Caption
തിരൂർ : ചലച്ചിത്രാസ്വാദകരെ വിസ്മയിപ്പിച്ച തിരക്കഥകളുടെ ആചാര്യന് മലയാള സിനിമാലോകത്തിന്റെ ആദരം. സാദരം എം.ടി. ഉത്സവത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ തിരൂർ തുഞ്ചൻപറമ്പിൽ നടന്ന ‘എം.ടിയുടെ ചലച്ചിത്രകാലം’ പരിപാടി എം.ടി. സിനിമകളുടെ ഭാവലോകത്തേക്കുളള മറക്കാനാകാത്ത യാത്രയായി.
എം.ടി.യുടെ സിനിമകളിൽ എറെയും സംവിധാനംചെയ്ത ഹരിഹരൻ തന്നെയായിരുന്നു തിരക്കഥയിലെ സീനുകൾ തുറന്നത്. അദ്ഭുതത്തോടെയാണ് എം.ടി.യുടെ സിനിമാപ്രതിഭയെക്കുറിച്ച് ഹരിഹരൻ സംസാരിച്ചത്: ലോകസിനിമയിൽത്തന്നെ അത്യപൂർവമായ വ്യക്തിത്വമാണ് എം.ടി. ആറുപതിറ്റാണ്ടിലേറെ ഈ രംഗത്തുനിന്ന് ഒരു മനുഷ്യായുസ്സിനു ചെയ്യാൻ കഴിയുന്നതിലേറെ സംഭാവന ചെയ്ത മറ്റാരെങ്കിലും ലോകത്തുണ്ടോ? ഹരിഹരൻ ചോദിച്ചു.
എം.ടി. പുതുതായി വല്ല കഥയും എഴുതുന്നുണ്ടോ എന്നു നോക്കിയിരിക്കുകയാണ് മലയാളത്തിലെ ഏതു തലമുറയിലുംപെട്ട സംവിധായകർ. അതും അദ്ദേഹത്തിന്റെ നവതിവേളയിൽ. താൻ ആദ്യംചെയ്ത എം.ടിയുടെ ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’ അതുവരെയുണ്ടായിരുന്ന തന്റെ സിനിമയുടെ ഫോർമുലകളെയെല്ലാം മാറ്റി. എം.ടിയുടെ തിരക്കഥകൾ എനിക്കൊരു പാഠപുസ്തകമാണ്. ഒരു വിത്തുപോലെയാണ് അദ്ദേഹം കഥാബീജം പറയുക. അതൊരു ആൽവിത്താകും. തിരക്കഥ വായിക്കുമ്പോൾ നമ്മൾ അന്തംവിട്ടുപോകും -വടക്കൻ വീരഗാഥയെ ഉദാഹരിച്ച് ഹരിഹരൻ പറഞ്ഞു.
ഭാവസാന്ദ്രതയാണ് എം.ടി. തിരക്കഥകളുടെ സവിശേഷതയെന്ന് ഗാനരചയിതാവും എഴുത്തുകാരനുമായ കെ. ജയകുമാർ പറഞ്ഞു. മനസ്സിലെ ‘ആക്‌ഷൻ’ ആണ് അതിൽ പ്രധാനം. ക്യാമറയ്ക്കു ചെന്നെത്താൻ കഴിയാത്ത കഥാപാത്രങ്ങളുടെ മാനസികവ്യവഹാരങ്ങളുടെ സൂക്ഷ്മതയിലേക്കാണ് എം.ടി.യുടെ കണ്ണു ചെല്ലുന്നത്. തിരക്കഥ മറ്റൊരു സാഹിത്യരൂപമാണെന്ന് എം.ടി. തെളിയിച്ചു. കണ്ടാൽ മനസ്സിലാകാത്ത സിനിമയാണ് നിലവാരമുള്ള സിനിമ എന്ന ധാരണ പൊളിച്ചെഴുതി. സംഭാഷണമെഴുത്തിൽ എം.ടിയുടെ അനന്യത ശ്രദ്ധേയമാണ്. ചന്തുവിനെ ജയിക്കാൻ നിങ്ങൾക്കാവില്ല എന്ന് ആർക്കുംപറയാം, പക്ഷേ, അതിനൊപ്പമുള്ള മക്കളേ എന്ന ആ വാക്കുണ്ടല്ലോ, അത് എം.ടി.യുടേതുമാത്രമാണ്.
