കോഴിക്കോട് : രാമനാട്ടുകര-വെങ്ങളം ബൈപ്പാസിൽ തൊണ്ടയാട് ആഴാതൃക്കോവിൽ ക്ഷേത്രത്തിന്റെ മതിൽ പൊളിക്കുന്നതിലെ തർക്കം പരിഹരിക്കാൻ വാർഡ് കൗൺസിലർകൂടിയായ മേയറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലെ നിർദേശങ്ങൾ ഇരുവിഭാഗവും അംഗീകരിച്ചു. കരാർക്കമ്പനി ആളുകളെവെച്ച് മതിൽപൊളിച്ച് അതേ കല്ലുകൾ ഉപയോഗിച്ച് വീണ്ടും കെട്ടിക്കൊടുക്കും. ബൈപ്പാസിനുവേണ്ടി പൊളിക്കുന്ന മതിലിന് തൊട്ടടുത്തുള്ള ക്ഷേത്രക്കുളത്തിന്റെ ഒരുഭാഗം അഴുക്കുചാൽനിർമാണത്തിൽ ഉൾപ്പെടുന്നതിനാൽ കുളം കോൺക്രീറ്റ് സ്ളാബിട്ട് നിലനിർത്തണമെന്ന നിർദേശവും ചർച്ചയിൽ അംഗീകരിച്ചു.
ഇതുസംബന്ധിച്ച് പ്രോജക്ട് മാനേജരുമായി കൂടിയാലോചിച്ച് രണ്ട് ദിവസത്തിനുള്ളിൽ അന്തിമതീരുമാനം അറിയിക്കുമെന്ന് ചർച്ചയിൽ പങ്കെടുന്ന കമ്പനിപ്രതിനിധി പറഞ്ഞു. പ്രശ്നം പരിഹാരിക്കാതെ നീണ്ടതിനെത്തുടർന്ന് മേയർ ഇടപെട്ട് നടത്തിയ ചർച്ചയിലാണ് രമ്യമായ പരിഹാരത്തിന് വഴിതുറന്നത്. അഴുക്കുചാൽനിർമാണം സ്തംഭിച്ചതുകാരണം മഴ ശക്തമാകുന്നതോടെ വെള്ളക്കെട്ട് രൂപപ്പെടുമെന്നത് ആശങ്ക സൃഷ്ടിച്ചതോടെയാണ് കമ്പനി പ്രതിനിധികളെയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെയും പങ്കെടുപ്പിച്ച് മേയർ യോഗംവിളിച്ചത്.
ബൈപ്പാസ് ആറുവരിപ്പാത നിർമാണത്തിന് ക്ഷേത്രത്തിന്റെ സ്ഥലം വർഷങ്ങൾക്ക് മുമ്പേ ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകിയതാണ്. കരാർ അനുസരിച്ച് മതിൽ പൊളിക്കേണ്ടത് കരാറുകാരാണ്. എന്നാൽ ക്ഷേത്രമതിൽ പൊളിക്കുന്നതിൽ കമ്പനി ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു. ക്ഷേത്ര കമ്മിറ്റിക്കാരും പൊളിക്കാൻ തങ്ങളും തയ്യാറല്ലെന്ന് നിലപാടെടുത്തു. തുടർന്നാണ് അഴുക്കുചാൽനിർമാണം സ്തംഭിച്ചത്. ക്ഷേത്രത്തിന്റെ അഞ്ച് മീറ്ററോളം നീളത്തിലും ഒന്നരമീറ്റർ വീതിയിലും ത്രികോണാകൃതിയിലുള്ള സ്ഥലമാണ് ബൈപ്പാസിന് വിട്ടുകൊടുത്തത്.
ആഴാതൃക്കോവിൽ ക്ഷേത്രത്തിനുമുന്നിലെ ഭാഗം ഉൾപ്പെടെ 2.5 കി.മീറ്ററും പൂളക്കടവിന് അടുത്ത അമ്പലപ്പടിയിലുമാണ് നിർമാണം അവശേഷിക്കുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..