പുതുതായി നിയമിതരായ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെയും സ്ഥാനമൊഴിയുന്നവരുടെയും യോഗം എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് : കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളെ 23-നകം കണ്ടെത്താൻ ബ്ലോക്ക് പ്രസിഡന്റുമാർക്ക് നിർദേശം നൽകി. ജില്ലയിൽ 26 ബ്ലോക്ക് പ്രസിഡന്റുമാരെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇവരാണ് മണ്ഡലംതലത്തിൽ കൂടിയാലോചന നടത്തി ഭാരവാഹികളെ കണ്ടെത്തേണ്ടത്. ഇവർ തയ്യാറാക്കുന്ന പട്ടിക ജില്ലാ നേതൃത്വം പരിശോധിച്ചാവും ഭാരവാഹികളെ പ്രഖ്യാപിക്കുക.
മണ്ഡലം പ്രസിഡന്റുമാരെ കണ്ടെത്താനുള്ള ചർച്ചകൾ നേരത്തേ തുടങ്ങിയിരുന്നെങ്കിലും ബ്ലോക്ക് പുനഃസംഘടന പൂർത്തിയാക്കിയശേഷമായിരിക്കും മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിക്കുക. 117 മണ്ഡലം കമ്മിറ്റികളാണ് കോൺഗ്രസിന് ജില്ലയിലുള്ളത്. 14, 15 തീയതികളിൽ തൃശ്ശൂർമുതൽ കാസർകോടുവരെയുള്ള ജില്ലകളിലെ ബ്ലോക്ക് പ്രസിഡന്റുമാരുടെ ക്യാന്പ് കോഴിക്കോട്ട് നടക്കുന്നുണ്ട്. ക്യാമ്പിലെയും പ്രധാന വിഷയങ്ങളിലൊന്ന് മണ്ഡലം പുനഃസംഘടനയാവും.
പുതുതായി നിയമിതരായ ജില്ലയിലെ പ്രസിഡന്റുമാരുടെയും സ്ഥാനമൊഴിയുന്നവരുടെയും യോഗം കോഴിക്കോട്ട് ചേർന്ന് ബ്ലോക്ക്, മണ്ഡലം പുനഃസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചചെയ്തു.
ഗ്രൂപ്പ് യോഗങ്ങൾ അച്ചടക്കലംഘനമായി കണക്കാക്കും -ഡി.സി.സി.
കോഴിക്കോട് : ഗ്രൂപ്പ് യോഗങ്ങൾ ജില്ലയിൽ ആരുനടത്തിയാലും അച്ചടക്കലംഘനമായി പരിഗണിക്കണമെന്നാണ് സംസ്ഥാനനേതൃത്വത്തിന്റെ നിർദേശമെന്ന് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ പറഞ്ഞു.
പാർട്ടിയിൽ വിഭാഗീയതയുണ്ടാക്കുന്ന തരത്തിലുള്ള യോഗങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. മുൻ ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു ഇതുസംബന്ധിച്ച പരാതി ഡി.സി.സി.ക്കും നൽകിയിട്ടുണ്ട്.
പരാതി ഗൗരവമായെടുത്ത് പരിശോധിക്കുമെന്നും ഡി.സി.സി. പ്രസിഡന്റ് പറഞ്ഞു. ഗ്രൂപ്പ് യോഗങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്നാവശ്യപ്പെട്ട് എ വിഭാഗമാണ് പരാതിപ്പെട്ടത്.
കോൺഗ്രസുകാർ ഐക്യത്തോടെ മുന്നേറണം -എം.കെ. രാഘവൻ
കോഴിക്കോട് : വർത്താമനകാല രാഷ്ട്രീയസാഹചര്യത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഐക്യത്തോടെ മുന്നേറണമെന്ന് എം.കെ. രാഘവൻ എം.പി. പറഞ്ഞു. പുതുതായി നിയമിതരായ ജില്ലയിലെ 26 ബ്ലോക്ക് പ്രസിഡന്റുമാരുടെയും സ്ഥാനമൊഴിയുന്ന ബ്ലോക്ക് പ്രസിഡന്റുമാരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപരമായി ബി.ജെ.പി., ആർ.എസ്.എസ്., സി.പി.എം. ശക്തികളെ നേരിടാനും കോൺഗ്രസ് പ്രവർത്തകർ എപ്പോഴും സന്നദ്ധരാകണം. കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ അധ്യക്ഷതവഹിച്ചു. കെ. ജയന്ത്, പി.എം. നിയാസ്, കെ.സി. അബു, എൻ. സുബ്രഹ്മണ്യൻ, പി.എം. അബ്ദുറഹിമാൻ, ചോലക്കൽ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..