കോളേജ് ഓര്‍മകള്‍ പങ്കുവെച്ച് പാണക്കാട് സാദിഖലി തങ്ങളും എ. വിജയരാഘവനും


• മലപ്പുറം ഗവ. കോളജ് സുവർണ ജൂബിലിയുടെ ഭാഗമായി നടന്ന ‘ഓർമകളിലേക്കൊരു ലാൻഡിങ്’ പൂർവവിദ്യാർഥി സംഗമത്തിൽ മുഖ്യാതിഥികളായെത്തിയ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ എന്നിവർ വേദിയിലേക്ക് വരുന്നു

മലപ്പുറം : സമരവും സൗഹൃദവും പഠിപ്പിച്ച മലപ്പുറം ഗവ. കോളേജിലെ ഓർമകൾ പങ്കുവെച്ച് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവനും. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മലപ്പുറം ഗവ. കോളേജിൽ നടത്തിയ ‘ഓർമകളിലേക്കൊരു ലാൻഡിങ്’ പൂർവവിദ്യാർഥി സംഗമത്തിലാണ് ഇവരുവരും പഠനകാലത്തെ ഓർമകൾ സദസ്സിന്‌ മുന്നിൽ പങ്കുവെച്ചത്. വിജയരാഘവൻ ബി.എ. ഇസ്‌ലാമിക് ഹിസ്റ്ററിക്ക്‌ പഠിക്കുമ്പോൾ സാദിഖലി തങ്ങൾ പ്രീഡിഗ്രി വിദ്യാർഥിയായിരുന്നു. കോളേജ് പോൾവാൾട്ട്, ഫുട്‌ബോൾ, നാടകം ടീമുകളിൽ അംഗമായിരുന്നു അന്ന് വിജയരാഘവൻ.

സൗഹൃദ കലാലയം

രാഷ്ട്രീയത്തിന് അപ്പുറം കോളേജിലെ സൗഹൃദാന്തരീക്ഷം നിറഞ്ഞ കാലമായിരുന്നു അന്നെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. പഠനത്തോടൊപ്പം കുട്ടികൾ കലാ കായിക, സാംസ്കാരിക രംഗങ്ങളിലെല്ലാം സജീവമായിരുന്നു. ഇപ്പോൾ സമയത്തിന് വലിയ വേഗം കൈവന്നിരിക്കുന്നു. ഞൊടിയിടയിലാണ് കാര്യങ്ങൾ മാറി മറിയുന്നത്. ഇത് നമ്മുടെ ഓർമശക്തിയെപ്പോലും താളംതെറ്റിക്കുന്നുണ്ടെന്നും തങ്ങൾ വിവരിച്ചു.

സമരങ്ങൾ ഓർത്തെടുത്ത് വിജയരാഘവൻ

ഭാഷാസമരവും തുടർന്നുള്ള വെടിവെപ്പുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങളാണ് വിജയരാഘവന്റെ മനസ്സിലേക്ക് ഓടിയെത്തിയത്. അന്ന് കളക്ടറേറ്റിനുമുന്നിൽ വെടിവെപ്പ് നടന്നപ്പോൾ കോളേജിലെ കുട്ടികളെല്ലാം രാഷ്ട്രീയം മാറ്റിവെച്ച് ഒന്നിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ച് പെൺകുട്ടികളെ അടക്കം വീട്ടിലെത്തിക്കുന്ന ചുമതല ഏറ്റെടുത്തിരുന്നു.

കോളേജിലെ എല്ലാവരും വീടുകളിലെത്തിയെന്ന് ഉറപ്പുവരുത്താനായി അവസാനഘട്ട പരിശോധന നടക്കുന്നതിനിടെയാണ് സാദിഖലി തങ്ങളെ താൻ കാണുന്നതെന്ന് വിജയരാഘവൻ ഓർത്തെടുത്തു.

കോളേജിന്റെ ഒരു ഉദ്ഘാടന പരിപാടിയിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയും പങ്കെടുക്കുമ്പോൾ താനടക്കമുള്ള വിദ്യാർഥികൾ വേദി കൈയടക്കി പ്രശ്നം സൃഷ്ടിച്ചിരുന്നു. ഇന്നാണ് ഈ സംഭവം നടക്കുന്നതെങ്കിൽ അത് ഒരു വലിയ സംഘർഷത്തിലേക്ക് നയിക്കുമായിരുന്നുവെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

ടി.വി. ഇബ്രാഹിം എം.എൽ.എ., ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി, നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, പ്രിൻസിപ്പൽ ഡോ. കെ.കെ. ദാമോദരൻ, യു. അബ്ദുൽകരീം, ഡോ. പി.കെ. അബൂബക്കർ, മൊയ്തീൻ തോട്ടശ്ശേരി, ഡോ. പ്രജിത്ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..