കോഴിക്കോട് : പെറ്റി കേസ് രേഖപ്പെടുത്തി വിട്ടയക്കേണ്ട കേസുകളിൽ അനാവശ്യ ഇടപെടലുകൾ നടത്തി വ്യക്തികളുടെ ആത്മാഭിമാനവും സഞ്ചാരസ്വാതന്ത്ര്യവും ഹനിക്കുകയും മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസിന് സംസ്ഥാന പോലീസ് മേധാവി കർശനനിർദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
ഗതാഗതനിയമം ലംഘിച്ചതിന് പോലീസ് സ്റ്റേഷനിൽച്ചെന്ന് പിഴയടയ്ക്കാൻ നിർദേശിച്ചതിന്റെ ഫലമായി യുവാവിന് പി.എസ്.സി. പരീക്ഷയെഴുതാൻ സാധിക്കാത്ത സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്.
സംഭവത്തിൽ ഫറോക്ക് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് പ്രസാദിന്റെ ഭാഗത്ത് വീഴ്ചസംഭവിച്ചതായി കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ഉദ്യോഗസ്ഥന്റെ പ്രവൃത്തി കാരണം പോലീസ് സേനയുടെ സത്‌പേരിന് കളങ്കം സംഭവിച്ചിട്ടുണ്ടെന്നും കമ്മിഷൻ നിരീക്ഷിച്ചു.
ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടികൾ സ്വീകരിച്ചതായി സിറ്റി അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. 2022 ഒക്ടോബർ 25-ന് ഫറോക്ക് പുതിയപാലത്തിന് സമീപമാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. ഇരുചക്രവാഹനത്തിൽ ഓവർടേക്ക് ചെയ്യാനെത്തിയ അരുണിനോടാണ് ഗതാഗതനിയമലംഘനത്തിന് സ്റ്റേഷനിൽച്ചെന്ന് പിഴയടയ്ക്കാൻ നിർദേശിച്ചത്. പി.എസ്.സി. പരീക്ഷയെഴുതാൻ പോവുകയാണെന്ന വിവരം അരുൺ പറഞ്ഞില്ലെന്നാണ് പോലീസുകാരന്റെ വിശദീകരണം. പരാതിയെത്തുടർന്ന് രഞ്ജിത്ത് പ്രസാദിനെ സസ്പെൻഡ് ചെയ്തു. ഈ സാഹചര്യത്തിൽ കേസുമായി മുന്നോട്ടുപോകാൻ തനിക്ക് താത്‌പര്യമില്ലെന്ന് അരുൺ കമ്മിഷനെ അറിയിച്ചതിനെത്തുടർന്ന് പരാതി തീർപ്പാക്കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..