സാദരം എം.ടി. ഉത്സവം പരിപാടിയുടെ ഭാഗമായി നടന്ന ‘എം.ടി. എന്ന പത്രാധിപർ’ പ്രഭാഷണ പരിപാടിയിൽ കെ.സി. നാരായണനെ എം.എൻ. കാരശ്ശേരി പ്രസംഗിക്കാൻ ക്ഷണിക്കുന്നു. ഡോ. അനിൽ വള്ളത്തോൾ, കെ.വി. രാമകൃഷ്ണൻ, വെങ്കിടേഷ് രാമകൃഷ്ണൻ, ജി.കെ. രാംമോഹൻ, കെ.എസ്. വെങ്കിടാചലം എന്നിവർ സമീപം ഫോട്ടോ: അജിത് ശങ്കരൻ
തിരൂർ : കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ നവോത്ഥാനമൂല്യമുള്ള പത്രാധിപരാണ് എം.ടി.യെന്നും ലോകത്തിലേക്കു തുറന്നുവെച്ച വാതിലാണ് അദ്ദേഹമെന്നും പത്രപ്രവർത്തകനായ വെങ്കിടേഷ് രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. തിരൂർ തുഞ്ചൻപറമ്പിൽ ‘സാദരം എം.ടി. ഉത്സവ’ത്തിന്റെ ഭാഗമായി വ്യാഴാഴ്ച നടന്ന ‘എം.ടി.എന്ന പത്രാധിപരെ’ക്കുറിച്ചുള്ള പ്രഭാഷണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ എന്ന നിലയിൽ പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിലും പുതിയ ഭാവുകത്വം രൂപപ്പെടുത്തുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചു. പുതിയ വിജ്ഞാനങ്ങളെ മലയാളികൾക്കു പരിചയപ്പെടുത്തി. യുക്തിവാദത്തെയും ആചാരങ്ങളെയുംപോലെ വിരുദ്ധമെന്നു തോന്നാവുന്ന വിഷയങ്ങളുൾപ്പെടെ എല്ലാതരത്തിലുമുള്ള സാമൂഹികരാഷ്ട്രീയധാരകളെയും വിജ്ഞാനങ്ങളെയും ഉൾക്കൊണ്ട് ആഴ്ചപ്പതിപ്പിൽ സമഗ്രമായ ഉള്ളടക്കമൊരുക്കി -രാമകൃഷ്ണൻ പറഞ്ഞു.
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ മൂന്നരപ്പതിറ്റാണ്ടുകൊണ്ട് മലയാളസാഹിത്യചരിത്രത്തിൽ പുഷ്കലമായ ഒരു കാലം സൃഷ്ടിക്കാൻ എം.ടി.ക്കായെന്ന് എം.ടി.യുള്ളപ്പോൾ കുറച്ചുകാലം മാതൃഭൂമിയിൽ പ്രവർത്തിച്ച ഡോ. എം.എൻ. കാരശ്ശേരി അഭിപ്രായപ്പെട്ടു. എം.ടി. കൊണ്ടുവന്ന മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരം എഴുപതുകൾമുതൽ കാമ്പസുകളിൽ ഉണ്ടാക്കിയ പ്രകമ്പനം ചെറുതല്ല. അറുപത്തെട്ടാമത്തെ വയസ്സിൽ ലളിതാംബിക അന്തർജനത്തെക്കൊണ്ട് അഗ്നിസാക്ഷി എഴുതിച്ചത് എം.ടി.യുടെ പ്രേരണയാണ്. മുപ്പതുവർഷം കുട്ടേട്ടനായ കുഞ്ഞുണ്ണി മാഷെ കണ്ടെത്തിയതും എം.ടി.യാണ് -കാരശ്ശേരി പറഞ്ഞു.
മലയാളത്തിലെ മികച്ച ഡ്രാക്കുള വിവർത്തനമായി പരിഗണിക്കപ്പെടുന്ന വിവർത്തനകൃതിക്ക് എം.ടി.തന്നെ പ്രേരിപ്പിച്ച അനുഭവം മുൻപ് ആഴ്ചപ്പതിപ്പിൽ ജോലിചെയ്ത കവി കെ.വി. രാമകൃഷ്ണൻ ഓർമിച്ചു. അദ്ദേഹത്തിന്റെ നിർബന്ധമില്ലായിരുന്നെങ്കിൽ താനത് എഴുതില്ലായിരുന്നു. സഹപ്രവർത്തകർക്ക് സ്വാതന്ത്ര്യംതരുന്ന, അവരുടെ പ്രവർത്തനമേഖലയിലേക്ക് അനാവശ്യമായി കടന്നുകയറാത്ത സ്വഭാവക്കാരനുമായിരുന്നു എം.ടി. എന്ന പത്രാധിപർ. എന്നാൽ പറയേണ്ടത് മുഖത്തുനോക്കി പറയുകയും ചെയ്യും -രാമകൃഷ്ണൻ വിലയിരുത്തി.
എഴുത്തുകാരൻ, പത്രാധിപർ, സിനിമക്കാരൻ എന്നീ മൂന്നുമേഖലകളിലും വിജയിക്കാൻ കഴിഞ്ഞ മറ്റൊരാൾ മലയാളത്തിലില്ലെന്നായിരുന്നു കെ.സി. നാരായണന്റെ അഭിപ്രായം.
മൂന്നുമേഖലയ്ക്കുംവേണ്ട മനോവ്യാപാരങ്ങൾ വ്യത്യസ്തമാണ്. സാഹിത്യപത്രപ്രവർത്തനത്തിൽ മാത്രമല്ല പൊതുപത്രപ്രവർത്തനത്തിലും വ്യക്തമായ കാഴ്ചപ്പാടുകൾ എം.ടി.ക്കുണ്ട് -മാതൃഭൂമിയിൽ താൻ ജോലിചെയ്തിരുന്ന കാലത്തെ അനുഭവം മുൻനിർത്തി കെ.സി. പറഞ്ഞു.
മലയാള സർവകലാശാലാ മുൻ വൈസ് ചാൻസലർ അനിൽ വള്ളത്തോൾ, ജി.കെ. രാംമോഹൻ എന്നിവർ സംസാരിച്ചു.
തുടർന്ന് എം.ടി.യുടെ നിർമ്മാല്യം സിനിമാപ്രദർശനം,, ഷെർലക് എന്ന കഥയ്ക്ക് സതീഷ് കെ. സതീഷ് ഒരുക്കിയ നാടകാവിഷ്കാരം, എടപ്പാൾ വിശ്വനാഥനും സംഘവും അവതരിപ്പിച്ച എം.ടി. സിനിമകളിലെ ഗാനങ്ങളുടെ അവതരണം എന്നിവ നടന്നു.പ്രഭാഷണങ്ങളിൽ നിറഞ്ഞ് മാതൃഭൂമിക്കാലം


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..