മലപ്പുറം : കർഷകദിനമായ ചിങ്ങം ഒന്നിന് കാർഷികവികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ വിപുലമായ പരിപാടികൾ നടക്കും. സംസ്ഥാനത്ത് പുതുതായി ഒരുലക്ഷം കൃഷിയിടങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലയിലും പുതിയ കൃഷിയിടങ്ങൾ ഒരുങ്ങും.
ഒരു പഞ്ചായത്ത് വാർഡിൽ കുറഞ്ഞത് ആറ് കൃഷിയിടങ്ങളാണ് ഇതിനായി കണ്ടെത്തുന്നത്. ഇങ്ങനെ പുതുതായി കണ്ടെത്തുന്ന കൃഷിയിടങ്ങളുടെ ഉദ്ഘാടനം കർഷകദിനത്തിൽ വിവിധ മേഖലകളിൽനിന്നുള്ളവർ നിർവഹിക്കും.
'ഞങ്ങളും കൃഷിയിലേയ്ക്ക്' എന്ന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 'കൃഷിദർശൻ' പരിപാടിയുടെ ഭാഗമായി എല്ലാ കൃഷിഭവനുകളിലും വിളംബരജാഥ നടക്കും.
കാർഷിക വികസനസമിതി ഓരോ പഞ്ചായത്തിലെയും മികച്ച കർഷകരെ ആദരിക്കും. ഏറ്റവും മികച്ചരീതിയിൽ കർഷകദിനാഘോഷ പരിപാടികൾ നടത്തുന്ന കൃഷിഭവന് പുരസ്‌കാരം നൽകും.
കർഷക പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും
കർഷകദിനത്തിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സംസ്ഥാനതല പരിപാടിയിൽ ജില്ലയ്ക്ക് സ്വന്തമാകുന്നത് മൂന്ന് പുരസ്‌കാരങ്ങൾ.
കർഷക പുരസ്‌കാരങ്ങൾക്ക് അർഹരായ തിരുവമ്പാടി സേക്രഡ്ഹാർട്ട് എച്ച്.എസ്.എസിലെ മാനുവൽ ജോസഫ് (കർഷകപ്രതിഭ, ചാലിയാർ കൃഷിഭവൻ), ഒതുക്കുങ്ങൽ സ്വദേശി എ.കെ. ജഷീർ (മികച്ച കൂൺ കർഷകൻ), മുണ്ടുപറമ്പ് സ്വദേശി കെ. യൂസുഫ് (മികച്ച പച്ചക്കറിക്കർഷകൻ) എന്നിവർ ബുധനാഴ്‌ച പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും. കർഷകപ്രതിഭ പുരസ്‌കാരത്തിന് 10,000 രൂപയും സ്വർണമെഡലും ഫലകവും സർട്ടിഫിക്കറ്റും മികച്ച കൂൺ കർഷകന് 50,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും മികച്ച പച്ചക്കറിക്കർഷകന് 25,000 രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് സമ്മാനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..