തിരക്കഥകളെക്കുറിച്ച് ഒരു പുസ്തകം -പ്രിയദർശൻ
തിരക്കഥകൾ എങ്ങനെയെഴുതണമെന്നു പഠിക്കാൻ പറ്റിയ പാഠപുസ്തകങ്ങളാണ് എം.ടി.യുടെ തിരക്കഥകൾ -സംവിധായകൻ പ്രിയദർശനെ അദ്ഭുതപ്പെടുത്തുന്നത് വാക്കുകൾക്കിടയിൽ ഉള്ള നിശബ്ദതയ്ക്ക് ആ വാക്കുകളെക്കാൾ വലിയ അർഥമുണ്ടാക്കുന്ന എം.ടി.യുടെ മാന്ത്രികതയാണ്. മുമ്പൊരിക്കൽ എം.ടി.യുടെ തിരക്കഥ സിനിമയാക്കാൻ ചെന്നൈയിൽ എം.ടി. വന്നപ്പോൾ തന്റെ അച്ഛന് സുഖമില്ലാതായതും ആ സിനിമ മുടങ്ങിപ്പോയതും പ്രിയദർശൻ ഓർത്തു. അച്ഛനല്ലേ വലുത് സിനിമയല്ലല്ലോ, സിനിമ പിന്നെയുമെടുക്കാം, പോയിട്ടുവരൂ.. എന്ന ആ സാന്ത്വനം ഇപ്പോഴും ഓർമയിലുണ്ട്. ഓളവും തീരവും എന്ന കഥ ചെയ്യാൻ അവസരംകൈവന്നതും പ്രിയദർശൻ ഭാഗ്യമായി കരുതുന്നു.
നഖക്ഷതങ്ങൾക്ക് ആ പേരുവന്ന കഥ
എം.ടിയോടുള്ള ആദരവും ഇഷ്ടവും കാരണം വിങ്ങിപ്പൊട്ടിയാണ് നടൻ വിനീതും സംസാരം തുടങ്ങിയത്. എം.ടിയുടെ പത്നിയും തന്റെ നൃത്താധ്യാപികയുമായ കലാമണ്ഡലം സരസ്വതി ടീച്ചറിലൂടെ എം.ടി. സിനിമകളിൽ അവസരം ലഭിച്ചതിനെക്കുറിച്ച് സംസാരിച്ചു. എം.ടി. സംഭാഷണങ്ങളുടെ ശക്തിയും സെറ്റിലെ ഓർമകളുമെല്ലാം വിവരിച്ചു. നഖക്ഷതങ്ങൾ എന്ന സിനിമയ്ക്ക് ആ പേരുവന്നതിന്റെ കഥയും പറഞ്ഞു.
കോഴിക്കോട്ടെ ഒരു ഹോട്ടലിലേക്ക് ഓട്ടോറിക്ഷയിൽ എംടി. തന്നെ കൊണ്ടുപോയി. അവിടെവെച്ച് എം.ടി.യും ഹരിഹരനും ചേർന്ന് ഒ.എൻ.വി.ക്ക് ആ സിനിമയുടെ കഥ വിശദീകരിച്ചുകൊടുക്കുകയായിരുന്നു. നായിക നഖമുപയോഗിച്ച് നായകന്റെ കൈത്തണ്ടയിൽ മുറിവേല്പിച്ച സന്ദർഭം വിവരിക്കുകയായിരുന്നു. ഈ സന്ദർഭം കേട്ട ഒ.എൻ.വി. സിനിമയ്ക്ക് മൂന്നുപേരുകൾ നിർദേശിച്ചു. അതിലൊന്ന് എം.ടി. തിരഞ്ഞെടുക്കുകയായിരുന്നു-അതാണ് നഖക്ഷതങ്ങൾ -വിനീത് ഓർക്കുന്നു.
