രാജപുരം : വെള്ളരിക്കുണ്ടിൽ വൈദ്യുതി കാർ ചാർജ് ചെയ്യാനായി നിർത്തിയ ഡോക്ടർക്കുനേരേ മദ്യപിച്ചെത്തിയവരുടെ മർദനം. മലപ്പുറം വാഴക്കാട് സ്വദേശി ഡോ. പി.പി.അബ്ദുൾ നാസറി(37)നാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബളാൽ സ്വദേശികളായ സിബി, ബിനു എന്നിവർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സംഭവം.
മർദനത്തിൽ പരിക്കേറ്റ് പൂടംകല്ലിലെ താലൂക്കാസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന ഡോക്ടർ അബ്ദുൾനാസർ ദുരനുഭവം വിവരിക്കുന്നതിങ്ങനെ: ‘‘ഭാര്യ ഡോ. ഷഫീന മുഹമ്മദ് മാലക്കല്ല് ഹോമിയോ മെഡിക്കൽ ഓഫീസറാണ്. ഭാര്യയ്ക്കും മൂന്നു മക്കളോടുമൊപ്പം മാലക്കല്ലിലെ വാടകവീട്ടിലേക്ക് പോകുകയായിരുന്നു . ചീമേനി-വെള്ളരിക്കുണ്ട് റൂട്ടിലൂടെയായിരുന്നു യാത്ര. വൈകിട്ട് അഞ്ചരയോടെ വെള്ളരിക്കുണ്ട് കോട്ടക്കുന്നിലെത്തിയപ്പോൾ കാറിന്റെ ചാർജ് തീർന്നു. റോഡരികിലെ ഒരുവീട്ടിൽനിന്ന് ചാർജ് ചെയ്യുന്നതിനിടെ ഒരാൾ വന്ന് വീട്ടുടമസ്ഥനോടും ഞങ്ങളോടും വഴക്കിട്ടു. ഇവിടെ കാർ നിർത്താൻ പാടില്ലെന്നും ഉടൻ സ്ഥലം വിടണമെന്നും ആവശ്യപ്പെട്ടു. പെട്ടെന്നുതന്നെ ഒരു ടാക്സി വിളിച്ച് ഭാര്യയെയും മക്കളെയും മാലക്കല്ലിലേക്ക് വിട്ടു. കുറച്ചുകഴിഞ്ഞപ്പോൾ നേരത്തേ വന്നയാളും ഒപ്പം മറ്റൊരാളുമെത്തി വീണ്ടും വീട്ടുടമയോട് വഴക്കിട്ടു. എന്നോടും തട്ടിക്കയറി. പിന്നീടത് ഭീഷണയിലേക്കും മർദനത്തിലുമെത്തി. കാറിനുനേരേ കല്ലെടുത്തെറിഞ്ഞു. ചെവിക്കും നടുവിനും സാരമായി പരിക്കേറ്റ ഞാൻ ആസ്പത്രിയിൽ ചികിത്സ തേടുകയായിരുന്നു’’.
ഡോക്ടറുടെ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയെന്നും തുടർന്നാണ് സിബി, ബിനു എന്നിവർക്കെതിരെ കേസെടുത്തതെന്നും വെള്ളരിക്കുണ്ട് പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..