മാവൂർ : മാവൂർ ഗ്രാമപ്പഞ്ചായത്തിലെ ഇടത് അംഗത്തിന്റെ രാജിയാവശ്യപ്പെട്ട് മാവൂരിൽ പ്രതിഷേധങ്ങൾ നടന്നു. പോക്സോകേസിൽ പ്രതിയായ മാവൂർ ഗ്രാമപ്പഞ്ചായത്ത് 15-ാം വാർഡ് അംഗം കെ. ഉണ്ണികൃഷ്ണനെതിരേ വീണ്ടും സാമൂഹികമാധ്യമങ്ങളിൽ മോശപ്പെട്ട വീഡിയോ പ്രചരിച്ചതിനെത്തുടർന്നാണ് പ്രതിഷേധങ്ങൾ നടന്നത്.
മുക്കത്തെ ഹോട്ടലിലെ കാർപാർക്കിങ്ങിൽവെച്ച് ഇദ്ദേഹത്തെ കാറിൽനിന്ന് മോശപ്പെട്ട സാഹചര്യത്തിൽ നാട്ടുകാർ പിടികൂടുന്ന വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സി.പി.എമ്മടക്കമുള്ള പാർട്ടികൾ പ്രതിഷേധവുമായെത്തിയത്.
ഉണ്ണികൃഷ്ണന്റെ രാജിയാവശ്യപ്പെട്ട് സി.പി.എം. മാവൂരിൽ പൊതുയോഗം നടത്തി. ഏരിയാസെക്രട്ടറി ഷൈപു ഉദ്ഘാടനംചെയ്തു. ഉണ്ണികൃഷ്ണനെ പാർട്ടി പുറത്താക്കിയതാണെന്നും സാമൂഹികമാധ്യമത്തിൽ പ്രചരിച്ച മോശം വീഡിയോ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തംഗത്വം എന്നനിലയിൽ ഉണ്ണികൃഷ്ണന്റെ രാജിയാവശ്യപ്പെട്ടിട്ടുണ്ടെന്നും ഇനിമുതൽ ഉണ്ണികൃഷ്ണന്റെ പ്രവൃത്തികളുമായി സി.പി.എമ്മിനോ എൽ.ഡി.എഫിനോ യാതൊരു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏരിയാകമ്മിറ്റിയംഗം പുതുക്കുടി സുരേഷ് അധ്യക്ഷത വഹിച്ചു. ഏരിയാകമ്മിറ്റി അംഗം ടി.കെ. മുരളി സംസാരിച്ചു.
മാവൂരിൽ യു.ഡി.എഫും ആർ.എം.പി.ഐ.യും സംയുക്തമായി പ്രതിഷേധപ്രകടനം നടത്തി. എം. ഇസ്മായിൽ, വി.എസ്. രഞ്ജിത്ത്, വളപ്പിൽ റസാഖ്, എൻ.പി. അഹമ്മദ്, ടി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..