ഇനിയെനിക്ക് ഓസ്കർ പോലും വേണ്ട -ലാൽജോസ്
എം.ടി.യുടെ നീലത്താമര പുതുതായിചെയ്ത് അത് എം.ടി.യെ കൊണ്ടുപോയി കാണിച്ചപ്പോഴുണ്ടായ അനുഭവം ലാൽ ജോസ് വിവരിച്ചു. ക്ഷമയോടെ ബീഡിയും വലിച്ചിരുന്ന് എല്ലാംകണ്ട എം.ടി. ഒടുവിൽ പറഞ്ഞു: ‘കുഞ്ഞിമാളുവിന്റെ സങ്കടം മാത്രമേ ഞാൻ അഡ്രസ് ചെയ്തുള്ളൂ. നീ ആ രോഷം കൂടി അഡ്രസ് ചെയ്തു. എം.ടി. ഇങ്ങനെ പറഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം.. ഇനിയെനിക്ക് ഓസ്കർ കിട്ടിയില്ലെങ്കിലും ഒരു തേങ്ങയുമില്ല!’. പത്തുദിവസം മുഴുവൻ ഈ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് കൊച്ചിയിൽ എം.ടിക്കൊപ്പം കഴിഞ്ഞതും ഓർക്കുന്നു.
ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. അനിൽ കോവിലകം, കമൽനാഥ് എന്നിവർ സംസാരിച്ചു.
'ഓളവും തീരവും' പ്രദർശനം ഇന്ന്
തിരൂർ : നവതി ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയകഥാകാരൻ എം.ടി.വാസുദേവൻ നായർക്കുള്ള ആദരവായി ചലച്ചിത്ര അക്കാദമി 'ഓളവും തീരവും' എന്ന ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പ് പ്രദർശിപ്പിക്കും. വെള്ളിയാഴ്ച അഞ്ചിന് തിരൂർ തുഞ്ചൻ പറമ്പിൽ സാംസ്‌കാരിക വകുപ്പും തുഞ്ചൻ സ്മാരക ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന 'സാദരം എം.ടി ഉത്സവ'ത്തിന്റെ ഭാഗമായാണ് പ്രദർശനം ഒരുക്കുന്നത്.
ചിത്രത്തിന്റെ പുതിയ പതിപ്പിന്റെ ആദ്യപ്രദർശനത്തിനു മുന്നോടിയായി നടക്കുന്ന ചടങ്ങിലും തുടർന്നുള്ള പ്രദർശനത്തിലും എം.ടി. വാസുദേവൻ നായർ പങ്കെടുക്കും. പി.നന്ദകുമാർ എം.എൽ.എ., ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, സെക്രട്ടറി സി.അജോയ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച നടൻ മധുവിന്റെ ആശംസാ വീഡിയോ ചടങ്ങിൽ പ്രദർശിപ്പിക്കും.
എം.ടി. തിരക്കഥയെഴുതി പി.എൻ.മേനോൻ സംവിധാനം ചെയ്ത 'ഓളവും തീരവും' 1970 ഫെബ്രുവരി 27-നാണ് പ്രദർശനത്തിനെത്തിയത്. മികച്ച ചിത്രം, ഛായാഗ്രഹണം, തിരക്കഥ, മികച്ച രണ്ടാമത്തെ നടി എന്നീ വിഭാഗങ്ങളിൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ചിത്രം മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് തുടക്കമിട്ട നാഴികക്കല്ലുകളിലൊന്നാണ്. പി.എ.ബക്കർ നിർമിച്ച് മധു, ഉഷാനന്ദിനി, ജോസ് പ്രകാശ് എന്നിവർ വേഷമിട്ടിരിക്കുന്ന ചിത്രത്തിന്റെ ദൈർഘ്യം രണ്ടു മണിക്കൂർ അഞ്ചു മിനിറ്റാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..