വള്ളിക്കുന്നിലെസംരക്ഷണകേന്ദ്രംബോർഡിലൊതുങ്ങി


2 min read
Read later
Print
Share

കടലാമകൾ എത്തുന്നില്ല

• വള്ളിക്കുന്നിലെ അരിയല്ലൂർ മുതിയം കടപ്പുറത്ത് കടലാമ സംരക്ഷണകേന്ദ്രത്തിലേക്കുള്ള സൂചനാബോർഡ്‌

വള്ളിക്കുന്ന് : കടൽത്തീരത്ത് മുട്ടയിടാൻ കടലാമകൾ എത്തുന്നത് നിലച്ചതോടെ വള്ളിക്കുന്നിലെ കടലാമ സംരക്ഷണ കേന്ദ്രം ബോർഡിലൊതുങ്ങി. ഒലിവ് റെഡ്‍ലി ഇനത്തിൽപ്പെട്ട കടലാമകളാണ് ഒരുകാലത്ത് വള്ളിക്കുന്നിലെ പരപ്പാൽ, മുതിയം ബീച്ചുകളിൽ മുട്ടയിടാൻ എത്തിയിരുന്നത്.

അരിയല്ലൂർ മുതിയം കടപ്പുറത്ത് കടലാമ സംരക്ഷണകേന്ദ്രമായി അംഗീകരിച്ചിട്ടുള്ളതുമാണ്. എന്നാൽ ആറേഴുവർഷമായി ഇവയെ കാണുന്നില്ലെന്നാണ് നിരീക്ഷകർ പറയുന്നത്. നാല് വാച്ചർമാരായിരുന്നു ആമകളെ നിരീക്ഷിക്കുന്ന ചുമതല വഹിച്ചിരുന്നത്. പ്രജനനത്തിനെത്തുന്ന കടലാമകളെ ഉറക്കമൊഴിച്ചു കാത്തിരുന്ന് ഇവയുടെ മുട്ടകൾ ശേഖരിച്ച് വിരിയിപ്പിക്കുകയാണ് ഇവർ ചെയ്തിരുന്നത്.

മുട്ട സംരക്ഷിച്ചിരുന്നത് വാച്ചർമാർ

തീരമണയുന്ന കടലാമകൾ മുട്ടയിട്ട് മടങ്ങിയാൽ പിന്നെ നിരീക്ഷകരാണ് പരുന്തുകളിൽ നിന്നും മറ്റ് ജീവികളിൽ നിന്നും മുട്ടകൾ സംരക്ഷിച്ച് വിരിയിച്ച് കുഞ്ഞുങ്ങളെ ആഴക്കടലിലേക്ക് മടക്കി അയച്ചിരുന്നത്. രാത്രി വേലിയേറ്റ സമയങ്ങളിലാണ് തീരത്ത് വാച്ചർമാരുടെ നിരീക്ഷണം. ആമ വന്നതിന്റെ അടയാളം നോക്കിയാണ് ഇവർ മുട്ട കണ്ടെത്തുന്നത്. വടികൊണ്ട് കുത്തിനോക്കിയാൽ മുട്ടയുള്ളിടത്ത് വടി ആഴ്ന്നിറങ്ങും.

മുട്ടയോടൊപ്പമുള്ള കുമിളകളുൾപ്പെടെയാണ് ഇവർ ശേഖരിക്കുന്നത്. അധിക സമയം കാറ്റോ സൂര്യപ്രകാശമോ തട്ടാതെ വേണം ഇവ ശേഖരിക്കാൻ. ബക്കറ്റുപോലെയുള്ള പാത്രത്തിൽ മണൽനിറച്ച് അതിൽ മുട്ട വെച്ച് ഹാച്ചറിയിൽ സൂക്ഷിക്കും.

കോഴിക്കോട് വനംവകുപ്പിന്റെ മേൽനോട്ടത്തിലാണ് മുതിയം കടലാമ ഹാച്ചറിയുള്ളത്. 48 ദിവസത്തിനകം മുട്ട വിരിയും. ഈ സമയങ്ങളിൽ ഇവയ്ക്ക് മുകളിൽ വെള്ളം കയറാൻ പാടില്ല. കടൽ കയറിയാൽ പിന്നെ മുട്ട വിരിയില്ല.

ഒരു ആമയിൽ നിന്ന് തന്നെ 125 മുതൽ ഇരുനൂറോളം മുട്ടകളുണ്ടാകും.

ഒലിവ് റെഡ് ലി ഇനത്തിൽപ്പെട്ട ആയിരത്തിലേറെ ആമക്കുഞ്ഞുങ്ങളെ ഇപ്രകാരം കഴിഞ്ഞകാലങ്ങളിൽ കടലിൽ ഒഴുക്കിവിട്ടിട്ടുണ്ട്.

ആമകളുടെ വരവ് നിലച്ചതെങ്ങിനെ

കടൽത്തീരത്ത് മുട്ടയിടാൻ എത്തുന്ന കടലാമകളുടെ എണ്ണം നേരത്തെ കുറഞ്ഞുവന്നിരുന്നു. പിന്നീട് തീരത്ത് ഭിത്തികൾ വന്നതോടെയും രാവുംപകലും തുടരുന്ന മത്സ്യബന്ധന ബോട്ടുകളുടെ ശബ്ദകോലാഹലവും ആൾപ്പെരുമാറ്റവും ജനവാസം വർധിച്ചതുമെല്ലാം കടലാമകളുടെ വരവു നിലയ്ക്കാനിടയായി.

സെപ്റ്റംബർ മുതൽ മാർച്ച് മാസങ്ങളിലാണ് ആമകൾ മുട്ടയിടാനായി കരയ്ക്ക് കയറാറുള്ളത്. വർഷത്തിൽ സീസണിൽ രണ്ടുതവണയാണ് ഓരോ ആമകളും മുട്ടയിടാനെത്തുന്നത്. രണ്ടാമത് ലഭിക്കുന്ന മുട്ടകൾ ആദ്യത്തേതിനേക്കാൾ എണ്ണത്തിൽ കുറവായിരിക്കും.

ഇത്തവണ പ്രജനന കാലമായിട്ടും ആമകളൊന്നും ഇതുവരെ എത്തിയിട്ടില്ല. കാലാവസ്ഥ വ്യതിയാനവും വിദേശ കപ്പലുകളുടെ കടലരിച്ചുള്ള മത്സ്യബന്ധനവും കടലാമകളുടെ ആവാസവ്യവസ്ഥയ്ക്ക് പ്രതികൂലമായിട്ടുണ്ട്. പ്രജനന കാലമായിട്ടും കടലാമകളില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെങ്കിലും ആമകൾ വരുമെന്ന പ്രതീക്ഷയിലാണ് തീരം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..