കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാസമയം ഗണ്യമായി കുറയുമെന്നാണ് അധികൃതർ പറയുന്നത്.
ടാറിങ് കഴിഞ്ഞു
മൂടാടി ഭാഗത്ത് വയലിനു നടുവിലൂടെ പാത കടന്നുപോകുന്നിടത്ത് വേഗത്തിൽ പണി നടക്കുന്നുണ്ട്. ഈ ഭാഗത്ത് ഇടവിട്ടസ്ഥലങ്ങളിൽ റോഡിന്റെ ടാറിങ് പൂർത്തിയായി. ഇവിടെ പരിസരത്തുള്ള കുട്ടികൾ ക്രിക്കറ്റ് കളിക്കുന്ന കാഴ്ചയും കണ്ടു. വേങ്ങേരി ഭാഗത്ത് അടിപ്പാതയുടെ പ്രവൃത്തി നടക്കുന്നുണ്ട്.
പന്തീരാങ്കാവ്, തൊണ്ടയാട്, പാലാഴി, പൂളാടിക്കുന്ന്, വെങ്ങളം തുടങ്ങിയ ഭാഗങ്ങളിൽ മേൽപ്പാലത്തിനായുള്ള പ്രവൃത്തിയും തകൃതിയായി നടക്കുന്നു.
രാമനാട്ടുകര ഭാഗത്തും ടാറിങ് പൂർത്തിയായി. ജില്ലയിലൂടെ കടന്നുപോകുന്ന 68.4 കിലോമീറ്റർ ദേശീയപാതയുടെ പ്രവൃത്തി 2024 -ലോടെ പൂർത്തിയാക്കാനാണ് ശ്രമമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും അത് നടക്കില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം.
ജില്ലയിൽ ദേശീയപാതാവികസനം രണ്ടുറീച്ചുകളിലായി അഴിയൂർമുതൽ വെങ്ങളംവരെയുള്ള 40 കിലോമീറ്ററും വെങ്ങളംമുതൽ രാമനാട്ടുകരവരെയുള്ള 28.4 കിലോമീറ്ററുമാണുള്ളത്. അഴിയൂരിന്റെയും വെങ്ങളത്തിന്റെയും ഇടയിലുള്ള പാലോളിപ്പാലം മുതൽ മൂരാടുപാലം വരെയുള്ള 2.2 കിലോമീറ്റർ ദൂരത്തിന്റെ പ്രവൃത്തി നേരത്തേ തുടങ്ങിയതിനാൽ ഒരു റീച്ചായി മാറ്റിയിട്ടുണ്ട്.
ഈ ഭാഗത്തെ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത് ഹരിയാന ഇ-ഫൈവ് ഇൻഫ്രാസ്ട്രക്ചർ ആണ്. ഇവിടെ മൂരാട് പാലത്തിന്റെ പ്രവൃത്തിയാണ് പ്രധാനമായും ഉള്ളത്. അത് നടന്നുകൊണ്ടിരിക്കുകയാണ്.
പണിയൊന്ന് പൂർത്തിയായാൽമതി
ദേശീയപാതയുടെ പ്രവൃത്തി പെട്ടെന്ന് പൂർത്തിയാകണമെന്ന് പ്രാർഥിക്കുന്നവരാണേറെയും.
പൊടിശല്യം യാത്രക്കാരെയും കടകളെയും ബാധിക്കുന്നുണ്ട്. , വീടുകളിലേക്കും കടകളിലേക്കുമെല്ലാം കൃത്യമായ വഴിയില്ലാത്തതും പ്രശ്നമാകുന്നുണ്ട്. വെള്ളമൊഴുകിയിരുന്ന ചാലുകൾ അടഞ്ഞത് വെള്ളപ്പൊക്കത്തിന് കാരണമാകുമോയെന്നാണ് പല വീട്ടുകാരുടെയും ആശങ്ക. മഴകനത്താൽ എന്താകുമെന്ന ചിന്തയാണ് പലർക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..