Caption
വടകര : കാലവർഷം ശക്തിപ്രാപിക്കുംമുമ്പേ കടലോരമേഖല ഭീതിയിൽ. ന്യൂനമർദത്തിന്റെയും ചുഴലിക്കാറ്റിന്റെയും വരവോടെ തീരമേഖലയിൽ കടുത്ത ജാഗ്രതാനിർദേശമുണ്ട്. മഴ ശക്തമാകുന്നതിനു മുന്നേതന്നെ പലയിടങ്ങളിലും കടൽ കയറുന്നത് ആശങ്ക വർധിപ്പിക്കുകയാണ്.
വടകര തീരദേശത്ത് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ് അഴിത്തലമുതൽ കുരിയാടിവരെയുള്ള പ്രദേശം. ഇവിടങ്ങളിലെല്ലാം അടിതെറ്റിയ കടൽഭിത്തിയാണുള്ളത്. മുകച്ചേരി ഭാഗത്തും ചുങ്കം പരിസരത്തുമെല്ലാം എല്ലാ കാലവർഷസമയത്തും കടലേറ്റം വലിയ നാശംവിതയ്ക്കാറുണ്ട്.
നഗരസഭയിലെ പല ഭാഗങ്ങളിലും കടൽഭിത്തി തകർച്ചയിലാണ്. ചിലയിടങ്ങളിൽ കടൽഭിത്തി തീരേയില്ല. കൊയിലാണ്ടി വളപ്പിൽ ഭാഗത്ത് അൻപതോളം വീടുകൾ കടലേറ്റഭീഷണിയിലാണ്. കുറച്ചുഭാഗത്ത് കടൽഭിത്തിയുടെ പണി നടക്കുന്നുണ്ടെങ്കിലും പൂർത്തിയായിട്ടില്ല.
കുരിയാടിയിൽ കടൽഭിത്തി വേണമെന്ന ആവശ്യത്തിനും പരിഹാരമായില്ല. ഈ ഭാഗങ്ങളിൽ മുൻ വർഷങ്ങളിൽ കടലേറ്റത്തിൽ തകർന്ന പല റോഡുകളും ഇതുവരെ നന്നാക്കിയിട്ടില്ല. കടൽഭിത്തി ഇല്ലാത്തതുകൊണ്ടുതന്നെ റോഡ് പണി പൂർത്തിയാക്കിയാലും അത് പെട്ടെന്ന് തകരും.
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സാൻഡ് ബാങ്ക്സിലും ഭീഷണി നിലനിൽക്കുന്നുണ്ട്. ഇവിടെ അഴിമുഖത്ത് ചിലയിടങ്ങളിൽ പുലിമുട്ട് തകർന്നിട്ടുണ്ട്. കടലേറ്റം രൂക്ഷമാകുന്നതോടെ ഇത് കൂടുതൽ തകരും.
കടൽ പ്രക്ഷുബ്ധമായതോടെ കഴിഞ്ഞദിവസംമുതൽ വിനോദസഞ്ചാരികൾക്ക് വെള്ളത്തിൽ ഇറങ്ങുന്നതിനും ബീച്ചിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കടൽകെട്ടി പ്രവേശനം വിലക്കിയിരിക്കുകയാണ് ഇവിടെ.
ട്രോളിങ് നിരോധനം തുടങ്ങുന്നതോടെ മത്സ്യത്തൊഴിലാളികൾക്ക് ജോലി ഇല്ലാതാവും. ഇതോടൊപ്പം കടലേറ്റംകൂടി വന്നാൽ എങ്ങനെ നേരിടും എന്നറിയാതെ വിഷമിക്കുകയാണ് കടലിന്റെ മക്കൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..