ലഡാക്കിൽ അന്തരിച്ച സൈനികൻ നുഫൈലിന് നാട് വിടനൽകി


2 min read
Read later
Print
Share

ലഡാക്കിൽ മരിച്ച സൈനികൻ കെ.ടി. നുഫൈലിൻറെ മൃതദേഹം അരീക്കോട് കൊടവങ്ങാട് മൈതാനത്ത് പൊതുദർശനത്തിനു വെച്ചപ്പോൾ സൈന്യം ഗാർഡ്ഓഫ് ഓണർ നൽകുന്നു

അരീക്കോട്: ലഡാക്കിൽ മരിച്ച മലയാളി സൈനികൻ കെ.ടി. നുഫൈലിന്റെ (26) മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കുനിയിൽ ഇരുപ്പാങ്കുളം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

വീട്ടിലും കൊടുവങ്ങാട്ടെ മിച്ചഭൂമി മൈതാനത്തും പൊതുദർശനത്തിനുവെച്ച ശേഷമായിരുന്നു ഖബറടക്കം. ഡൽഹിയിൽനിന്ന് ശനിയാഴ്‌ച രാത്രി എട്ടോടെ വിമാനത്തിലാണ് മൃതദേഹം കരിപ്പൂരിലെത്തിച്ചത്. വിമാനത്താവളത്തിൽ കളക്ടർ വി.ആർ. പ്രേംകുമാർ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് ഹജ്ജ് ഹൗസിൽ സൂക്ഷിച്ച മൃതദേഹത്തിൽ വിവിധ സൈനിക വിഭാഗങ്ങൾക്കുവേണ്ടി പുഷ്‌പചക്രം അർപ്പിച്ചു. തുടർന്ന് മലപ്പുറം ജില്ലാ സൈനിക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ രാവിലെ ഏഴുമണിയോടെ ആംബുലൻസിൽ വിലാപയാത്രയായി സ്വദേശമായ അരീക്കോട് കുറ്റൂളിക്കടുത്ത കൊടവങ്ങാട്ടേക്കു കൊണ്ടുപോയി.

പുലരുംമുൻപ്‌ കരിപ്പൂരിലെത്തിയ നൂറുകണക്കിനു നാട്ടുകാർ വിവിധ വാഹനങ്ങളിലായി വിലാപയാത്രയിൽ പങ്കെടുത്തു. മേജർ പ്രവീൺകുമാർ യാദവ്, കേണൽ നവീൻ ബൻജിത്ത് എന്നിവർ അനുഗമിച്ചു.

കേരള പോലീസിനുവേണ്ടി മലപ്പുറം റിസർവ് സബ് ഇൻസ്‌പെക്‌ടർ വി.വി. മനോജിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. സംസ്ഥാന സർക്കാരിനും രാഹുൽ ഗാന്ധി എം.പി.ക്കും വേണ്ടി പി.കെ. ബഷീർ എം.എൽ.എ. രണ്ട് പുഷ്‌പചക്രങ്ങൾ അർപ്പിച്ചു. കളക്ടർ, എയർപോർട്ട് അതോറിറ്റി ഡയറക്ടർ, സി.ഐ.എസ്.എഫ്. കമാൻഡർ എന്നിവരും മലപ്പുറം സൈനിക കൂട്ടായ്‌മ, എൻ.സി.സി. തുടങ്ങിയവയ്ക്കു വേണ്ടിയും പുഷ്‌പചക്രം അർപ്പിച്ചു.

യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പന്തലിൽ പ്രത്യേക പ്രാർഥന നടത്തി. ഇ.ടി. മുഹമ്മദ്ബഷീർ എം.പി., ലിന്റോ ജോസഫ് എം.എൽ.എ., കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ, സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറി സി.പി. ചെറിയമുഹമ്മദ്, എസ്.കെ.എസ്.എസ്.എഫ്. മുൻ സംസ്ഥാന സെക്രട്ടറി കെ. മോയിൻകുട്ടി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.സി. സഫിയ, വൈസ് പ്രസിഡന്റ് പി.പി.എ. റഹ്‌മാൻ, ജില്ലാപഞ്ചായത്തംഗം റൈഹാനത്ത് കുറുമാടൻ തുടങ്ങി വിവിധ ജനപ്രതിനിധികളും സംഘടനാ നേതാക്കളും പന്തലിലെത്തി.

അവധിക്ക്‌ നാട്ടിലെത്തിയ നുഫൈൽ ജനുവരി 22-നാണ് ലഡാക്കിലെ സൈനിക ക്യാമ്പിലേക്കു മടങ്ങിയത്. വ്യാഴാഴ്‌ച രാവിലെ ജോലിക്കിടയിൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ലഡാക്കിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. നുഫൈൽ എട്ടു വർഷമായി ആർമി പോസ്റ്റൽ സർവീസിലാണ്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..