മതനിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവ് -മുഖ്യമന്ത്രി


ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം

തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. എന്നും മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച മികച്ച സാമാജികനായിരുന്നു ആര്യാടൻ മുഹമ്മദെന്നും മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാൻ, ഗവർണർ: പുരോഗമനപരവും മതേതരവുമായ സമീപനവും ജനഹിതമറിഞ്ഞുള്ള പ്രവർത്തനവുംകൊണ്ട് സർവരുടെയും ആദരംനേടിയ നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്.

എ.എൻ. ഷംസീർ, നിയമസഭാ സ്പീക്കർ : മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് മുൻപന്തിയിൽനിന്ന വ്യക്തിയായിരുന്നു ആര്യാടൻ.

രാഹുൽഗാന്ധി എം.പി. : കോൺഗ്രസിന്റെ നെടുംതൂണുകളിലൊന്ന്. നല്ല രാഷ്ട്രീയക്കാരനും നല്ല മനുഷ്യജീവിയുമായിരുന്നു അദ്ദേഹം. എനിക്ക് വഴികാട്ടിയും മുതിർന്ന സഹോദരനുമായിരുന്നു

വി.ഡി. സതീശൻ, പ്രതിപക്ഷനേതാവ് : മലബാറിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് ഏഴുപതിറ്റാണ്ടോളം നെടുനായകത്വംവഹിച്ച നേതാവ്. മികച്ച സാമാജികൻ, തികഞ്ഞ മതേതരവാദി. പ്രതിസന്ധികൾ പരിഹരിച്ച് മുന്നണിയെയും പാർട്ടിയെയും ഒറ്റക്കെട്ടായി മുന്നോട്ടുനയിച്ചു.

ഉമ്മൻചാണ്ടി, മുൻമുഖ്യമന്ത്രി : കോൺഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയും. മലയോരങ്ങളിലും ആദിവാസിക്കോളനികളിലുമൊക്കെ വൈദ്യുതിയെത്തിച്ച പ്രവർത്തനം ശ്രദ്ധേയമായിരുന്നു.

കെ. സുധാകരൻ, കെ.പി.സി.സി. പ്രസിഡന്റ് : കോൺഗ്രസ് വികാരം നെഞ്ചോടുചേർത്ത് പ്രവർത്തിച്ച തികഞ്ഞ മതേതരവാദിയായ നേതാവ്. അഗാധമായ അറിവും ധൈര്യവും അദ്ദേഹത്തെ വ്യത്യസ്തനാക്കി.

എം.വി. ഗോവിന്ദൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി : മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്നതിൽ ശ്രദ്ധേയനായ നേതാവ്. പാർലമെന്ററി പ്രവർത്തനമേഖലയിൽ ഒരു ഭരണഘടനാ വിദഗ്ധനെപ്പോലെ അദ്ദേഹം പ്രവർത്തിച്ചു.

പി.വി. ചന്ദ്രൻ, മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ : മതനിരപേക്ഷനിലപാട് എന്നും ഉയർത്തിപ്പിടിച്ച നേതാവും മികച്ച ഭരണാധികാരിയും. എന്നും തന്റെ ആദർശങ്ങളിലും ബോധ്യങ്ങളിലും ഉറച്ചുനിന്നു. പിതാവ് പി.വി. സാമിയുള്ള കാലംമുതലേ ഞങ്ങളുടെ കുടുംബവുമായി അടുത്തബന്ധമുണ്ടായിരുന്നു. മാതൃഭൂമിയുടെ അടുത്തബന്ധുവായിരുന്നു അദ്ദേഹം.

കെ. സുരേന്ദ്രൻ, ബി.ജെ.പി. പ്രസിഡന്റ് : പ്രഗല്‌ഭനായ വാഗ്മിയും നിയമസഭാ സാമാജികനും സമർഥനായ ഭരണാധികാരിയും.ഭാരതീയസംസ്കാരത്തെയും നമ്മുടെ പൈതൃകത്തെയും ഉയർത്തിപ്പിടിച്ചു.

പി.എസ്. ശ്രീധരൻ പിള്ള, ഗോവ ഗവർണർ : ഗാന്ധിജിയോടൊപ്പം അണിചേർന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, ഇ. മൊയ്തു മൗലവി, പി.പി. ഉമ്മർകോയ തുടങ്ങിയവരുടെ പൈതൃകം പിന്തുടർന്ന വടക്കൻ കേരളത്തിലെ ഉന്നത നേതാവ്

എം.എം. ഹസൻ, യു.ഡി.എഫ്. കൺവീനർ : അടിയുറച്ച മതേതരവാദിയായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ കാൽപ്പാടുകൾ പിന്തുടർന്ന് കേരളരാഷ്ട്രീയത്തിൽ വർഗീയതയ്ക്കും ജാതീതയ്ക്കും എതിരായി പോരാട്ടം നടത്തി.

ഇ.പി. ജയരാജൻ, എൽ.ഡി.എഫ്. കൺവീനർ

: പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരണപക്ഷത്ത് ഇരിക്കുമ്പോഴും അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ച നേതാവ്

കെ.സി. വേണുഗോപാൽ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി : വിഷയങ്ങൾ ആഴത്തിൽ പഠിക്കുന്ന ഓർമശക്തി അദ്ഭുതപ്പെടുത്തുന്നതായിരുന്നു.

രമേശ് ചെന്നിത്തല, മുൻ പ്രതിപക്ഷനേതാവ് : കോൺഗ്രസിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്നതിൽ ദീർഘകാലം നിർണായകപങ്കുവഹിച്ചു ആര്യാടൻ.

