നാട്ടിൽ തിരിച്ചെത്തിയ ഫഹദും രാഹുലും ആംബുലൻസിനുമുന്നിൽ
ഫറോക്ക് : വെടിയുണ്ടകൾക്കുമുന്നിൽ പതറാതെ മൃതദേഹം ബിഹാറിലെ പൂർണിയയിലെത്തിച്ച് ഒമ്പത് ദിവസത്തിനുശേഷം അവർ തിരിച്ചെത്തി. ആംബുലൻസ് ഡ്രൈവർമാരായ പന്നിയങ്കര സ്വദേശി ഫഹദും ഒളവണ്ണ മാത്തറ സ്വദേശി രാഹുലുമാണ് വെള്ളിയാഴ്ച നാട്ടിൽ തിരിച്ചെത്തിയത്. നവംബർ 23-നാണ് ഫറോക്കിൽവെച്ച് തീവണ്ടിതട്ടി മരിച്ച ഇരുപത് വയസ്സുകാരനായ ബിഹാർ പൂർണിയ സ്വദേശി മുഹമ്മദ് അൻവാറുലിന്റെ മൃതദേഹവുമായി ഇവർ കോഴിക്കോട്ടുനിന്ന് പുറപ്പെട്ടത്.
നവംബർ 26-ന് രാവിലെ പതിനൊന്നരയോടെ മധ്യപ്രദേശിലെ ജബൽപുർ-റീവ ദേശീയപാതയിൽവെച്ച് ആംബുലൻസിനുനേരെ വെടിവെപ്പുണ്ടായി. ആംബുലൻസിന്റെ മുൻചില്ല് തകർന്നു. ദേശീയപാതയിൽ പട്രോളിങ്ങിലുണ്ടായിരുന്ന പോലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ജബൽപുരിലെ പോലീസിൽ വിവരമറിയിച്ചു. അന്നുരാത്രിയോടെ മറ്റൊരു ചില്ല് സ്ഥാപിച്ച് ഇവർ യാത്രതുടർന്നു. സംഭവം അറിഞ്ഞ എൽ.ജെ.ഡി. സംസ്ഥാന സെക്രട്ടറി സലീം മടവൂർ വിഷയം ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാറിന്റെ ഓഫിസിന്റെ ശ്രദ്ധയിൽപ്പെടുത്തി. പിന്നീട് ആംബുലൻസിന് ബിഹാറിൽ പോലീസ് സംരക്ഷണം ഏർപ്പെടുത്തി. 28-ന് ഇവർ ബിഹാറിലെ പൂർണിയയിലെത്തി. മൃതദേഹം സൂക്ഷിക്കാൻ അവിടെ സൗകര്യമില്ലാത്തതിനാൽ ആംബുലൻസിൽതന്നെ അന്ന് രാത്രി സൂക്ഷിച്ചു.
29-ന് രാവിലെ മൃതദേഹം അടക്കംചെയ്യുന്ന എല്ലാ കാര്യങ്ങളും ഫഹദും രാഹുലും ചേർന്ന് ചെയ്യുകയായിരുന്നു. തുടർന്ന് അന്ന് രാവിലെ പതിനൊന്ന് മണിയോടെ കേരളത്തിലേക്ക് തിരിച്ചു. ബിഹാർ അതിർത്തി കടക്കുന്നതുവരെയും ബിഹാർ പോലീസിന്റെ സംരക്ഷണവുമുണ്ടായിരുന്നു. ടി. ഉമ്മർകോയയുടെയും ആമിനയുടെയും മകനാണ് ഫഹദ്. സി. രാധാകൃഷ്ണന്റെയും ശോഭിതയുടെയും മകനാണ് രാഹുൽ.
ആദരിച്ചു
ഫഹദിനും രാഹുലിനും കോഴിക്കോട് സൗഹൃദക്കൂട്ടായ്മ സ്വീകരണംനൽകി. സൗഹൃദക്കൂട്ടായ്മക്കുവേണ്ടി എൽ.ജെ.ഡി. സംസ്ഥാന ജനറൽസെക്രട്ടറി സലീം മടവൂർ ഹാരാർപ്പണം നടത്തി.
പി. കിഷൻചന്ദ്, കെ.ബി. ജയാനന്ദൻ, കബീർ സലാല, ജയൻ വെസ്റ്റ്‌ഹിൽ, വത്സൻ എടക്കോടൻ, കെ.ടി. കരീം, എം.എ. സാജിദ്, ആംബുലൻസ് ഡ്രൈവർമാരുടെ സംഘടനാ നേതാക്കളായ റജി ജോസ്, മുഹമ്മദ് മുളയത്ത് എന്നിവർ സംസാരിച്ചു.
Content Highlights: kozhikode feroke ambulance bihar gun fire reached back
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..