‘വികാരഭരിതം’ എം.ടി.യുടെ കഥാപ്രപഞ്ചം


2 min read
Read later
Print
Share

Caption

തിരൂർ : എം.ടി. എന്തുകൊണ്ട് ‘മാസ്റ്റർ’ ആകുന്നു? ഈ ചോദ്യത്തിന് എഴുത്തുകാരൻ ജയമോഹൻ പറഞ്ഞ ഉത്തരം ബുധനാഴ്‌ച തുഞ്ചൻപറമ്പിൽ നടന്ന എം.ടി.യുടെ രചനാലോകത്തെക്കുറിച്ചുള്ള പ്രഭാഷണപരിപാടിയെ ജീവനുള്ള സംവാദപരിപാടിയാക്കി. സ്വയം ഉയർത്തിയ ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയായിരുന്നു: ആ രചനകളിലെ വൈകാരികതകൊണ്ടാണ് അദ്ദേഹം ‘മാസ്റ്റർ’ ആകുന്നത്. ഒരു കൃതിയിൽ കാലാതീതമായി നിൽക്കുക അതിലെ വ്യക്തികളും വികാരങ്ങളുമാണ്. ചരിത്രമാകെ എഴുതിപ്പിടിപ്പിക്കുന്നതല്ല സാഹിത്യം. അതിന്റെ ചരിത്രത്തെക്കാൾ, രാഷ്ട്രീയത്തെക്കാൾ, സാമൂഹികപശ്ചാത്തലത്തെക്കാൾ വൈകാരികതലത്തിനാണു പ്രാധാന്യം. കമ്പരാമായണത്തിലെ ചില ഭാഗങ്ങൾ വായിക്കുമ്പോൾ തന്റെ അമ്മയും അതുകേട്ടിരിക്കുന്നവരും കരഞ്ഞ അനുഭവം ഉദാഹരിച്ച് ജയമോഹൻ പറഞ്ഞു.

തുടർന്നു സംസാരിച്ച പ്രൊഫ. എം.എം. നാരായണൻ ജയമോഹനോട് വിയോജിച്ചതോടെ ജയമോഹൻ എഴുന്നേറ്റുനിന്ന് ഇതു സിമ്പോസിയമല്ലെന്നും ഇതിനു മറുപടിക്ക് അവസരം തരണമെന്നും പറഞ്ഞു. ചരിത്രത്തെയും സാമൂഹികയാഥാർഥ്യങ്ങളെയും നിരാകരിച്ചുകൊണ്ടുള്ള കൃതികളുടെ വായന അപൂർണവും അരാഷ്ട്രീയവുമാകുമെന്നായിരുന്നു നാരായണന്റെ വാദം. അത്തരമൊരു വായനയ്ക്കപ്പുറത്തുള്ള വായനയെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും അതിനു മറ്റൊരു മാനമാണുള്ളതെന്നും ജയമോഹൻ മറുപടി പറഞ്ഞു. ഒരു പൂവിലൂടെ, പൂമ്പാറ്റയിലൂടെ എഴുത്തുകാരൻ സൃഷ്ടിക്കുന്ന കാട്-കൃതിക്കകത്തെ സ്വപ്നം-അതേപ്പറ്റിയാണു പറഞ്ഞത്.

എം.ടി.യുടെ രചനകളിൽ അന്നത്തെ അധികാരഘടനകളുമായി ബന്ധപ്പെട്ട സൂക്ഷ്‌മമായ രാഷ്ട്രീയചിത്രം കാണാനാകുമെന്ന് നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ ഇതിനു തുടർച്ചയൊരുക്കി. രാഷ്ട്രീയത്തെ വായനയിൽനിന്നു മാറ്റിനിർത്താനാകില്ല. അസഹിഷ്ണുതനിറഞ്ഞ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥ മുൻകൂട്ടിക്കണ്ട രചനയാണ് അസുരവിത്തെന്നും രാമകൃഷ്ണൻ പറഞ്ഞു.

മനോവികാരങ്ങളുടെ സത്യസന്ധമായ ആവിഷ്‌കാരത്തിനുള്ള മാധ്യമമായിരുന്നു എം.ടി.ക്ക് കഥയും നോവലുമെന്ന് നിരൂപകൻ ഡോ. പി.കെ. രാജശേഖരൻ നിരീക്ഷിച്ചു.

മലയാളത്തിൽ കഥയെ ചെറുകഥയെന്ന ആധുനിക സാഹിത്യരൂപത്തിലേക്കു പരിവർത്തിപ്പിച്ചത് എം.ടി.യാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. മഞ്ഞിലൂടെ മലയാളത്തിൽ എം.ടി. ഒരു പുതിയ സൗന്ദര്യഭൂമിക സൃഷ്ടിക്കുകയായിരുന്നുവെന്ന് എഴുത്തുകാരൻ ജോർജ് ഓണക്കൂർ പറഞ്ഞു.

കവിതയെപ്പോലെ ചെറുകഥയെയും പൂർണതയുള്ള സാഹിത്യരൂപമാക്കി ഉയർത്താൻ എം.ടി.ക്കു കഴിഞ്ഞുവെന്ന് നോവലിസ്റ്റ് സി.വി. ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇരുട്ടിനെ കലാവസ്തുവാക്കാൻ കഴിയുമെന്ന ഉറച്ച ബോധ്യത്തിന്റെ ഊറ്റമുള്ള എഴുത്തുകാരനാണ് എം.ടി.യെന്ന് കഥാകൃത്ത് സുഭാഷ് ചന്ദ്രൻ പറഞ്ഞു. മനുഷ്യന്റെ അന്തഃസംഘർഷങ്ങളുടെ ആവിഷ്‌കാരമാണ് സാഹിത്യം എന്ന് നമ്മെ ബോധ്യപ്പെടുത്തിയത് എം.ടി.യാണ് -കഥാകൃത്ത് കെ. രേഖ പറഞ്ഞു.

എം.ടി.യുടെ നോവൽഭൂമിക, എം.ടി.യുടെ കഥാപ്രപഞ്ചം എന്നിങ്ങനെ രണ്ടു സെഷനുകളിലായി നടന്ന പ്രഭാഷണപരിപാടികളിൽ ഡോ. എം.എം. ബഷീർ, വൈശാഖൻ എന്നിവർ അധ്യക്ഷതവഹിച്ചു. കെ.എസ്. വെങ്കിടാചലം, രജനി സുബോധ്, വിക്രമകുമാർ മുല്ലശ്ശേരി, എം. ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..