സി.കെ. അജീഷ്
പേരാമ്പ്ര : പത്തുവർഷംമുമ്പ് സി.പി.എം. വിടുകയും അടുത്തകാലത്ത് കോൺഗ്രസിൽ ചേരുകയുംചെയ്ത അധ്യാപകനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. നൊച്ചാട് എ.എൽ.പി. സ്കൂൾ അധ്യാപകനും കോൺഗ്രസ് നൊച്ചാട് മണ്ഡലം സെക്രട്ടറിയുമായ സി.കെ. അജീഷിനെയാണ് പേരാമ്പ്ര എ.ഇ.ഒ. ലത്തീഫ് കരയത്തൊടി സസ്പെൻഡ് ചെയ്തത്. പേരാമ്പ്ര പോലീസ് എടുത്ത കേസിന്റെ തുടർച്ചയായിട്ടാണ് നടപടി.
കള്ളക്കേസുകളിൽ കുടുക്കിയതിനു പിന്നാലെ സി.പി.എം. നേതാക്കൾ ഇടപെട്ട് പ്രതികാരനടപടി സ്വീകരിക്കുകയാണെന്നാണ് അജീഷിന്റെ പരാതി. ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം. മുൻ ലോക്കൽ കമ്മിറ്റി അംഗവും നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് മുൻ സ്ഥിരംസമിതി ചെയർമാനുമാണ് ഇദ്ദേഹം.
ടി.പി. രാമകൃഷ്ണൻ എം.എൽ.എ. വിദ്യാഭ്യാസമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്നാണ് വകുപ്പുതല നടപടി തുടങ്ങിയത്. മുഖ്യമന്ത്രിക്കെതിരേ വിമാനത്തിൽ അതിക്രമം നടത്താൻ ശ്രമിച്ച കേസിൽ പ്രതിയാണെന്നും അച്ചടക്കനടപടി എടുക്കണമെന്നുമാണ് സ്‌കൂൾ മാനേജർക്ക് ഡി.പി.ഐ.യിൽനിന്ന് ആദ്യം നൽകിയ നിർദേശം. എന്നാൽ, ജീവിതത്തിലൊരിക്കലും വിമാനത്തിൽ യാത്രചെയ്യാതെയാണ് ഇങ്ങനെയൊരു കുറ്റംചാർത്തലെന്ന് അജീഷ് നേരത്തേ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്കെതിരേ വിമാനത്തിലുണ്ടായ അതിക്രമസംഭവവുമായി ബന്ധപ്പെട്ടുനടന്ന പ്രതിഷേധത്തിനിടെ നാട് കത്തിക്കുമെന്ന് പറഞ്ഞതിനെതിരേ മാത്രമാണ് താൻ പരാതിനൽകിയതെന്നാണ് ഇതേപ്പറ്റി ടി.പി. രാമകൃഷ്ണൻ വിശദീകരിച്ചത്.
നാട്ടിൽ കലാപാഹ്വാനം നടത്തിയെന്നാരോപിച്ച് ജൂൺ 13-ന് അജീഷിനെതിരേ പേരാമ്പ്ര പോലീസ് കേസെടുത്തിരുന്നു. സി.പി.എം. ലോക്കൽ സെക്രട്ടറിയുടെ പരാതിയിലായിരുന്നു കേസ്. പിന്നീട് പോലീസിനെ ആക്രമിച്ചുവെന്നപേരിൽ മറ്റൊരു കേസുമെടുത്തു. ഇതിൽ കോടതിയിൽനിന്ന് മുൻകൂർ ജാമ്യമെടുക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ വകുപ്പുതല അന്വേഷണം നടത്തിയിരുന്നു.
ചെയ്ത കുറ്റത്തിന് ആനുപാതികമായും കോടതി വിചാരണ നേരിടുന്ന വിഷയം കണക്കാക്കിയും അച്ചടക്കനടപടി സ്വീകരിക്കണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതിനുശേഷം നൽകിയ നിർദേശം. ഇതുപ്രകാരം മാനേജർക്ക് എ.ഇ.ഒ. കത്തുനൽകിയിരുന്നെങ്കിലും വിഷയത്തിൽ അധ്യാപകൻ നൽകിയ വിശദീകരണം തൃപ്തികരമായതിനാൽ നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന മറുപടിയാണ് മാനേജർ നൽകിയത്. മാനേജർ ശിക്ഷാനടപടി സ്വീകരിക്കാത്തപക്ഷം കേരള വിദ്യാഭ്യാസ നിയമപ്രകാരം എ.ഇ.ഒ. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ വീണ്ടും ഉത്തരവുനൽകി. ഇതനുസരിച്ചാണ് നവംബർ 14 മുതൽ 15 ദിവസത്തേക്ക് താത്‌കാലികമായി സേവനത്തിൽനിന്ന് നീക്കംചെയ്ത് എ.ഇ.ഒ. ഉത്തരവിറക്കിയത്.
Content Highlights: kozhikode perambra school teacher ck ajeesh suspended from service


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..