വികസന നായകനെ


• അന്തരിച്ച മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന് അന്ത്യോപചാരമർപ്പിക്കുന്ന കോൺഗ്രസ് നേതാക്കളായ എം.കെ. രാഘവൻ എം.പി., ടി. സിദ്ദീഖ് എം.എൽ.എ., എം.എം. ഹസ്സൻ തുടങ്ങിയവർ

നിലമ്പൂർ : തൊഴിലാളി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്ന ആര്യാടൻ മുഹമ്മദ് യാത്രയാകുന്നത് ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നാടിന്‌ സമർപ്പിച്ച്. 1952-ൽ കോൺഗ്രസിൽ അംഗത്വമെടുത്ത ആര്യാടനെ പാർട്ടി ഏൽപ്പിച്ചത് തോട്ടംതൊഴിലാളി മേഖലയെയായിരുന്നു. ഐ.എൻ.ടി.യു.സി. പ്രസ്ഥാനത്തെ മലബാർ മേഖലയിൽ കരുത്തുറ്റ സംഘടനയാക്കി മാറ്റിയതിൽ ആര്യാടന്റെ പങ്ക് വളരെ വലുതാണ്.

1980-ൽ ഇ.കെ. നയനാർ മന്ത്രി സഭയിൽ വനം-തൊഴിൽ മന്ത്രിയായി വന്നപ്പോഴാണ് നൂറുകണക്കിന് ആളുകൾക്ക് തൊഴിലവസരം തുറന്ന് പ്ലാന്റേഷൻ കോർപ്പറേഷന്റെ മൂന്ന് എസ്റ്റേറ്റുകൾക്ക് തുടക്കമിട്ടത്. പാലക്കയം, വാണിയംപുഴ, പുഞ്ചക്കൊല്ലി വനമേഖലയിലാണ് എസ്റ്റേറ്റുകൾ തുടങ്ങിയത്. മുണ്ടേിരി, മുട്ടിക്കടവ് വിത്ത് കൃഷിത്തോട്ടം, നിലമ്പൂർ വുഡ് കോംപ്ലക്സ്, മൈലാടി പാലം, എടക്കര-മൂത്തേടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാറ്റാടി പാലം, നിലമ്പൂർ ഐ.ടി.ഐ, മിനി വൈദ്യുതി ഭവൻ, നിലമ്പൂർ-നായാടംപൊയിൽ മലയോര പാത, മലയോര മേഖലകളിലേക്ക് വൈദ്യുതി കണക്‌ഷൻ, നിലമ്പൂർ കെ.എസ്.ആർ.ടി.സി. കോമേഴ്സ്യൽ കോംപ്ലക്സ് എല്ലാം ആര്യാടൻ വിവിധ കാലയളവിൽ മന്ത്രിയായിരുന്ന സമയത്ത് നടപ്പാക്കി.നിലമ്പൂർ ബൈപ്പാസ് റോഡിന്റെ നിർമാണ ഉദ്ഘാടനം നടത്തുകയും ഒന്നാം ഗഡു അനുവദിക്കുകയും ചെയ്തശേഷമാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങിയത്. കരിമ്പുഴ വന്യജീവി സങ്കേതമാക്കി പ്രഖ്യാപിച്ചപ്പോൾ കർഷകപക്ഷത്തുനിന്ന് ഇതിനെതിരേ പ്രതിഷേധിച്ചതും ആര്യാടനായിരുന്നു. വികസനങ്ങളിൽ പ്രധാനമായും ഗ്രാമീണ റോഡുകൾക്കും പാലങ്ങൾക്കുമാണ് അദ്ദേഹം പ്രധാന്യം നൽകിയത്. വനം, തൊഴിൽ മന്ത്രിയായിരുന്ന സമയത്ത് ഏറെ താത്‌പര്യമെടുത്ത് നിലമ്പൂരിൽ കൊണ്ടുവന്ന വുഡ്കോംപ്ലക്സ് തുടർന്നു വന്നവർക്ക് സംരക്ഷിക്കാനാവത്തതിനാൽ അടച്ചുപൂട്ടിയത് ആര്യാടനെ വേദനിപ്പിച്ചു.

നിലമ്പൂർ മണ്ഡലത്തിലേക്ക് നിരവധി വികസനപ്രവർത്തനങ്ങളാണ് അദ്ദേഹം എത്തിച്ചത്. ആന്റണി മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായിരുക്കുമ്പോഴാണ് 1980-ൽ തൊഴിൽരഹിത വേതനവും കർഷക തൊഴിലാളി പെൻഷനും നടപ്പാക്കിയത്. 2005-ൽ വൈദ്യുതി മന്ത്രിയായിരിക്കേ ആർ.ജി.ജി.വൈ. പദ്ധതിയിൽ മലയോരങ്ങളിൽ വൈദ്യുതി എത്തിച്ചു. 2011-ൽ മലബാറിൽ പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ പദ്ധതികൾ നടപ്പാക്കി. ഉൾവനത്തിൽ ആദിവാസിക്കോളനികളിലും വൈദ്യുതി എത്തിക്കാനും അദ്ദേഹം മുൻകൈ എടുത്തു.

