• മഞ്ചേരി ബോയ്സ് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാ എ ഡിവിഷൻ ഫുട്‌ബോൾ
മലപ്പുറം : നിറയെ ചെളി, വളർന്നുകിടക്കുന്ന പുല്ല്, പന്തു നീക്കാൻ പെടാപ്പാടുപെടുന്ന താരങ്ങൾ, മഴയും... മലപ്പുറം ജില്ലാ എ ഡിവിഷൻ കളി നടക്കുന്ന ഗ്രൗണ്ടിലെ കാഴ്ചയാണിത്. പന്തുമായുള്ള കുതിപ്പ് പൂർണമാകാതെ പലരും ഗ്രൗണ്ടിന് മധ്യത്തിലുള്ള ചെളിക്കുഴികളിൽ വീഴുന്നു. വീറുംവാശിയുമുള്ള പോരാട്ടത്തിൽ പക്ഷേ, ഭാഗ്യത്തിന് രക്ഷപ്പെടുന്ന ടീമുകളുണ്ട്. പുല്ലിൽ തടഞ്ഞും ചെളിയിൽ നീങ്ങാതെയും പന്ത് തടസ്സപ്പെടുമ്പോൾ കളി എങ്ങനെ ജയിക്കാൻ.
കനത്ത മഴയും ചെളിയുമായപ്പോൾ ബുധനാഴ്ചയിലെ രണ്ടാം മത്സരം രണ്ടാം പകുതിയുടെ തുടക്കത്തിൽ അവസാനിപ്പിച്ചു. മഞ്ചേരി ബോയ്സ് സ്‌കൂൾ ഗ്രൗണ്ടിലാണ് ജില്ലയിലെ പ്രധാനപ്പെട്ട ഫുട്‌ബോൾ ടൂർണമെന്റ് നടക്കുന്നത്. രാവിലെ ഏഴിനും ഒമ്പതരയ്ക്കും നടക്കുന്ന കളി കാണാൻ കളിയാസ്വാദകരും എത്തുന്നുണ്ട്. മികച്ച ഗ്രൗണ്ടുകളുണ്ടായിട്ടും ശോചനീയാവസ്ഥയിലുള്ള കളത്തിൽ മത്സരം നടത്തുന്നത് കളി കാണാനെത്തുന്ന ഫുട്‌ബോൾ പ്രേമികളെ നിരാശയിലാഴ്ത്തുന്നു. കോട്ടപ്പടിയിലും പയ്യനാട്ടും നിലമ്പൂരും തിരൂരും എടപ്പാളുമെല്ലാം സ്പോർട്സ് കൗൺസിലിന് കീഴിൽ മികച്ച പുൽമൈതാനങ്ങളുണ്ടെങ്കിലും ഇതൊന്നും ഉപയോഗപ്പെടുത്താൻ സംഘാടകർക്കാവുന്നില്ല.
നല്ല ഗ്രൗണ്ടുണ്ട്, പരിപാലനത്തിലാണ്
ഇപ്പോൾ കളി നടക്കുന്ന ഗ്രൗണ്ടിൽനിന്ന് വിളിപ്പാടകലെയുള്ള കോട്ടപ്പടി ഫുട്‌ബോൾ സ്റ്റേഡിയവും പയ്യനാട് സ്റ്റേഡിയവും ഇക്കഴിഞ്ഞ സന്തോഷ് ട്രോഫിക്കായി മിനുക്കിയെടുത്തിരുന്നു. എ.ഐ.എഫ്.എഫിന്റെ ഗുഡ് സർട്ടിഫിക്കറ്റ് നേടാനും സ്റ്റേഡിയങ്ങൾക്കായി. എന്നാൽ സന്തോഷ് ട്രോഫിക്കുശേഷം ഇവ രണ്ടും ഒരു മാസമായി മത്സരങ്ങളൊന്നുമില്ലാതെ കിടക്കുകയാണ്.
സന്തോഷ് ട്രോഫി കഴിഞ്ഞ ഉടനെ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ എ ഡിവിഷൻ ഫുട്‌ബോൾ മത്സരങ്ങൾ നടത്തുന്നതിന് ജില്ലാ സ്പോർട്സ് കൗൺസിലിനോട് അനുമതി തേടിയിരുന്നു. എന്നാൽ, പരിപാലനം നടക്കുകയാണെന്നും സാങ്കേതികമായുള്ള കാരണങ്ങളാൽ അനുവദിക്കാനാകില്ലെന്നുമായിരുന്നു മറുപടിയെന്ന് ഡി.എഫ്.എ. സെക്രട്ടറി ഡോ. പി.എം. സുധീർകുമാർ പറഞ്ഞു. കഴിഞ്ഞ മാസം 31-നകം തീരേണ്ട മത്സരം ടൂർണമെന്റുകളുടെ ആധിക്യംകൊണ്ട് പൂർത്തിയാക്കാൻ കഴിയാതെയായപ്പോൾ മത്സരം ഈ മാസം തുടരുകയാണ്.
എ ഡിവിഷൻ ഫുട്‌ബോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ച് നടത്തണമെന്ന ആവശ്യം നേരത്തെത്തന്നെ ഉയരുന്നുണ്ട്. തിരൂരും എടപ്പാളും ഇതിനായി ഉപയോഗിക്കാം. കൂടുതൽ പേർക്ക് കളി കാണാനുള്ള സൗകര്യം ഒരുക്കുന്നതോടൊപ്പം ജില്ലാ എ ഡിവിഷൻ മത്സരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളിലെത്താനും സഹായിക്കും.
മികച്ച സ്റ്റേഡിയത്തിൽ കളിക്കുന്നത് താരങ്ങൾക്കും ആത്മവിശ്വാസം പകരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..