ഡീസലടിക്കാന്‍ പണമില്ല; എന്നാലും 16 കിലോമീറ്റര്‍ വെറുതെ ഓടിക്കും


ഒരുദിവസം 16,000 രൂപ പാഴ്‌ചെലവാക്കിയാലും ചോദിക്കാനും പറയാനും ആരുമില്ല

പാവങ്ങാട്ടെ ഡിപ്പോയിൽ നിർത്തിയിട്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി. ബസുകൾ

കോഴിക്കോട്: കെ.എസ്.ആർ.ടി.സി. പൂട്ടേണ്ടവിധം പ്രതിസന്ധിയിലാണെന്ന് മന്ത്രിതന്നെ പറയുമ്പോഴും 42 ബസുകൾ പാർക്കുചെയ്യാൻ മാത്രമായി ദിവസവും 16 കിലോമീറ്റർ വെറുതേയോടുന്നതിന് ഇനിയും പരിഹാരമായില്ല. ഏഴുകൊല്ലമായി പാവങ്ങാടുവരെ ഇങ്ങനെ ഒറ്റയാത്രക്കാരുമില്ലാതെ വെറുതേയോടി 3.26 കോടിരൂപയാണ് കെ.എസ്.ആർ.ടി.സി. പാഴാക്കിക്കളഞ്ഞത്. ഒരുദിവസം 16,000 രൂപയാണ് ഇപ്പോൾ പാഴ്‌ച്ചെലവ് വരുന്നത്.

ഡീസൽവില കൂടുന്നതിനനുസരിച്ച് നഷ്ടം കൂടിക്കൊണ്ടിരിക്കുകയാണ്. ബസ് പാർക്കിങ് നടക്കാവിലേക്ക് മാറ്റി റീജണൽ വർക്ക്ഷോപ്പ് പാവങ്ങാട്ടേക്ക് മാറ്റാൻ കഴിഞ്ഞവർഷം ഓഗസ്റ്റിൽ തീരുമാനിച്ചിരുന്നു. ഇക്കാര്യം ഗതാഗതമന്ത്രി ആന്റണിരാജു ഉറപ്പുനൽകിയതാണ്. പക്ഷേ, പിന്നീട് തുടർനടപടിയൊന്നുമുണ്ടായില്ല.

ഡീസലിന് ലിറ്ററിന് നൂറുരൂപ കടക്കുമ്പോഴും കോഴിക്കോട് ഡിപ്പോയിലെ 42 ബസുകൾ പാവങ്ങാട്ടേക്ക് വെറുതേ ഓടിക്കൊണ്ടിരിക്കുകയാണ്.

മൂന്നരയേക്കറോളം സ്ഥലം നടക്കാവിലെ റീജണൽ വർക്ക്‌ഷോപ്പിനുണ്ട്. പഴയ കെട്ടിടം പൊളിച്ചുമാറ്റി കുറച്ച് സൗകര്യങ്ങളൊരുക്കിയാൽ അവിടെ മുഴുവൻ ബസുകളും നിർത്തിയിടാം. പാവങ്ങാട്ട് കുണ്ടും കുഴിയും നികത്തി വർക്ക് ഷോപ്പിനുവേണ്ടിയുള്ള സൗകര്യങ്ങളൊരുക്കിയാൽമാത്രം മതി. നടക്കാവിലേക്ക് ബസ് പാർക്കിങ് മാറ്റിയാൽ ദിവസം നാലുകിലോമീറ്ററേ അധികം ഓടേണ്ടിവരുന്നുള്ളൂ. ഈസാധ്യതകളെല്ലാം ചർച്ചചെയ്യുകയും റിപ്പോർട്ട് തേടുകയുമൊക്കെ ചെയ്തതാണ്.

2009-ൽ മാവൂർറോഡിൽ ബസ് ടെർമിനലിന്റെ പണിതുടങ്ങിയപ്പോഴാണ് ഡിപ്പോയും ബസ് സർവീസുമെല്ലാം പാവങ്ങാട്ടേക്ക് മാറ്റിയത്. ജലഅതോറിറ്റിയുടെ സ്ഥലം പാട്ടത്തിനെടുത്താണ് കെ.എസ്.ആർ.ടി.സി. അവിടെ പ്രവർത്തനം തുടങ്ങിയത്.

2015-ൽ ടെർമിനൽ നിർമാണം പൂർത്തിയാക്കിയെങ്കിലും 74.43 കോടി ചെലവിൽ പണിത കെട്ടിടത്തിൽ സൗകര്യമില്ലാത്തതിനാൽ ബസുകളുടെ പാർക്കിങ് പാവങ്ങാടുതന്നെ തുടർന്നു. എൺപതിലധികം ബസുകളുള്ള ഡിപ്പോയിൽ നാല്പതുബസുകൾ നിർത്തിയിടാൻമാത്രമാണ് ടെർമിനലിൽ സൗകര്യമൊരുക്കിയത്.

Content Highlights: KSRTC Kozhikode Dipo

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..