ഏറനാട് താലൂക്ക് വിഭജിച്ച് നിലമ്പൂർ താലൂക്ക് രൂപവത്കരിക്കുന്നതിന് വഴിയൊരുക്കിയതും ആര്യാടന്റെ ശ്രമഫലമായിരുന്നു. നിലമ്പൂർ ഗവ. കോളജിന് അനുമതി വാങ്ങി.

വൈദ്യുതി മന്ത്രിയെന്ന നിലയിൽ സ്മാർട്ട് സിറ്റി യാഥാർഥ്യമാക്കിയതിന് പിന്നിലും വലിയ പങ്കുണ്ട്. സൗര വൈദ്യുതി ഉത്പാദനം വീടുകളിലെത്തിച്ച് ജനകീയമാക്കിയത് ആര്യാടൻ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ്.

എട്ടു തവണയായി 32 വർഷത്തോളം നിലമ്പൂരിന്റെ ജനപ്രതിനിധി എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളാണ് നിലമ്പൂരിന്റെ വികസനത്തിന് അടിത്തറ പാകിയത്.

പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളി യൂണിയൻ അമരക്കാരൻ

കാളികാവ് : ആര്യാടൻ മുഹമ്മദിനെ നേതാവാക്കിയതിൽ വലിയൊരുപങ്കാണ് പുല്ലങ്കോട് റബ്ബർ എസ്റ്റേറ്റേറ്റിനുള്ളത്. ആസ്പിൻവാൾ കമ്പനിയുടെ ഉടമസ്ഥതയിലുള്ള തോട്ടം മേഖലയാണ് പുല്ലങ്കോട് റബ്ബർ എസ്റ്റേറ്റ്. കുഞ്ഞാലി തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് ഇടതുപ്രസ്ഥാനം ശക്തിപ്പെടുത്തുന്ന കാലത്താണ് ആര്യാടൻ പ്രവർത്തനമേഖലയായി പുല്ലങ്കോടിനെ തിരഞ്ഞെടുത്തത്. തൊഴിലാളികൾക്കൊപ്പം പാടിയിൽ കഞ്ഞിവെച്ച് കുടിച്ചും അന്തിയുറങ്ങിയും ആര്യാടൻ പുല്ലങ്കോട്ട് ഐ.എൻ.ടി.യു.സിക്ക് രൂപം നൽകി.

1960 മുതൽ യൂണിയൻ പ്രസിഡന്റ് ആര്യാടൻ തന്നെയായിരുന്നു. ഉല്പാദനക്ഷമത കുറഞ്ഞ റബ്ബർ ആയതിനാൽ തോട്ടംമേഖല കടുത്ത പ്രതിസന്ധി നേരിട്ടു. തൊഴിലാളികളെ പിരിച്ചുവിട്ട് തോട്ടം മേഖലയിൽനിന്ന് പിന്മാറാനായിരുന്നു കമ്പനിയുടെ തീരുമാനം.

മാനേജ്‌മെൻറിനോട് ചർച്ചനടത്തി കമ്പനി നിലനിർത്താനുള്ള നടപടിയെടുത്തത് ആര്യാടനാണ്. 1961 മുതൽ 1975 വരെ കാലയളവിൽ മുഴുവൻ മേഖലയും റീ പ്ലാന്റ് ചെയ്തു. 15 വർഷത്തേക്ക് ഒരു ആനുകൂല്യവും തൊഴിലാളികൾ ചോദിക്കരുതെന്ന നിർദേശം ആര്യാടൻ കൃത്യമായി പാലിച്ചു. പുതിയ മേഖലയിൽ ടാപ്പിങ് ആരംഭിച്ചതോടെ മറ്റു തോട്ടങ്ങളിൽ ഇല്ലാത്തതടക്കമുള്ള ആനുകൂല്യങ്ങൾ ആര്യാടന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് നേടിക്കൊടുത്തു.

മലയോരത്തിന് വെളിച്ചം നൽകി

: മലയോരമേഖലയുടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരംകണ്ട നേതാവാണ് ആര്യാടൻ. തുടർച്ചയായ വൈദ്യുതിമുടക്കവും വോൾട്ടേജ് ക്ഷാമവുമായിരുന്നു മലയോരത്തെ പ്രശ്നം. വൈദ്യുതിമന്ത്രി ആയിരിക്കേ പുല്ലങ്കോട് എസ്റ്റേറ്റിൽ നൽകിയ സ്വീകരണത്തിൽ സ്ഥലം വിട്ടുനൽകിയാൽ സബ്‌സ്റ്റേഷൻ സ്ഥാപിച്ച് വൈദ്യുതിപ്രശ്നം പരിഹരിക്കാമെന്ന് ആര്യാടൻ പ്രഖ്യാപിച്ചു. എസ്റ്റേറ്റ് മാനേജ്മെൻറ്‌ സ്ഥലം വിട്ടുനൽകിയതോടെ മന്ത്രി വാക്ക് പാലിച്ചു. മലയോരത്തെ വൈദ്യുതിരംഗത്തെ വിപ്ലവകരമായ മാറ്റത്തിന് വഴിവെച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..