ചെന്നൈയിൽ സൗത്ത് ഇന്ത്യ സൂപ്പർ മോഡൽ ഹണ്ടിൽ രണ്ടാംസ്ഥാനം നേടിയ ഡോ. ശ്രീനാഥ്
പെരിന്തല്‍മണ്ണ: 'ഡോക്ടര്‍ നല്ലൊരു മോഡലാ...' പെരിന്തല്‍മണ്ണ സ്വദേശിയായ ഡോ. ശ്രീനാഥിന്റെ കാര്യത്തില്‍ കണ്ണടച്ച് ഇങ്ങനെ പറയാം. ദന്തരോഗ പരിചരണമാണ് തൊഴില്‍. പക്ഷേ, മോഡലിങ്ങിലും ഹീറോയാണ് ഈ ഡോക്ടര്‍. ചെന്നൈയില്‍ നടന്ന 'സൗത്ത് ഇന്ത്യ സൂപ്പര്‍ മോഡല്‍ ഹണ്ടി'ല്‍ രണ്ടാംസ്ഥാനവുമായാണ് മോഡലിങ് മേഖലയില്‍ നേട്ടമുണ്ടാക്കിയത്. എ.സി.ടി.സി. നടത്തിയ ദക്ഷിണേന്ത്യാതല മത്സരത്തില്‍ അവസാനറൗണ്ടിലെത്തിയ 20 പേരില്‍നിന്നാണ് ഇദ്ദേഹം രണ്ടാംസ്ഥാനം നേടിയെടുത്തത്. ബെംഗളൂരുവില്‍ താമസിക്കുന്ന അങ്കമാലി സ്വദേശി ജോമിക്കാണ് ഒന്നാംസ്ഥാനം.
ബോഡി ഫിസിക്ക്, ഭാഷാപരിജ്ഞാനം, ടാലന്റ്, ചോദ്യം ഉത്തരം (ക്യു ആന്‍ഡ് എ) തുടങ്ങിയ വിവിധ ഘട്ടങ്ങളുള്ള മത്സരത്തിലാണ് മുപ്പത്തിരണ്ടുകാരനായ ശ്രീനാഥ് രണ്ടാമതെത്തിയത്. മോഡലിങ്ങിന് പുറമേ അമ്പതിലേറെ ദേശീയ-അന്താരാഷ്ട്ര മാരത്തണ്‍ മത്സരങ്ങളിലും പങ്കെടുത്ത് വിജയിയായി. മൂവായിരത്തിലേറെ പേരെ പങ്കെടുപ്പിച്ച് 2019-ല്‍ പെരിന്തല്‍മണ്ണയില്‍ നടത്തിയ 'റണ്‍ പെരിന്തല്‍മണ്ണ റണ്‍' മാരത്തണിന്റെ സംഘാടനത്തിനും ചുക്കാന്‍പിടിച്ചത് ഡോക്ടര്‍തന്നെ.
അഞ്ചുവര്‍ഷത്തിലേറെയായി മോഡലിങ് രംഗത്തുള്ള ശ്രീനാഥ് ഒട്ടേറെ ഷോകളിലും മികച്ച ബ്രാന്‍ഡുകള്‍ക്കായും മോഡലായിട്ടുണ്ട്.
കഴിഞ്ഞ നവംബറില്‍ കൊച്ചിയില്‍ നടത്തിയ 'മിസ്റ്റര്‍ കേരള' മോഡല്‍ മത്സരത്തില്‍ ടോപ് സിക്സ് സ്ഥാനം നേടി. മിസ്റ്റര്‍ കേരളയിലെ 'മിസ്റ്റര്‍ സ്റ്റൈല്‍ ഐക്കണ്‍' ആയും തിരഞ്ഞെടുക്കപ്പെട്ടു. പെരിന്തല്‍മണ്ണയില്‍ എട്ടുവര്‍ഷത്തോളമായി ക്ലിനിക് നടത്തുകയാണ് ഇദ്ദേഹം. മാനത്തുമംഗലം ശ്രീവിഹാറില്‍ പരേതനായ ശ്രീകുമാറിന്റെയും കെ.വി. രമണിയുടെയും മകനാണ്. ഭാര്യ: ഡോ. മായ. മക്കള്‍: മിലന്, നൈല്‍.
Content Highlights: doctor sreenath got second price in super model hunt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..