കോഴിക്കോട് : നിപ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 13-ന് യൂത്ത് ലീഗ്പ്രവർത്തകർ പേരാമ്പ്രയിൽ പ്രതിഷേധസംഗമം സംഘടിപ്പിക്കും. ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരക്കടുത്ത സൂപ്പിക്കടയിലെ വളച്ചുകെട്ടി മൂസ മുസ്‌ല്യാരും മക്കളായ സാലിഹും സാബിത്തും മൂസ മുസ്‌ല്യാരുടെ സഹോദരന്റെ ഭാര്യ മറിയവും നിപ ബാധിച്ച് മരിച്ചിരുന്നു.
ഈ കുടുംബത്തിന് സർക്കാർ നൽകിയ വാക്കുകളൊന്നും പാലിച്ചില്ലെന്ന് യൂത്ത്‌ലീഗ് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ബെംഗളൂരുവിൽ സിവിൽ എൻജിനിയറിങ് കോഴ്‌സിന് പഠിച്ചുകൊണ്ടിരുന്ന സാലിഹ് കേരള ഗ്രാമീൺ ബാങ്കിന്റെ പന്തിരിക്കര ബ്രാഞ്ചിൽനിന്നെടുത്ത നാലുലക്ഷത്തിന്റെ വിദ്യാഭ്യാസവായ്പ പലിശ ഇരട്ടിച്ച് 12 ലക്ഷത്തിൽ എത്തിനിൽക്കുകയാണ്. ബാങ്ക് അധികൃതർ ജപ്തിനടപടികളിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധസംഗമം നടത്തുന്നതെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാകമ്മിറ്റി പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ പറഞ്ഞു.
സാലിഹിന്റെ ബാങ്ക് വായ്പ ഏറ്റെടുക്കുമെന്നും ആശ്രിതർക്ക് ജോലിനൽകുമെന്നും സർക്കാർ വാഗ്ദാനംചെയ്തിരുന്നെങ്കിലും ഒന്നും നടപ്പായില്ല. ഈ കുടുംബത്തെ സഹായിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലതീരുമാനം ഉണ്ടാവാത്ത സാഹചര്യത്തിലാണ് സമരത്തിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതെന്ന് യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കുടുംബം പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. കോഴിക്കോട്ട് അത്യാധുനിക സൗകര്യങ്ങളോടെയുള്ള വൈറോളജി ലാബ് സ്ഥാപിക്കുമെന്ന് പറഞ്ഞതും വെറുതെയായെന്ന് നേതാക്കൾ പറഞ്ഞു. ജില്ലാസെക്രട്ടറി ടി. മൊയ്തീൻ കോയ, സി. ജാഫർസാദിഖ്, ഷഫീക്ക് അരക്കിണർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..