സമ്പർക്കപ്പട്ടിക ഇനിയും പൂർത്തിയാക്കാൻ കഴിയാതെ ആരോഗ്യവകുപ്പ്; തയ്യാറാക്കുന്നത് ഏറെ വൈകി


2 min read
Read later
Print
Share

പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

ആശുപത്രിയിലെ സമ്പർക്കം കണ്ടെത്താൻ അറിയിപ്പുവന്നത് ദിവസങ്ങൾക്കുശേഷം

വടകര : നിപ വൈറസ് ബാധിതരുടെ സമ്പർക്കപ്പട്ടിക ഇനിയും പൂർത്തിയാക്കാൻ കഴിയാതെ ആരോഗ്യവകുപ്പ്. തിങ്കളാഴ്ച രാത്രിയിൽ മരിച്ച മംഗലാട് സ്വദേശി ഹാരിസിന് നിപയാണെന്ന് സ്ഥിരീകരിച്ച ചൊവ്വാഴ്ചതന്നെ അദ്ദേഹം സന്ദർശിച്ച വടകര ഗവ. ജില്ലാ ആശുപത്രി ഉൾപ്പെടെയുള്ളവയുടെ വിവരം പുറത്തുവന്നിരുന്നു. പത്താം തീയതിയാണ് ഹാരിസ് വടകര ഗവ. ജില്ലാ ആശുപത്രി സന്ദർശിച്ചത്. രാവിലെ 11 മണിമുതൽ മൂന്നുമണിവരെ ഹാരിസ് ഇവിടെ ഉണ്ടായിരുന്നു. ഈസമയത്ത് ആശുപത്രിയിൽ വന്നവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ക്വാറന്റീനിൽ പോകണമെന്നുമുള്ള അറിയിപ്പ് അഞ്ചുദിവസത്തിനുശേഷം ഞായറാഴ്ചയാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയത്. ഹാരിസ് ജില്ലാ ആശുപത്രിയിൽ പോയവിവരം നേരത്തെ അറിയാമായിരുന്നിട്ടും ഇവിടെ സമ്പർക്കത്തിൽപ്പെട്ടവരെ കണ്ടെത്താനുള്ള അറിയിപ്പ് നൽകാൻ ഇത്രയും ദിവസമെടുത്തത് എന്തിനാണെന്ന ചോദ്യമാണുയരുന്നത്.

ജില്ലാ ആശുപത്രിയിൽ ഹാരിസ് വന്നസമയത്തുള്ളവരെ കണ്ടെത്താൻ നേരത്തെതന്നെ നടപടി സ്വീകരിച്ചിരുന്നെന്നും ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ അവരെ കണ്ടെത്താനാണ് അറിയിപ്പെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. അത്യാഹിതവിഭാഗത്തിലാണ് ഹാരിസ് അന്നുവന്നത്. ശേഷം നിരീക്ഷണമുറിയിലും കഴിഞ്ഞു. ഈസമയം അത്യാഹിതവിഭാഗത്തിൽ വന്നവരെ കണ്ടെത്തണമെങ്കിൽ വന്നവരുടെ പേരല്ലാതെ വിലാസമോ ഫോൺനമ്പറോ ആശുപത്രിയിൽ ഇല്ല. പിന്നെയുള്ളത് സി.സി.ടി.വി. ദൃശ്യമാണ്. ഇവ ആശുപത്രിയിൽനിന്ന് ആരോഗ്യവകുപ്പ് ശേഖരിച്ചിരുന്നു. എന്നാൽ ഇത് നോക്കി ആളെ കണ്ടെത്തലും പ്രയാസമാണ്. അന്ന് ആശുപത്രിയിലുണ്ടായിരുന്നവർ സ്വമേധയാ മുന്നോട്ടുവന്ന് വിവരം അറിയിക്കൽതന്നെയാണ് പ്രധാനം. കുറച്ചുപേർ നേരത്തെ ഇങ്ങനെ മുന്നോട്ടുവന്നിട്ടുണ്ട്. എങ്കിലും ഇവിടത്തെ സമ്പർക്കപ്പട്ടിക പൂർണമല്ല.

വടകര പഴയ സ്റ്റാൻഡിനുസമീപത്തെ പള്ളിയിൽ എട്ടാംതീയതി ഉച്ചയ്ക്ക് 12.30-നും 1.30-നുമിടയിൽ എത്തിയവർ ക്വാറൻറീനിൽ പോകണമെന്ന അറിയിപ്പും വ്യാപകമായ ആശയക്കുഴപ്പമുണ്ടാക്കി. നിപ പോസിറ്റീവായ തിരുവള്ളൂർ സ്വദേശി പള്ളി സന്ദർശിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറിയിപ്പ്. എന്നാൽ പഴയ സ്റ്റാൻഡ് പരിസരത്ത് രണ്ട് പള്ളിയുണ്ട്. എടോടിയിൽ മറ്റൊന്നും. ഇതിലേത് പള്ളിയെന്നത് കൃത്യമായി പറയാത്തത് ആശങ്കയ്ക്കിടയാക്കി. ഒട്ടേറെപ്പേർ ആരോഗ്യ വകുപ്പിലും നിപ കൺട്രോൾ റൂമിലും വിളിച്ചു. ഒടുവിൽ രാത്രിയോടെ ഇതു തിരുത്തി ഉത്തരവായി. പഴയ സ്റ്റാൻഡിനുസമീപം എടോടി ജുമാമസ്ജിദ് എന്നാക്കി.

വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് ഇത്തരം അറിയിപ്പുകൾ പുറത്തുവിടുന്നത് എന്നതിന്റെ തെളിവാണിത്. ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്ന പ്രചാരണം നടത്തരുതെന്ന് അഭ്യർഥിക്കുന്ന അധികൃതർതന്നെയാണ് ഇത്തരം നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുന്നത് എന്നതാണ് വൈരുധ്യം.

നിപയ്ക്ക് വഴിയൊരുക്കി സുരക്ഷാവീഴ്ചകൾ

കോഴിക്കോട്: സംസ്ഥാനത്ത് നാലാംതവണയും ആവർത്തിച്ച നിപ രോഗബാധ ഉയർത്തുന്നത് ആരോഗ്യരംഗത്തെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങൾ. കോവിഡ് കാലത്തുണ്ടായിരുന്ന വ്യക്തിസുരക്ഷാ മുൻകരുതൽ കൈവിട്ടതും ബോധവത്കരണപ്രവർത്തനം നിലച്ചതും നിപയ്ക്ക് കടന്നുവരാൻ വഴിയൊരുക്കിയെന്നാണ് വിമർശനമുയരുന്നത്.

പ്രജനനസമയമായ മേയ് മുതൽ ഡിസംബർവരെയുള്ള കാലയളവിലാണ് വവ്വാലുകളിൽനിന്ന് നിപ വൈറസ് പുറത്തുവരുന്നതെന്നാണ് പഠനം സൂചിപ്പിക്കുന്നത്. 2018-ൽ കോഴിക്കോട്ട് ആദ്യമായി രോഗബാധയുണ്ടായതിനുശേഷം തൊട്ടടുത്ത വർഷങ്ങളിൽ വവ്വാലുകളുടെ പ്രജനനകാലത്ത് ആരോഗ്യവകുപ്പിന്റെ ബോധവത്കരണവും മുന്നറിയിപ്പുകളും ഉണ്ടായിരുന്നു. പത്രമാധ്യമങ്ങളിൽ ബോധവത്കരണത്തിനായി പരസ്യം നൽകാറുണ്ടായിരുന്നു. എന്നാൽ, പിന്നീട് ഇതെല്ലാം നിലച്ചു. നിപ വ്യാപനസാധ്യത നിലനിൽക്കേ ബോധവത്കരണം എന്തുകൊണ്ട് നടന്നില്ല എന്ന ചോദ്യമാണ്‌ ഉയരുന്നത്.

ഇത്തവണ നിപബാധിതനായി മരിച്ച ആദ്യരോഗിയുമായി ആശുപത്രിയിൽ സമ്പർക്കത്തിലായ വ്യക്തിക്കാണ് രണ്ടാമതായി രോഗം പകർന്നത്. ആശുപത്രികളിലെ സുരക്ഷാവീഴ്ചയിലേക്കാണ് സംഭവം വിരൽചൂണ്ടുന്നത്. ആശുപത്രിയിലെത്തുന്നവരും ജീവനക്കാരും മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാനടപടി സ്വീകരിച്ചിരുന്നെങ്കിൽ രോഗപ്പകർച്ച തടയാൻ കഴിയുമായിരുന്നു. കോവിഡ് ഭീഷണി കുറഞ്ഞതോടെ ആശുപത്രി ജീവനക്കാർവരെ മാസ്ക് ഉപയോഗിക്കാത്ത സ്ഥിതിയാണ്. കോവിഡ് കാലത്ത് മാസ്ക് നിർബന്ധമാക്കിയപ്പോൾ പകർച്ചവ്യാധികളിൽ വലിയ കുറവുണ്ടായത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

രോഗികളുടെ സ്രവങ്ങളിൽനിന്ന് രോഗപ്പകർച്ച ഒഴിവാക്കാൻ രോഗികളും ആശുപത്രി ജീവനക്കാരും വ്യക്തിസുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മുൻപ്രൊഫസർ ഡോ. ടി. ജയകൃഷ്ണൻ ചൂണ്ടിക്കാട്ടി. ആശുപത്രികളിൽ അനാവശ്യമായി രോഗികളെ സന്ദർശിക്കുന്ന സംസ്കാരവും മാറ്റേണ്ടതുണ്ട്. രോഗവിവരം ഫോൺവഴിയും മറ്റും അന്വേഷിക്കുന്നതാവും ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: nipah kozhikode

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..