• പുതുക്കിപ്പണിയുന്ന കോട്ടയ്ക്കൽ കോട്ടപ്പടി കാക്കത്തോട് പാലം
കോട്ടയ്ക്കൽ : ദീർഘനാളത്തെ നാട്ടുകാരുടെ ആവശ്യമായിരുന്ന കോട്ടയ്ക്കൽ, കോട്ടപ്പടി കാക്കത്തോട് പാലം പുതുക്കിപ്പണിയാൻ ഒടുവിൽ ഭരണാനുമതിയായി. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ ഇടുങ്ങിയ പാലത്തിലൂടെയാണ് ദിവസേന ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്നത്. സ്ഥലപരിമിതി കാരണം വാഹനങ്ങൾ പാലത്തിൽ കുടുങ്ങുന്നത് പതിവാണ്. കാൽനടക്കാർക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. 2006-2011 ൽ ഇത് വഴിയുള്ള റോഡ് വീതികൂട്ടി റബ്ബറൈസ് ചെയ്ത് നവീകരിച്ചിരുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പാലം പുതുക്കിപ്പണിയുന്നതിനായി ബജറ്റിൽ ടോക്കൺ പദ്ധതിയായി ഉൾപ്പെടുത്തിയിരുന്നു.
തുടർന്ന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യുട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും മണ്ണ് പരിശോധന ഉൾപ്പെടെ നടത്തി ഡി.പി.ആർ. തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭരണാനുമതി ഇല്ലാത്തതിനാൽ പദ്ധതി നടപ്പായില്ല. പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സി.പി.എം. പ്രാദേശിക നേതൃത്വം വിഷയം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതോടെ പദ്ധതി പരിശോധിച്ച് ഭരണാനുമതി നൽകാൻ മന്ത്രി നിർദേശംനൽകി. അഞ്ച് കോടി 16 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. പാലം വീതികൂട്ടി നിർമിക്കുന്നതിനൊപ്പം രണ്ട് വശത്തായി ഫുട്‌പ്പാത്തും കൈവരികളും നിർമിക്കും. കൂടാതെ കോട്ടയ്ക്കൽ ഭാഗത്തേക്ക് 50 മീറ്ററും കോട്ടപ്പടി ഭാഗത്തേക്ക് 200 മീറ്റവും നീളത്തിൽ റോഡ് ഉയർത്തി മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാനുള്ള അപ്രോച്ച് റോഡും പദ്ധതിയിൽ ഉൾപ്പെടുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..