ഇ. ശ്രീധരൻ | Photo: Mathrubhumi
നിലമ്പൂർ : നിലമ്പൂർ-നഞ്ചൻകോട് റെയിൽപ്പാതയ്ക്ക് കേരള സർക്കാർ വേണ്ടത്ര താത്പര്യം കാണിക്കാതിരുന്നതാണ് കർണാടക, കേരളത്തിന്റെ നിർദേശം തള്ളാൻ കാരണമായതെന്ന് മെട്രോമാൻ ഡോ. ഇ. ശ്രീധരൻ. കഴിഞ്ഞദിവസം കേരളത്തിന്റെ റെയിൽ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും ബെംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്‌ചയിൽ നിലമ്പൂർ-നഞ്ചൻകോട് പാതയുടെ നിർദേശം അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ശ്രീധരന്റെ വിമർശനം.
പാരിസ്ഥിതികപ്രശ്‌നം ചൂണ്ടിക്കാണിച്ചാണ് കേരളത്തിന്റെ നിർദേശം കർണാടക തള്ളിയത്. കർണാടക സർക്കാരിനു മുൻപിൽ കൃത്യമായ വിവരങ്ങൾ നൽകാതെ നിലമ്പൂർ-നഞ്ചൻകോട് പാതയെ തകർക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ശ്രീധരൻ പറഞ്ഞു. കേന്ദ്ര റെയിൽവേ മന്ത്രാലയം അനുവദിച്ചതും 2013-ലെ റെയിൽവേ ബജറ്റിൽ അവസാന സർവേയ്ക്കായി ഉൾപ്പെടുത്തിയതുമായ പാതയാണിത്. തുടർന്ന് സർവേയ്ക്കായി യു.ഡി.എഫ്. സർക്കാർ ഡി.എം.ആർ.സി.യെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനായി അനുവദിച്ച ആറുകോടി രൂപയിൽ ആദ്യഗഡുവായി രണ്ടുകോടി രൂപയും അനുവദിച്ചു. എന്നാൽ പിന്നീടുവന്ന ഇടതുപക്ഷ സർക്കാർ ഡി.എം.ആർ.സി.യുടെ സർവേ നിർത്തിവെപ്പിക്കുകയും പണം പിൻവലിക്കുകയുമാണ് ചെയ്തതെന്നും ഇ. ശ്രീധരൻ കുറ്റപ്പെടുത്തി.
മുൻപ് കർണാടക വനംവകുപ്പിന്റെ പ്രതിനിധികളുമായി താൻ ഇക്കാര്യം സംസാരിച്ചിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറിയുമായും മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും സംസാരിച്ച് അനുമതി നേടിയിരുന്നതുമാണ്. ബന്ദിപ്പുർ വന്യജീവി സങ്കേതത്തിലൂടെ തുരങ്കം ഉപയോഗിച്ച് പാത നിർമിക്കാമെന്നായിരുന്നു ധാരണ. എന്നിട്ടും തലശ്ശേരി-മൈസൂരു പാതയ്ക്കുവേണ്ടി സംസ്ഥാന സർക്കാർ ഈ പദ്ധതിയെ നശിപ്പിക്കുകയായിരുന്നു -ശ്രീധരൻ കുറ്റപ്പെടുത്തി.
നിലമ്പൂർ-നഞ്ചൻകോട് പാത നടപ്പായാൽ കൊച്ചിയിൽനിന്ന് മൈസൂരുവിലേക്കുള്ള ദൂരം 348 കിലോമീറ്ററായി കുറയും. ബെംഗളൂരുവിലേക്കുള്ള ദൂരത്തിലും കാര്യമായ കുറവുണ്ടാകും.
Content Highlights: e sreedharan on nilambur nanjangud railway line


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..