വി.എം. സുധീരൻ, മുൻ കെ.പി.സി.സി. പ്രസിഡന്റ് : തൊഴിലാളി സമൂഹത്തിനുവേണ്ടി ശക്തമായി നിലകൊണ്ട ജനനേതാവും ഭരണാധികാരിയും.

കെ. രാധാകൃഷ്ണൻ, ദേവസ്വം മന്ത്രി : നഷ്ടമായത് പ്രഗല്ഭനായ പാർലമെന്റെറിയനെയും കഴിവുറ്റ ഭരണാധികാരിയെയും.

ആന്റണി രാജു, ഗതാഗതമന്ത്രി : കേരള രാഷ്ട്രീയത്തിലെ പ്രഗല്ഭനായ നിയമസഭാംഗവും സമർഥനായ ഭരണാധികാരിയുമായിരുന്നു ആര്യാടൻ.

ജോസ് കെ. മാണി എം.പി., : അഗാധമായ പാണ്ഡിത്യവും അനുഭവസമ്പത്തുമുള്ള നേതാവ്.

ഇ.ടി. മുഹമ്മദ്ബഷീർ എം.പി. : കഴിവും പ്രതിഭയുമുള്ള നേതാവിന്റെ നികത്താനാവാത്ത വിടവാണ് ഉണ്ടായത്. പ്രഗല്‌ഭനായ ട്രേഡ് യൂണിയനിസ്റ്റായാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. ആ കഴിവുകൾ തൊഴിൽമന്ത്രിയായപ്പോൾ സമർത്ഥമായി ഉപയോഗിക്കാൻ കഴിഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രൻ : മതനിരപേക്ഷ രാഷ്ട്രീയത്തിൽനിന്ന് അവസാനംവരെ വ്യതിചലിക്കാത്ത രാഷ്ട്രീയനേതാവ്. മലബാറിെല കോൺഗ്രസിന്റെ മുഖം.

പി.വി. അബ്ദുൾ വഹാബ് എം.പി. : പിതാവിന്റെ കാലംതൊട്ടേ ആര്യാടൻ മുഹമ്മദും കുടുംബവും തമ്മിൽ നല്ല അടുപ്പമായിരുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് രാഷ്ട്രീയപ്രവർത്തനം നടത്തിയ വ്യക്തിത്വം.

എം.പി. അബ്ദുസമദ് സമദാനി എം.പി. : കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും കേരള രാഷ്ട്രീയത്തിലെത്തന്നെയും കരുത്തനായ നേതാവാണ് വിടപറഞ്ഞത്. സ്വന്തമായ ആശയസമ്പന്നതകൊണ്ടും കർമശേഷികൊണ്ടും ശ്രദ്ധേയനായ അദ്ദേഹം പൊതുരംഗത്ത് തലയെടുപ്പോടെ നിലകൊണ്ടു.

ഡോ. പി.എം.വാരിയർ, കോട്ടയ്ക്കൽ ആര്യവൈദ്യശാല :കോട്ടയ്ക്കൽ വൈദ്യശാലയുമായി ഊഷ്മളബന്ധമായിരുന്നു ആര്യാടന്. ഏറെക്കാലം ആര്യവൈദ്യശാലാ ഐ.എൻ.ടി.യു.സി.യുടെ പ്രസിഡന്റായിരുന്നു. മുൻ മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാരിയരുമായി അടുത്ത ബന്ധമായിരുന്നു. പ്രത്യേക അവസരങ്ങളിൽ ഇവിടെ വരും, പരിപാടികളിൽ പങ്കെടുക്കും. നല്ല സുഹൃത്തിനെയും മാർഗദർശിയെയുമാണ് ഞങ്ങൾക്കു നഷ്ടപ്പെട്ടത്.

: മുൻമന്ത്രി ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു. മന്ത്രി വി. അബ്ദുറഹ്‌മാൻ, അനൂപ് ജേക്കബ് എം.എൽ.എ., മുസ്‌ലിംലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ, എൻ.സി.പി. ജില്ലാപ്രസിഡന്റ് കെ.പി. രാമനാഥൻ, സി.പി.ഐ. ജില്ലാസെക്രട്ടറി പി.കെ. കൃഷ്ണദാസ്, ബി.ജെ.പി. ജില്ലാപ്രസിഡന്റ് രവി തേലത്ത്, ഐ.എൻ.എൽ. ജില്ലാകമ്മിറ്റി, നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീർ പയ്യനങ്ങാടി, എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽസെക്രട്ടറി എസ്. മനോജ്, ബി.ജെ.പി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ, ഫോർവേഡ് ബ്ലോക്ക് ജില്ലാസെക്രട്ടറി കെ.പി. അനസ്, കെ.പി.സി.സി. ഗാന്ധിദർശൻ സമിതി ജില്ലാകമ്മിറ്റി, കേരള കൗൺസിൽ ഓഫ് ചർച്ചസ് ജില്ലാപ്രസിഡന്റ് ഫാ. മാത്യൂസ് വട്ടിയാനിക്കൽ, യു.ഡി.എഫ്. ജില്ലാ കൺവീനർ അഷ്‌റഫ് കോക്കൂർ, മുതിർന്ന കോൺഗ്രസ് നേതാവ് മംഗലം ഗോപിനാഥ്, ബി.ജെ.പി. പാലക്കാട് മേഖലാ അധ്യക്ഷൻ വി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അനുശോചിച്ചു. സി.പി.എം. ജില്ലാസെക്രട്ടറി ഇ.എൻ. മോഹൻദാസ്, യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. അജയ്‌മോഹൻ, സി.എം.പി. സംസ്ഥാനസെക്രട്ടറി കൃഷ്ണൻ കോട്ടുമല തുടങ്ങിയവർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലെത്തി അനുശോചനം അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..