• തിരൂർ തുഞ്ചൻപറമ്പിൽ നടക്കുന്ന എം.ടി. ഉത്സവം ‘സാദര’ത്തിൽ നൃത്തമവതരിപ്പിക്കാനെത്തിയ മകൾ അശ്വതി ശ്രീകാന്ത് എം.ടി.യോടൊപ്പം
തിരൂർ : നവതി ആഘോഷിക്കുന്ന എം.ടി.ക്ക് നൃത്തച്ചുവടുകളിലൂടെ പ്രണാമമർപ്പിച്ച് മകൾ അശ്വതി ശ്രീകാന്ത്. തുഞ്ചൻപറമ്പിൽ സാദരം എം.ടി. ഉത്സവത്തിന്റെ ഭാഗമായാണ് ബുധനാഴ്ച അച്ഛനു പ്രിയപ്പെട്ട ഗാനങ്ങളുടെയും കാവ്യഭാഗങ്ങളുടെയും നൃത്താവിഷ്കാരവുമായി അശ്വതിയും സംഘവും അരങ്ങിലെത്തിയത്.
എഴുത്തച്ഛന്റെ ഭാരതംകിളിപ്പാട്ടിൽ എം.ടി.ക്ക് ഏറെ പ്രിയപ്പെട്ട ‘ഗാന്ധാരീവിലാപം’ നവതിസമ്മാനമായി അച്ഛനുസമർപ്പിച്ചു. ‘പത്തുമൊരെട്ടും ദിവസമുണ്ടായ യുദ്ധത്തെ’ക്കുറിച്ചുള്ള ഗാന്ധാരീവിലാപത്തിലെ വരികൾ വേദിയിൽ മുഴങ്ങിയപ്പോൾ അത് തുഞ്ചത്തെഴുച്ഛനുകൂടിയുള്ള പ്രണാമമായി. അരങ്ങിൽ ആടിത്തുടങ്ങിയ അശ്വതിയുടെ മുദ്രകളിലും ഭാവങ്ങളിലും യുദ്ധത്തിനുനേെരയുള്ള, മനുഷ്യക്കുരുതിക്കുനേരെയുള്ള ഗാന്ധാരിയുടെ വേദനയും അമർഷവും ജ്വലിച്ചു.
‘പ്രണവാകാരം...’ എന്നുതുടങ്ങുന്ന ഗണേശസ്തുതിയോടെയാണ് നൃത്തപ്രണാമം തുടങ്ങിയത്. എം.ടി. സിനിമയായ പരിണയത്തിലെ ‘സാമജസഞ്ചാരിണീ..’ ഉണ്ണിമായയും മാധവനും തമ്മിലുള്ള പ്രണയത്തിന്റെ മാധുര്യം അനുഭവിപ്പിക്കുന്നതായിരുന്നു. രാത്രിയുടെ സൗന്ദര്യം ആവാഹിച്ചു, ‘ഇന്ദുപുഷ്പം ചൂടിനിൽക്കും രാത്രി’ എന്ന ഗാനത്തിന്റെ അവതരണം.
ഒരു വടക്കൻ വീരഗാഥയിലെ ‘ഉണ്ണിഗണപതിത്തമ്പുരാനേ’ എന്ന ഗാനവും അരങ്ങേറി. കോഴിക്കോട് നൃത്യാലയത്തിൽ അശ്വതിയുടെ ശിഷ്യരായ നിഖിൽ രവീന്ദ്രൻ, ഉമാ ഭട്ടതിരിപ്പാട്, ഐശ്വര്യ സന്തോഷ്, ആഞ്ജലീന, ആർദ്ര, ലക്ഷ്മി, സാനിക എന്നിവരും അവതരണത്തിൽ പങ്കുചേർന്നു.
‘ദുംദും ദുംദും ദുന്ദുഭിനാദം...’ എന്ന ഗാനത്തിൽ മഴയുടെ മനോഹരമായ ആരവത്തോടെ അവതരണം സമാപിച്ചു. ഫോക് ഭാഗത്തിന് കോഴിക്കോട്ടെ വിനീത്കുമാറാണ് കൊറിയോഗ്രഫി നിർവഹിച്ചത്. മറ്റുള്ളവയ്ക്ക് അശ്വതിതന്നെ. അച്ഛന് നവതിവേളയിൽ, അച്ഛന്റെയും അമ്മയുടെയും സാന്നിധ്യത്തിൽ ഇങ്ങനെയൊരു സമ്മാനം സമർപ്പിക്കാനായതിൽ വലിയ ആഹ്ലാദമുണ്ടെന്ന് നൃത്താധ്യാപികയായ അശ്വതി പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..