സുബ്രതോ കപ്പ്: മലപ്പുറവും എറണാകുളവും ജേതാക്കൾ


• സുബ്രതോകപ്പ് ഫുട്‌ബോളിൽ അണ്ടർ-14 ആൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ്. ടീം

മലപ്പുറം : സംസ്ഥാന സുബ്രതോ കപ്പ് ഫുട്‌ബോളിൽ അണ്ടർ -14 ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും അണ്ടർ -17 പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളവും ജേതാക്കളായി.

പാലക്കാടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മലപ്പുറം കീഴടക്കിയത്. ഷബീബ് അലി, മുഹമ്മദ് ജിഷാൻ എന്നിവർ സ്കോർചെയ്തു. കണ്ണൂരിനെ 2-0 ത്തിന് തോൽപ്പിച്ചാണ് എറണാകുളം വിജയിച്ചത്. സാറ മേരി തോമസ്, അലിഷ ഹംസ എന്നിവർ സ്കോർ ചെയ്തു.

മലപ്പുറത്തെ പ്രതിനിധീകരിച്ച് എൻ.എൻ.എം.എച്ച്.എസ്.എസ്. ചേലേമ്പ്രയും എറണാകുളത്തെ പ്രതിനിധീകരിച്ച് ജി.എച്ച്.എസ്.എസ്. പനമ്പള്ളി നഗറുമാണ് കളത്തിലിറങ്ങിയത്. ഇരുടീമുകളും ദേശീയ സുബ്രതോ കപ്പ് ചാമ്പ്യൻഷിപ്പിനു യോഗ്യത നേടി. നേരത്തെ അണ്ടർ-17 ആൺകുട്ടികളുടെ വിഭാഗത്തിൽ എം.ഐ.സി. അത്താണിക്കൽ ജേതാക്കളായിരുന്നു. പി. ഉബൈദുള്ള എം.എൽ.എ., ജില്ലാ സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി എച്ച്.പി. അബ്ദുൽ മഹ്‌റൂഫ് എന്നിവർ ട്രോഫികൾ നൽകി. പാലോളി അബ്ദുറഹ്‌മാൻ, ഡി.ഡി.ഇ. കെ.പി. രമേഷ് കുമാർ, സംസ്ഥാന സ്പോർട്‌സ് ഓർഗനൈസർ ഹരീഷ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

എട്ടുവർഷത്തിനുശേഷം ടീം ചേലേമ്പ്ര

മലപ്പുറം : എട്ടുവർഷത്തിനുശേഷം ഡൽഹിയിലേക്ക് ടിക്കറ്റ് സ്വന്തമാക്കിയ ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ്. ഇനി ലക്ഷ്യമിടുന്നത് ദേശീയ കിരീടം. മുൻപ് 2014-ൽ ഡൽഹിയിൽ നടന്ന അണ്ടർ-14 വിഭാഗം ദേശീയ സുബ്രതോ ചാമ്പ്യൻഷിപ്പിൽ രണ്ടാം റൗണ്ടിൽ ചേലേമ്പ്രയിലെ കുട്ടികൾ പുറത്തായിരുന്നു. എട്ടുവർഷത്തിനുശേഷം വീണ്ടും പുറപ്പെടുമ്പോൾ കണക്കുകൂട്ടലുകൾ പിഴയ്ക്കാതിരിക്കാനുള്ള തന്ത്രത്തിലാണ് ടീം കോച്ച് കെ. മൻസൂർ അലി.

കോട്ടപ്പടിയിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജേതാക്കളായതിലൂടെ തങ്ങളിപ്പോഴും ഫുട്‌ബോളിലെ കരുത്തരാണെന്ന് ചേലേമ്പ്ര വിളിച്ചുപറയുകയാണ്.

ജില്ലാതല ചാമ്പ്യൻഷിപ്പിൽ അണ്ടർ-17 വിഭാഗത്തിൽ അത്താണിക്കൽ എം.ഐ.സി.യോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയത് സ്കൂളിന്‌ വലിയ ഞെട്ടൽ ഉണ്ടാക്കിയിരുന്നു. നാട്ടിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ക്യാപ്റ്റൻ അമൻ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ടീം സകല മേഖലയിലും മികച്ചുനിന്നു. മുന്നേറ്റതാരം മുഹമ്മദ് ജിഷാൻ എട്ടു ഗോളുകളാണ് സ്വന്തമാക്കിയത്.

അണ്ടർ-17 വിഭാഗത്തിലും ചേലേമ്പ്ര രണ്ടുതവണ ദേശീയ ചാമ്പ്യൻഷിപ്പിലെത്തിയിട്ടുണ്ട്, 2017, 2018 വർഷങ്ങളിൽ. 2017-ൽ സെമിയിൽ അഫ്ഗാനിസ്ഥാനോട് അവസാനനിമിഷം ഗോൾ വഴങ്ങിയാണ് ഫൈനൽ കാണാതെ പുറത്തായത്.

100 കുട്ടികളാണ് സ്കൂൾ ഫുട്‌ബോൾ അക്കാദമിയിലുള്ളത്. മുഹമ്മദ് ഇസ്മയിൽ, ബൈജീബ്, ഫസലുൽ ഹഖ് എന്നിവരാണ് ടീം മാനേജർമാർ. ഡൽഹിയിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്ന് കോച്ച് മൻസൂർ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..