ആവിക്കൽതോട് ആഴംകൂട്ടൽ പത്തുദിവസത്തിനുള്ളിൽ തുടങ്ങും


1 min read
Read later
Print
Share

ആവിക്കൽതോട്(ഫയൽ ഫോട്ടോ)

കോഴിക്കോട് : ആവിക്കൽതോട് ആഴംകൂട്ടി സംരക്ഷിക്കുന്നതിനുള്ള നടപടി വൈകാതെ തുടങ്ങും. ഭരണാനുമതി ലഭിച്ചതുപ്രകാരം മാലിന്യം നീക്കി നവീകരിക്കുന്നതിന് യു.എൽ.സി.സി.എസിനെയാണ് ഏൽപ്പിട്ടുള്ളത്. പണിയുടെ സുഗമമായ നടത്തിപ്പിന് സുരക്ഷയുറപ്പാക്കാൻ പോലീസിനെ നിയോഗിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ.യുടെ ഫണ്ടിൽനിന്ന് അഞ്ചുകോടി ആവിക്കൽതോടിനായി നേരത്തേ അനുവദിച്ചിരുന്നു. ഇതിൽ ഒരുകോടിയിലേറെ ചെലവിട്ടാണ് തോടിന്റെ നവീകരണം നടത്തുക. ആവിക്കൽതോട്, മൂന്ന് കൈവഴികൾ എന്നിവയാണ് ആഴംകൂട്ടി വൃത്തിയാക്കുന്നത്. പത്തുദിവസത്തിനുള്ളിൽ പണി തുടങ്ങാനാകുമെന്നാണ് ഹാർബർ എൻജിനിയറിങ് വിഭാഗം പറയുന്നത്.

രണ്ടാംഘട്ടമായാണ് തോടിന്റെ അരികുഭിത്തി കെട്ടുന്നതുൾപ്പെടെയുള്ള പണിചെയ്യുക. പ്രദേശത്തെ വീടുകളിൽ വെള്ളംകയറുന്നതിനുള്ള ശാശ്വതപരിഹാരംകൂടിയാണ് തോട് നവീകരണം. തോട്ടിൽനിന്ന് നീക്കുന്ന ചെളിയും മണ്ണും എവിടെ നിക്ഷേപിക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കോർപ്പറേഷന്റെ സ്ഥലത്തുള്ള തോടായതിനാൽ അനുയോജ്യമായ സ്ഥലം നിർദേശിക്കണമെന്ന് ഹാർബർ എൻജിനിയറിങ് വിഭാഗം സെക്രട്ടറിക്ക്‌ കത്തുനൽകിയിട്ടുണ്ട്.

നവീകരണം തുടങ്ങുന്നതിനുമുന്നോടിയായി മേയ് 31-ന് സർവേ നടത്താൻ കരാറുകാരുമായി പോയപ്പോൾ പ്രദേശവാസികൾ അതിൽ എതിർപ്പുപ്രകടിപ്പിച്ച സാഹചര്യമുണ്ടായിരുന്നു. ഇക്കാര്യം അധികൃതർ കളക്ടറെ അറിയിക്കുകയുംചെയ്തു. അതുപ്രകാരമാണ് ജില്ലാഭരണകൂടം അഞ്ചിന് കമ്മിഷണർക്കും നടക്കാവ്, വെള്ളയിൽ പോലീസിനും നിർദേശം നൽകിയത്.

നിലവിൽ തോട്ടിൽനിറയെ മാലിന്യം നിറഞ്ഞുകിടക്കുകയാണ്. കനത്തമഴപെയ്യുമ്പോൾ വീടുകളിൽ വെള്ളംകയറുന്ന സാഹചര്യമാണ്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ആവിക്കലിൽ നിർമിക്കുന്ന മലിനജലസംസ്കരണപ്ലാന്റുമായി ഇപ്പോഴുള്ള ആഴംകൂട്ടലിന് ബന്ധമില്ലെന്നും പ്രദേശവാസികൾക്ക് അത്തരത്തിലുള്ള ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു. പ്ലാന്റ് നിർമാണത്തിന് മുന്നോടിയായുള്ള പണിയാണോയെന്ന ആശങ്ക ഇവിടെയുള്ളവർക്കുണ്ട്.

‘അമൃതി’ലുള്ള പ്ലാന്റ് പണി കോർപ്പറേഷൻ നടത്തുന്നതാണ്. ഇപ്പോഴുള്ള പണി സർക്കാരിന്റെ നേരിട്ടുള്ള ഫണ്ടുപയോഗിച്ച് നടത്തുന്നതാണെന്നും ഹാർബർ എൻജിനിയറിങ് അധികൃതർ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..