.
തിരൂർ : രണ്ടാമൂഴം വായിച്ചവരിൽ അതിന്റെ കഥാസന്ദർഭങ്ങൾ മായാതെ കിടക്കുന്നുണ്ടാകും. പരിചിതമായ ആ കഥാസന്ദർഭങ്ങൾക്ക് ഇതാ അത്രയൊന്നും പരിചിതമല്ലാത്ത പുതിയ ഒരു ചിത്രരൂപം.
ചിത്രകാരൻ ശില്പി, പരിസ്ഥിതി പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ശ്രീനി പാലേരിയാണ് സ്വയം ആവിഷ്കരിച്ച 'റിഥമിക് റിബണിക് ' ശൈലിയിൽ രണ്ടാമൂഴത്തിലെ കഥാസന്ദർഭങ്ങൾക്ക് നിറമേകിയത്. ഒരു ചിത്രത്തിന് ഒരുമാസം എന്ന നിലയിൽ മൂന്നരവർഷമെടുത്താണ് ശ്രീനി ജലച്ചായത്തിൽ ഈ നാല്പതു ചിത്രങ്ങൾ ചെയ്തത്. രണ്ടാമൂഴത്തിലെ ആദ്യ അധ്യായം മുതൽ ഉള്ള വിവിധ രംഗങ്ങളാണിതിൽ. പേരു സൂചിപ്പിക്കുംപോലെ റിബണുകളെ ഓർമിപ്പിക്കുന്ന താളാത്മകമായ വരയാണിത്.
ഗദ ഒരു സാന്നിധ്യമായി ഇതിലെ എല്ലാ ചിത്രങ്ങളിലും വരുന്നു. അരക്കില്ലം കത്തിക്കുമ്പോൾ ഭീമന്റെ ഗദയുടെ കുഴലാണ് രക്ഷാവഴിയാകുന്നത്. ഓരോ ചിത്രത്തിലും ഗദയെ പലരൂപത്തിൽ ഉപയോഗിച്ചിരിക്കുന്നു. കോഴിക്കോട് സ്വദേശിയും ചിത്രകലാധ്യാപകനുമായ ശ്രീനി പാലേരിയുടെ വലിയ ആഗ്രഹമായിരുന്നു എം.ടിയുടെ കൂടി സാന്നിധ്യത്തിൽ ഇത് പ്രദർശിപ്പിക്കുക എന്നത്. തുഞ്ചൻപറമ്പിലെ പ്രദർശനസ്റ്റാളിൽ എം.ടി. ഇതുകാണാൻ വന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ശ്രീനി പറഞ്ഞു. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം മുമ്പ് ലോഹചിത്രങ്ങളായി ശ്രീനി ചെയ്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..