നെല്ല് സംഭരണം: ജില്ലയിലെ കർഷകർക്ക് കിട്ടാനുള്ളത് 2.46 കോടി


1 min read
Read later
Print
Share

വടകര : നെല്ല് സംഭരിച്ചവകയിൽ ജില്ലയിലെ കർഷകർക്ക് നൽകാനുള്ളത് 2.46 കോടിരൂപ. 8694.46 ടൺ നെല്ലാണ് ജില്ലയിൽനിന്ന് സംഭരിച്ചത്. കിലോയ്ക്ക് 28.32 രൂപയാണ് കർഷകർക്ക് കിട്ടുക. ഇതുപ്രകാരം 2.46 കോടിരൂപ കർഷകർക്ക് ലഭിക്കണം. എന്നാൽ മുഴുവൻ തുകയും കൊടുക്കാൻ ബാക്കിയാണെന്നാണ് സപ്ലൈകോയുടെ വെബ്‌സൈറ്റിൽ ഉൾപ്പെടെ രേഖപ്പെടുത്തിയിട്ടുള്ളത്. നെല്ല് സംഭരിച്ചവകയിൽ പണം കിട്ടിയില്ലെന്ന് കർഷകരും പരാതിപ്പെടുന്നുണ്ട്.

മൊത്തം 373 കർഷകർക്കാണ് തുക കിട്ടേണ്ടത്. തുക നൽകുന്നതിനുള്ള നടപടികൾ ഊർജിതമാണെന്നും ഏപ്രിൽവരെയുള്ള തുകയെല്ലാം നൽകിയെന്നുമാണ് സപ്ലൈകോയുടെ വിശദീകരണം. അതിനുശേഷമുള്ളതിന്റെ രേഖകളും മറ്റും പരിശോധിച്ചുകൊണ്ടിരിക്കയാണ്. ബാങ്കിൽനിന്ന് തുക വിതരണംചെയ്തശേഷമുള്ള വിവരം സൈറ്റിൽ പുതുക്കിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ല് സംഭരിച്ചത് വടകര താലൂക്കിൽനിന്നാണ്. 4,49,732 കിലോ. കൂടുതൽ കർഷകരും ഇവിടെത്തന്നെ. 159 പേർ. വടകരയിലെ ഏറ്റവും വലിയ പാടശേഖരമായ ചെരണ്ടത്തൂർ ചിറയിൽനിന്നുൾപ്പെടെ നല്ല തോതിൽ നെല്ല് ശേഖരിച്ചിട്ടുണ്ട്. വടകര താലൂക്കിലെ കർഷകർക്ക് മാത്രം 1.27 കോടിരൂപ നൽകാനുണ്ട്. 1,80,449 ലക്ഷം കിലോ നെല്ല് കൊയിലാണ്ടി താലൂക്കിലെ പാടശേഖരങ്ങളിൽനിന്ന് സംഭരിച്ചു. 51.10 ലക്ഷംരൂപ സംഭരണവിലയായി നൽകണം. 107 കർഷകരാണ് ഇവിടെയുള്ളത്. കോഴിക്കോട് 66 കർഷകരിൽ നിന്നായി 1.52 ലക്ഷം കിലോ നെല്ല് ശേഖരിച്ചു. 43.05 ലക്ഷംരൂപ കിട്ടണം.

കനറാ ബാങ്ക്, എസ്.ബി.ഐ., ഫെഡറൽ ബാങ്ക് എന്നിവവഴിയാണ് നിലവിൽ തുക വിതരണംചെയ്യേണ്ടത്. ഇതിനായി രേഖകൾ പരിശോധിച്ച് സപ്ലൈകോ കർഷകരുടെ വിവരങ്ങൾ ബാങ്കിന് നൽകണം. തുടർന്ന് ബാങ്കിൽനിന്ന് വിളി വന്നാലാണ് തുക കിട്ടുക. നെല്ല് നൽകി ഒരുമാസമായിട്ടും തുക കിട്ടാത്തവരുണ്ട്. കടം വാങ്ങിയും മറ്റും കൃഷി തുടങ്ങിയവരാണ് ഇതുമൂലം ദുരിതത്തിലാകുന്നത്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..