കോഴിക്കോട് : സുഹൃത്തുക്കൾക്കൊപ്പം കടപ്പുറത്ത് ഫുട്ബോൾകളിക്കുശേഷം കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ഒളവണ്ണ ചെറുകര കുഴിപുളത്തിൽ അബ്ദുൾ താഹിറിന്റെ മകൻ കെ.പി. മുഹമ്മദ് ആദിൽ (18) ആണ് മരിച്ചത്, ഒളവണ്ണ ചെറുകര ടി.കെ. ഹൗസിൽ അബ്ദുൾറഹീമിന്റെ മകൻ ടി.കെ. ആദിൽ ഹസനെ(16)യാണ് കാണാതായത്.
വെള്ളയിൽ പുലിമുട്ടിൽനിന്ന് രാത്രി 11.25-ഓടെയാണ് മുഹമ്മദ് ആദിലിന്റെ മൃതദേഹം കണ്ടെത്തിയത്. തുറമുഖത്തിന് തെക്കുഭാഗത്തായിട്ടാണ് മൃതദേഹമുണ്ടായിരുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഞായറാഴ്ച രാവിലെ എട്ടിന് ലയൺസ് പാർക്കിന് പിറകിലെ ബീച്ചിലാണ് അപകടം. അഞ്ചുസുഹൃത്തുക്കളടങ്ങിയ സംഘമാണ് രാവിലെ ആറുമണിയോടെ ബീച്ചിലെത്തിയത്. ഫുട്ബോൾ കളിച്ചശേഷം ദേഹത്തെ മണ്ണ് ഒഴിവാക്കാൻവേണ്ടി കടലിലിറങ്ങിയപ്പോഴായിരുന്നു അപകടം.
കുളിക്കുന്നതിനിടെ ആദിൽ ഹസനാണ് ആദ്യം തിരയിൽപ്പെട്ടത്. ഇതുകണ്ട് മുഹമ്മദ് ആദിലും ഒപ്പമുണ്ടായിരുന്ന മറ്റൊരുസുഹൃത്ത് നദീറും (17) കടലിലിറങ്ങി രക്ഷിക്കാൻശ്രമിച്ചു. എന്നാൽ, പെട്ടെന്നുവന്ന തിരയിൽ മുഹമ്മദ് ആദിൽ പെട്ടുപോകുകയായിരുന്നു. നദീറിനെ തീരത്തുണ്ടായിരുന്നവർ കരയ്ക്ക് കയറ്റുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന കുട്ടികൾ കോസ്റ്റൽപോലീസിൽ മൊഴിനൽകി.
മത്സ്യത്തൊഴിലാളികളാണ് കടലിലിറങ്ങി ആദ്യം തിരച്ചിൽ നടത്തിയത്. ഫിഷറീസിന്റെ മറൈൻ ആംബുലൻസും കോസ്റ്റ്ഗാർഡും കോസ്റ്റൽ പോലീസ് നിയോഗിച്ച രണ്ടുവഞ്ചികളും തിരച്ചിലിന്റെ ഭാഗമായി. ബീച്ച് ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി. രാത്രിവൈകിയുള്ള തിരച്ചിലിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്.
കളക്ടർ എ. ഗീത, ഡി.സി.പി. കെ.ഇ. ബൈജു, കോസ്റ്റ് ഗാർഡ് ബേപ്പൂർ ഡെപ്യൂട്ടി കമാൻഡന്റ് എ. സുജേത് എന്നിവർ സ്ഥലം സന്ദർശിച്ചു.
മുഹമ്മദ് ആദിലിന്റെ മാതാവ്: റൈനാസ്. സഹോദരി: നഹ്റിൻ നഫീസ. കെ.പി. മുഹമ്മദ് ആദിൽ തളി സാമൂതിരി ഹയർസെക്കൻഡറിയിൽനിന്ന് പ്ലസ്‌ടു പൂർത്തിയാക്കി ബിരുദപ്രവേശനത്തിന് കാത്തിരിക്കുകയായിരുന്നു.
റഹ്‌മത്താണ് ആദിൽ ഹസന്റെ മാതാവ്. ഫാരിസ, അജ്മൽ എന്നിവർ സഹോദരങ്ങൾ. ആദിൽ ഹസൻ മീഞ്ചന്ത സ്കൂളിൽനിന്ന് പത്താംക്ലാസ് പൂർത്തിയാക്കി പ്ലസ് വൺ പ്രവേശനത്തിന് കാത്തിരിക്കുകയാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..